പ്രധാനമന്ത്രിയെ പിന്തുണച്ച് സല്‍മാന്‍ഖാനും ഐശ്വര്യാറായിയും ആമീര്‍ഖാനും; ബോളിവുഡിന്റെ പിന്തുണ മോദിയ്ക്ക്

മുംബൈ: കള്ളപ്പണവേട്ടയുടെ ഭാഗമായി 500, 1000 നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രിയുടെ നടപടിയെ പ്രകീര്‍ത്തിച്ച് ബോളിവുഡ് താരങ്ങള്‍ രംഗത്ത്. ആമീര്‍ ഖാന്‍ , ഐശ്വര്യ റായ്, സല്‍മാന്‍ ഖാന്‍ തുടങ്ങിയവരാണ് നടപടിക്ക് പിന്തുണ നല്‍കിയിരിക്കുന്നത്. ഭാവിയില്‍രാജ്യത്തിന് ഗുണം ചെയ്യുമെങ്കില്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി നല്ലതാണെന്നാണ് ആമീര്‍ ഖാന്‍ പറയുന്നത്. സര്‍ക്കാരിന്റെ ഈ നടപടി തന്റെ പുതിയ ചിത്രമായ ദംഗലിന്റെ റിലീസിനെ ബാധിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ആമീര്‍.

ദീര്‍ഘകാലത്ത് രാജ്യത്തെ ജനങ്ങളെ എങ്ങിനെ ബാധിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. ഒരു ചെറിയ കാലയളവില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളല്ല നമ്മള്‍ പരിഗണിക്കേണ്ടത്. രാജ്യത്തിന് ഗുണം ചെയ്യുന്നുവെങ്കില്‍ എന്റെ സിനിമയക്ക് ഉണ്ടാകുന്ന നഷ്ടത്തിന് ഒട്ടും പ്രസക്തിയില്ല. ആമീര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പണമൊഴുക്ക് സുഗമമല്ലാത്തതിനാല്‍ വ്യത്യസ്ത ഭാഷകളിലായി നിരവധി ചിത്രങ്ങളുടെ റിലീസ് മാറ്റിവച്ചിരിക്കുകയാണ്. ചില്ലറ പ്രതിസന്ധിയെ തുടര്‍ന്ന് തിയ്യറ്ററുകളില്‍ ആളുകള്‍ എത്താത്തതിനാല്‍ ഏറെ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ റോക്ക് ഓണ്‍ 2 പ്രതിസന്ധി നേരിടുകയാണ്.

ഒരു ഇന്ത്യക്കാരിയെന്ന നിലയില്‍ നോട്ട് അസാധു ആക്കിയ നടപടിയില്‍ ആത്മാര്‍ത്ഥമായി പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്ന് ഐശ്വര്യ പറയുന്നു. ഒരു മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ നമുക്ക് പെട്ടന്നു കഴിയണമെന്നില്ല. എന്നാല്‍ ആ മാറ്റം കൊണ്ട് ഗുണം ഉണ്ടാകുന്നുവെങ്കില്‍ ജനങ്ങള്‍ അതിനെ സ്വീകരിക്കും. ഐശ്വര്യ ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.

ഒരു പൊതുപരിപാടിയിലാണ് സല്‍മാന്‍ ഖാന്‍ നോട്ട് അസാധുവാക്കിയ നടപടിയെ പ്രകീര്‍ത്തിച്ച് സംസാരിച്ചത്.പ്രധാനമന്ത്രി നിര്‍ണായകമായ ഒരു ചുവടുവെയ്പ്പാണ് നടത്തിയിരിക്കുന്നത്. കള്ളപ്പണത്തെ തുടച്ചുമാറ്റുന്നതിന് വേണ്ടി അദ്ദേഹം സ്വീകരിച്ചിരിക്കുന്ന ഈ പുതിയ നടപടിയെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. സല്‍മാന്‍ പറഞ്ഞു.

സര്‍ക്കാറിന്റെ പുതിയ പരിഷ്‌കാരത്തെ പിന്തുണച്ചും എതിര്‍ത്തും രാഷ്ട്രീയ- സിനിമാ മേഖലകളിലെ പ്രമുഖര്‍ രംഗത്തുണ്ട്. പണമൊഴുക്ക് സുഗമമല്ലാത്തതിനാല്‍ തിയ്യറ്ററുകളില്‍ ആളില്ലാത്തത് സിനിമ വ്യവസായത്തിന് തിരിച്ചടിയായിട്ടുണ്ട്.

Top