പത്തനംതിട്ട: പദ്മകുമാറിനെ മാറ്റുമോ ?മാറ്റും എന്ന് ചർച്ച തുടങ്ങിയിട്ട് കുറച്ചായി .എന്നാൽ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തുനിന്നും തെറിക്കുമെന്ന് കരുതുന്ന എ. പദ്മകുമാര്‍ രാജിവെക്കുന്ന പ്രശ്‌നമില്ലെന്ന് വ്യക്തമാക്കി .താൻ കാലാവധി പൂര്‍ത്തിയാക്കിയിരിക്കുമെന്നും പദ്മകുമാര്‍ പ്രതികരിച്ചു.ദേവസ്വം കമ്മീഷണറോട് വിശദീകരണം തേടിയിട്ടില്ല. വിശദീകരണം തേടലും റിപ്പോര്‍ട്ട് ആവശ്യപ്പെടലും തമ്മില്‍ വ്യത്യാസമുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും എ. പത്മകുമാര്‍ പറഞ്ഞു.
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സാവകാശ ഹരജിക്ക് പ്രസക്തിയുണ്ടെന്ന് പത്മകുമാര്‍ പറഞ്ഞിരുന്നു. താനും ദേവസ്വം കമ്മീഷണറുമായി അഭിപ്രായ ഭിന്നതയില്ലെന്നും എന്നാല്‍ കമ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പൊളിറ്റിക്കല്‍ നോമിനിയാണ്. എന്നാല്‍ സ്ഥാനമേറ്റെടുത്താല്‍ പിന്നെ രാഷ്ട്രീയപ്രവര്‍ത്തനം പാടില്ലെന്നാണ് പതിവുരീതിയെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം കമ്മീഷണര്‍ എന്‍.വാസുവും അംഗങ്ങളായ ശങ്കര്‍ദാസും വിജയകുമാറും തീരുമാനങ്ങളെടുത്ത് നടപ്പാക്കുന്നുവെന്നും ഒരു കാര്യവും താനുമായി കൂടിയാലോചിക്കുന്നില്ല എന്നും പത്മകുമാര്‍ പരാതിപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.സ്ത്രീപ്രവേശനത്തില്‍ ബോര്‍ഡ് നിലപാട് മാറ്റിയതും തന്നെ അറിയാക്കാതെയാണെന്നും അദ്ദേഹം പറഞ്ഞതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍.ഇന്നലെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഫോണില്‍ വിളിച്ച് പത്മകുമാര്‍ ബോര്‍ഡില്‍ മറ്റുള്ളവര്‍ നടത്തുന്ന ഇടപെടലുകളിലെ അതൃപ്തി പറഞ്ഞതായും സൂചനകളുണ്ടായിരുന്നു.