
ആധാർ കാർഡ് കൈവശമില്ലാതിരുന്ന ഒന്പതാം ക്ലാസ് വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂരമർദനം. മുംബൈയിലെ ഘാട്ട്കോപ്പറിലുള്ള ഓക്സ്ഫഡ് ഇംഗ്ലീഷ് ഹൈസ്കൂളിലാണ് സംഭവം. ആധാർ കാർഡ് കൈവശമുള്ളവരുടെ കണക്കെടുക്കുന്നതിനിടെ വിദ്യാർഥിയുടെ കയ്യിലും മുഖത്തും ചൂരലു കൊണ്ടുള്ള അടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അധ്യാപകനായ ശ്യാം ബഹദൂർ വിശ്വകർമ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം വിദ്യാർഥികളുടെ ആധാർ വിവരങ്ങൾ ശേഖരിക്കുന്നതിടെ അധ്യാപകൻ വിദ്യാർഥിയെ മർദിക്കുകയായിരുന്നു. മർദന വിവരമറിഞ്ഞ് വിദ്യാർഥിയുടെ മാതാപിതാക്കൾ സ്കൂളിലെത്തിയെങ്കിലും മർദിച്ച കാര്യം അധ്യാപകൻ ആദ്യം നിഷേധിച്ചു. എന്നാൽ ക്ലാസ്മുറിയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ വാസ്തവം പുറത്തുവന്നു. മാതാപിതാക്കളുടെ പരാതിയിൽ ശ്യാം ബഹദൂറിനെതിരെ ഐപിസി 323, 324, 375 കുറ്റങ്ങൾ ചുമത്തി കേസെടുത്തു. അധ്യാപകനെ അന്വേഷണ വിധേയമായി സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.