പാർട്ടിക്കെതിരെ നടത്തിയ വിമർശനം; പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഐഎം പത്തനംതിട്ട ജില്ലാ നേതൃത്വം

പത്തനംതിട്ട: സംസ്ഥാനസമിതിയിലേക്ക് പരിഗണിക്കാത്തതിൽ അതൃപ്തി പരസ്യമാക്കിയ എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഐഎം പത്തനംതിട്ട ജില്ലാ നേതൃത്വം. പത്മകുമാറിനെ പാര്‍ട്ടി നടപടിക്ക് സാധ്യതയുണ്ട്. പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റും മാധ്യമങ്ങളോടുള്ള പ്രതികരണവും ഗുരുതര അച്ചടക്കലംഘനമെന്ന് വിലയിരുത്തല്‍. മറ്റന്നാള്‍ ചേരുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിഷയം ചര്‍ച്ചയാകും. പത്മകുമാറുമായി പാര്‍ട്ടി ആശ വിനിയം നടത്തിയിട്ടില്ലെന്നാണ് വിവരം. ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത് സ്വന്തം തീരുമാനപ്രകാരമെന്നും സൂചനയുണ്ട്.ബുധനാഴ്ച ചേരുന്ന പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിൽ എ പത്മകുമാറിനെതിരെ രൂക്ഷവിമർശനം ഉയർന്നേക്കും. സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ അവസാന ദിവസം എ പത്മകുമാർ പാർട്ടിക്കെതിരെ നടത്തിയ വിമർശനം തെറ്റെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം.

മുമ്പ് ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിൽ നടന്ന കയ്യാങ്കളിയിൽ ജില്ലാ നേതൃത്വം എ പത്മകുമാറിനെ സംരക്ഷിച്ച് നിലപാട് എടുത്തിരുന്നു. വിഷയം സംസ്ഥാന കമ്മിറ്റി ചർച്ചചെയ്യുമെന്നായപ്പോൾ ജില്ലാ നേതൃത്വം പത്മകുമാറിന് താക്കീത് നൽകിയിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായിരുന്നു ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എ പത്മകുമാറും പി ബി ഹർഷകുമാറും തമ്മിൽ കയ്യാങ്കളി ഉണ്ടായത്. കയ്യാങ്കളി നടന്നിട്ടില്ല എന്ന് അന്നത്തെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു വ്യക്തമാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

52 വർഷത്തെ പാർട്ടി പ്രവർത്തനത്തിന് തനിക്ക് ലഭിച്ചത് വഞ്ചനയും അവഹേളനവും ചതിയുമാണെന്നാണ് പത്മകുമാർ ഫേസ്ബുക്കിൽ കുറിച്ചത്. തനിക്ക് കുറെ പ്രയാസങ്ങൾ ഉണ്ട്. പാർട്ടി സംസ്ഥാന സമ്മേളനം കഴിഞ്ഞു. നമ്മളൊക്കെ വെളിയിലും മറ്റു പലരും അകത്തുമായി. അതിന്റെ പ്രയാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ പാർട്ടിയിൽ സ്ഥാനമാനങ്ങൾ പ്രതീക്ഷിക്കുന്നില്ല. താൻ ചെറിയൊരു മനുഷ്യനാണ്. പാർട്ടി സംസ്ഥാന കമ്മിറ്റിയിലേക്ക് ഉൾപ്പെടെ ആളുകളെ എടുക്കുമ്പോൾ സംഘടനാ പ്രവർത്തനം നടത്തുന്നവരെ പരിഗണിക്കണം. ദേശാഭിമാനി വരിക്കാരെ ചേർക്കുന്നവർ ഉൾപ്പെടെയുള്ളവരെ പരിഗണിക്കണം. പാർലമെന്ററി രംഗത്തെ പരിചയം മാത്രം നോക്കരുതെന്നും അദ്ദേഹം കുറിച്ചു. തന്റെ അതൃപ്തി പാർട്ടി സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ വിവാദങ്ങൾ ഉയർന്നതോടെ പത്മകുമാർ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചിരുന്നു.

Top