കണ്ണൂര്‍: തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ എതിരാളികളെ വീഴ്ത്താന്‍ പതിനെട്ട് അടവുകളും പയറ്റുകയാണ് ഓരോ പാര്‍ട്ടി പ്രവര്‍ത്തകരും. കൊല്ലുമെന്നുള്ള ഭീഷണി വരെ മുഴക്കി കഴിഞ്ഞു. കൊലപാതക രാഷ്ട്രീയമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. രാഷ്ട്രീയ എതിരാളികളുടെ വീടിന് മുന്നില്‍ റീത്തും ഭീഷണക്കത്തും വച്ചാണ് ഭയപ്പെടുത്താന്‍ ശ്രമിക്കുന്നത്.
അബ്ദുള്ളക്കുട്ടിയുടെ വീടിന് മുന്നിലാണ് ഇങ്ങനെയൊരു കാഴ്ച കണ്ടത്. ഇതിന് പിന്നില്‍ സിപിഎമ്മാണെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു. തലശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് എ പി അബ്ദുള്ളക്കുട്ടി. തെരഞ്ഞെടുപ്പു കാലത്ത് അക്രമവും ബോംബേറുമൊക്കെ കണ്ണൂരില്‍ പതിവു സംഭവമാണെങ്കിലും കുടുംബയോഗം നടത്തിയ വീട്ടിനു മുന്നില്‍ റീത്ത് വച്ച് ഭീഷണി ഉയര്‍ത്തിയത് ഇത് പുതിയ സംഭവമാണ്.
പൊന്ന്യം പാലം തെക്കേ തയ്യില്‍ മറിയാസില്‍ കോട്ടയില്‍ നാസറിന്റെ വീട്ടു മുറ്റത്താണ് റീത്തും കത്തും കണ്ടത്. ഒരു നാടിനെ വര്‍ഗ്ഗീയ വല്‍ക്കാരിക്കാനുള്ള നിന്റെ ശ്രമങ്ങള്‍ നമ്മള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഞങ്ങളുടെ കണ്ണുകള്‍ നിന്റെ പിറകിലുണ്ട്. ഇത് നിനക്കുള്ള താക്കീതല്ല മുന്നറിയിപ്പ് മാത്രം. ഈ തെരഞ്ഞെടുപ്പിലെ നിന്റെ വിധിയോര്‍ത്ത് നീ കരയേണ്ടി വരും. ഓര്‍ത്തോളൂ നാസറേ ഇനി മുന്നറിയിപ്പില്ല. പറഞ്ഞല്ല ശീലം ചെയ്താണ്, എന്നാണ് റീത്തിന് മുകളില്‍ വച്ച കത്തില്‍ എഴുതിയിരിക്കുന്നത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഈ വിഷയം ഉന്നയിച്ച് സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ രംഗത്തിറങ്ങാനാണ് അബ്ദുള്ളക്കുട്ടിയുടെ തീരുമാനം. സ്ഥലത്തെത്തി അബ്ദുള്ളക്കുട്ടി വീട് സന്ദര്‍ശിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണവും തുടങ്ങിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ സിപിഐ(എം) പ്രവര്‍ത്തകാണെന്നാണ് അബ്ദുള്ളക്കുട്ടി ആരോപിക്കുന്നത്. സംഭവത്തില്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അബ്ദുള്ളക്കുട്ടി തുറന്ന കത്തും അയച്ചിട്ടുണ്ട്.
പ്രിയപ്പെട്ട സഖാവ് കോടിയേരിക്ക്
അങ്ങയുടെ മണ്ഡലമായ തലശ്ശേരിയില്‍ ഇക്കുറി ഞാനൊരു സ്ഥാനാര്‍ത്ഥിയാണെന്ന് അറിയാമല്ലോ. കഴിഞ്ഞ നിയമസഭയിലെ ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയിലും കൂടിയാണ് ഞാനീ കത്തെഴുതുന്നത്. സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് പല തടസ്സങ്ങളും നിരന്തരം ഉണ്ടാകുകയാണ്. പ്രചാരണ സാമഗ്രികള്‍ നശിപ്പിക്കുക, ബോര്‍ഡുകള്‍ കീറുക, എടുത്തുകൊണ്ടുപോകുക, പോസ്റ്ററുകള്‍ നശിപ്പിക്കുക, സ്ഥാപനങ്ങളില്‍ ചെന്ന് വോട്ട് ചോദിക്കുന്നത് തടയുക, കുടുംബയോഗം സംഘടിപ്പിച്ച വീടുകളില്‍ ചെന്ന് ഭീഷണിപ്പെടുത്തുക, റീത്തുവെക്കുക, കുത്തുവാക്കുകള്‍ എഴുതിവെക്കുക, പ്രവര്‍ത്തകരെ മര്‍ദിക്കുക എന്നിവയൊക്കെ നടക്കുന്ന കാര്യം എന്റെ പഴയ സഹപ്രവര്‍ത്തകര്‍ കൂടിയായ അങ്ങയുടെ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിമാര്‍ എം.വി ജയരാജന്‍, വി.കെ രാഗേഷ്, വി. ഹരിദാസന്‍ എന്നിവരോടൊക്കെ ഞാന്‍ പറഞ്ഞിരുന്നു.
അവരൊക്കെ നിസ്സഹായരും ഇരുട്ടിന്റെ ശക്തികളെ നിയന്ത്രിക്കാന്‍ പറ്റാത്തവരുമാണെന്ന് തുടര്‍ന്ന് പോരുന്ന ഇത്തരം കാര്യങ്ങളിലൂടെ എനിക്ക് മനസ്സിലായി. അങ്ങ് പാര്‍ട്ടിയുടെ സര്‍വ്വാധിപനാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തുന്ന ഇത്തരം കുത്സിത പ്രവര്‍ത്തനങ്ങളും അക്രമങ്ങളും നിയന്ത്രിക്കുവാനും അതില്‍ നിന്ന് പിന്തിരിപ്പിക്കാനും ഒരു ‘ഫത്വ’ ഇറക്കണമെന്ന് അങ്ങയോട് അഭ്യര്‍ത്ഥിക്കുന്നു. ഇങ്ങനെ പോകുന്നു അബ്ദുള്ളക്കുട്ടിയുടെ കത്ത്.