അഭയ കൊലക്കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശിക്ഷിക്കപ്പെട്ട പ്രതികൾ ഇന്ന് അപ്പീൽ സമർപ്പിക്കും.സാക്ഷി മൊഴികൾ മാത്രം അടിസ്ഥാനമാക്കി കൊലക്കുറ്റം നിലനിൽക്കില്ലാന്ന് വാദമുഖം ഉയർത്തും

കൊച്ചി:ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ട വിവാദമായ സിസ്റ്റർ അഭയ കൊലക്കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയിൽ ഇന്ന് അപ്പീൽ സമർപ്പിക്കും. കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് പ്രതികളായ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സ്റ്റെഫി എന്നിവർ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുന്നത്.സാക്ഷി മൊഴികൾ മാത്രം അടിസ്ഥാനമാക്കി കൊലക്കുറ്റം ചുമത്തിയ നടപടി നിയമപരമായി നിലനിൽക്കില്ലെന്നാണ് പ്രതികളുടെ വാദം. അടയ്ക്കാ രാജുവിന്റെ മൊഴിയിലെ ആധികാരികതയും ചോദ്യം ചെയ്യപ്പെട്ടേക്കും.കൂടാതെ അപ്പീൽ തീർപ്പാകും വരെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടും.മുതിർന്ന അഭിഭാഷകൻ ബി.രാമൻപിള്ള മുഖേനയാണ് ഹർജി നൽകുക. .

കഴിഞ്ഞ ഡിസംബർ 23 നാണ് സിസ്റ്റർ അഭയ കൊലക്കേസിൽ തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി പ്രതികൾക്ക് ജീവപര്യന്തം തടവു ശിക്ഷ വിധിക്കുന്നത്. ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഐപിസി 302, 201 വകുപ്പുകൾ അനുസരിച്ചാണ് ശിക്ഷ. തെളിവ് നശിപ്പിക്കൽ, കൊലപാതകം അടക്കമുള്ള കുറ്റങ്ങൾക്കാണ് ശിക്ഷ. സിസ്റ്റർ സെഫിക്കും ജീവപര്യന്തവും അഞ്ച് ലക്ഷം രൂപയുമാണ് ശിക്ഷ. ഐപിസി 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് ഏഴ് വർഷം തടവും ഇരുവർക്കും വിധിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യന്‍ നിയമ പോരാട്ട ചരിത്രത്തിലെ വിരല്‍ എണ്ണാവുന്ന കേസുകളില്‍ ഒന്നാണ് അഭയ എന്ന കന്യാസ്ത്രീയുടെ കൊലപാതകം. സമ്പത്തും സ്വാധീനവും  എല്ലാം പ്രതികള്‍ക്കൊപ്പം നിഴലുപോലെ സഞ്ചരിച്ചിട്ടും രക്ഷപെടാനുള്ള വാതില്‍ നീതി ദേവത തുറന്നില്ല. അതുകൊണ്ട് ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ കേസ് എന്നാണ് അഭയയുടെ കൊലപാതകത്തെ പലരും വിശേഷിപ്പിക്കുന്നത്. മൂന്ന് പതിറ്റാണ്ടോളം നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവിലാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്.

അഭയ കേസ് നാൾവഴികൾ :

1992 മാര്‍ച്ച് 27: രാവിലെ കോട്ടയം പയസ് ടെണ്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടെത്തി.

1992 മാര്‍ച്ച് 31: കൊലപാതകം ആത്മഹത്യയാക്കാന്‍ ലോക്കല്‍ പൊലീസ് ശ്രമിക്കുന്നെന്ന് ആരോപിച്ച് കോട്ടയം നഗരസഭാ ചെയര്‍മാന്‍ പി.സി.ചെറിയാന്‍ മടുക്കാനി പ്രസിഡന്റും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കണ്‍വീനറുമായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോട്ടയത്ത് സമരം തുടങ്ങി.

1992 ഏപ്രില്‍ 14: അഭയ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ലോക്കല്‍ പൊലീസിലും ക്രൈംബ്രാഞ്ചിലും വിശ്വാസമില്ലെന്ന് അഭയയുടെ വീട്ടുകാര്‍.

ജനുവരി 30: അഭയയുടെ മരണം ആത്മഹത്യയാണെന്നു കാണിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ച് കോട്ടയം ആര്‍.ഡി.ഒ. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

1993 മാര്‍ച്ച് 29: ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് അഭയ ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. സി.ബി.ഐ ഡിവൈ.എസ്.പി. വര്‍ഗീസ് പി. തോമസിന് അന്വേഷണ ചുമതല.

1993 ഏപ്രില്‍ 26: എറണാകുളം സി.ജെ.എം കോടതിയില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. സി.ബി.ഐ കൊച്ചി യൂണിറ്റ് ഡിവൈ.എസ്.പി വര്‍ഗീസ് പി. തോമസിന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘം അഭയയുടെ മരണം കൊലപാതകമെന്ന് ആറു മാസത്തിനുള്ളില്‍ കണ്ടെത്തുന്നു. സി.ബി.ഐയുടെ കേസ് ഡയറിയില്‍ കൊലപാതകമാണെന്ന് രേഖപ്പെടുത്തുന്നു.

1994 ജനുവരി 19: വര്‍ഗീസ് പി. തോമസിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. അഭയയുടെ മരണം ആത്മഹത്യയാക്കാന്‍ അന്നത്തെ സി.ബി.ഐ എസ്.പി. വി. ത്യാഗരാജന്‍ സമ്മര്‍ദം ചെലുത്തിയെന്നും വഴങ്ങാത്തതിന് പീഡിപ്പിച്ചെന്നും എറണാകുളത്ത് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി. റിട്ടയര്‍മെന്റിന് ഏഴ് വര്‍ഷം ബാക്കിയുള്ളപ്പോള്‍ സി.ബി.ഐയിലെ ജോലി രാജിവച്ചായിരുന്നു പത്രസമ്മേളനം. അഭയയുടെ മരണം ആത്മഹത്യയെന്നു റിപ്പോര്‍ട്ടെഴുതിയ ക്രൈംബ്രാഞ്ച് അവരുടെ പക്കലുണ്ടായിരുന്ന തൊണ്ടി സാധനങ്ങള്‍ കത്തിച്ചുകളഞ്ഞതായും വര്‍ഗീസ് പി.തോമസ് വെളിപ്പെടുത്തി.

വിഷയം  കേരള എം.പിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചു.

1994 ജൂണ്‍ 2: അന്നത്തെ സി.ബി.ഐ ഡയറക്ടര്‍ കെ. വിജയരാമറാവുവിനെ എം.പിമാരായ ഒ.രാജഗോപാല്‍, ഇ.ബാലാനന്ദന്‍, പി.സി.തോമസ് തുടങ്ങിയവര്‍ കണ്ട് പരാതി നല്‍കി. തുടര്‍ന്ന് ത്യാഗരാജനെ അഭയ കേസിന്റെ മേല്‍നോട്ടത്തില്‍ നിന്ന് ഒഴിവാക്കി, ചെന്നൈയിലേക്ക് സ്ഥലം മാറ്റുന്നു.

സി.ബി.ഐയുടെ അന്നത്തെ ഡി.ഐ.ജി. എം.എല്‍.ശര്‍മയുടെ നേതൃത്വത്തിലുളള സംഘത്തിന് അന്വേഷണച്ചുമതല കൈമാറി..

1996 നവംബര്‍ 26: ഒരുവര്‍ഷത്തോളം നീണ്ട സി.ബി.ഐ. അന്വേഷണം. അഭയയുടേത് കൊലപാതകമാണെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിയുന്നില്ലെന്നു കാണിച്ച് അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി എറണാകുളം സി.ജെ.എം കോടതിയില്‍ സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ട് തള്ളി സി.ബി.ഐക്ക് കോടതിയുടെ വിമര്‍ശനം

1997 മാര്‍ച്ച് 20: തുടരന്വേഷണത്തിന് കോടതി ഉത്തരവ്. സത്യസന്ധമായി കേസ് അന്വേഷിക്കാന്‍ കോടതിയുടെ നിര്‍ദേശം.

1999 ജൂലായ് 12: അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ രണ്ടാം തവണയും സി.ബി.ഐയുടെ റിപ്പോര്‍ട്ട്. നിര്‍ണായക തെളിവുകളെല്ലാം പൊലീസ് നശിപ്പിച്ചതിനാല്‍ പ്രതികളെ പിടികൂടാനായില്ലെന്നും സി.ബി.ഐ.

2000 ജൂണ്‍ 23: റിപ്പോര്‍ട്ട് തള്ളിയ കോടതി വീണ്ടും അന്വേഷണം നടത്തുന്നതിന് പുതിയ ടീമിനെ നിയോഗിക്കാന്‍ ഉത്തരവിട്ടു. ബ്രെയിന്‍ ഫിംഗര്‍ പ്രിന്റിങ്ങ് ഉള്‍പ്പെടെ നൂതന മാര്‍ഗങ്ങള്‍ അന്വേഷണത്തിന് ഉപയോഗിക്കണമെന്നും നിര്‍ദേശിച്ചു.

2001 മേയ് 18: അഭയ കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ സി.ബി.ഐക്ക് ഹൈക്കോടതിയുടെ നിര്‍ദേശം

2001 ഓഗസ്റ്റ് 16: സി.ബി.ഐ ഡി.ഐ.ജി. നന്ദകിഷോറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം പുനരന്വേഷണത്തിന് കോട്ടയത്ത് എത്തി.

2005 ഓഗസ്റ്റ് 30: അഭയ കേസിന്റെ അന്വേഷണം മൂന്നാം തവണയും അവസാനിപ്പിക്കാന്‍ അനുമതി ചോദിച്ച് സി.ജെ.എം കോടതിയില്‍ സി.ബി.ഐ റിപ്പോര്‍ട്ട്

2006 ഓഗസ്റ്റ് 21: സി.ബി.ഐ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണത്തിന് മൂന്നാം തവണയും കോടതി നിര്‍ദേശം. പൊലീസ് തെളിവു നശിപ്പിച്ചെന്നു പറഞ്ഞ് കൈകഴുകാനാകില്ലെന്നും കോടതി.

2007 മേയ്: അഭയ കേസിലെ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ നടന്നുവെന്ന വെളിപ്പെടുത്തലോടെ കേസ് വീണ്ടും ചര്‍ച്ചയാകുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരുന്ന രജിസ്റ്ററില്‍ നിന്ന് അഭയയുടെ റിപ്പോര്‍ട്ട് കാണാതായെന്ന് കോടതിയില്‍ പൊലീസ് സര്‍ജന്റെ റിപ്പോര്‍ട്ട്.

2008 ഒക്ടോബര്‍ 23: സിസ്റ്റര്‍ അഭയ കേസ് സി.ബി.ഐയുടെ കേരള ഘടകം അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.

എസ്.പി. ആര്‍.എം. കൃഷ്ണയുടേയും സി.ബി.ഐ. ഡിവൈ.എസ്.പി ആര്‍.കെ.അഗര്‍വാളിന്റെയും നേതൃത്വത്തില്‍ പ്രത്യേക സംഘം അഭയ കേസിന്റെ അന്വേഷണം ഏറ്റെടുക്കാന്‍ സി.ബി.ഐ ഡയറക്ടറുടെ ഉത്തരവ്.

സി.ബി.ഐ പ്രത്യേക സംഘം പ്രതികളെ ബംഗളൂരുവില്‍ നാര്‍കോ അനാലിസിസ് പരിശോധന നടത്തുന്നു.

2008 നവംബര്‍ 18: കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരും രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയില്‍ പൊലീസ് കറ്റഡിയില്‍

2008 നവംബര്‍ 19: കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫി പൊലീസ് കറ്റഡിയില്‍

2008 നവംബര്‍ 19: അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കോടതി, സി.ബി.ഐ കസ്റ്റഡിയില്‍ വിടുന്നു.

2008 നവംബര്‍ 24: സിസ്റ്റര്‍ അഭയയുടെ കൊലപാതകക്കേസ് അന്വേഷിച്ച മുന്‍ എ.എസ്.ഐ. വി.വി.അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തു. ആത്മഹത്യക്കുറിപ്പില്‍ സി.ബി.ഐ. മര്‍ദിച്ചതായുള്ള ആരോപണം.

2008 ഡിസംബര്‍ 2: പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വയ്ക്കാന്‍ മുഖ്യജുഡീഷയ് മജിസ്ട്രേട്ട് തീരുമാനിക്കുന്നു.

2008 ഡിസംബര്‍ 29: പ്രതികളുടെ ജാമ്യാപേക്ഷ തള്ളുന്നു. ജാമ്യാപേക്ഷ ഹൈക്കോടതി ജഡ്ജി ഹേമയുടെ പരിഗണനയില്‍. സി.ബി.ഐയുടെ വാദങ്ങള്‍ കേസ് നാള്‍വഴിയില്‍ രേഖപ്പെടുത്തിയിട്ടുള്ളവക്ക് വിരുദ്ധമാണെന്ന് ജസ്റ്റിസ് ഹേമ നിരീക്ഷിക്കുന്നു. കേസ് സ്ഥലം മാറ്റണമെന്ന സി.ബി.ഐയുടെ ആവശ്യം ഹൈക്കോടതി തള്ളിക്കളയുന്നു. വിവാദ മുഖപ്രസംഗമെഴുതിയ പത്രത്തിനെതിരെ കോടതിയലക്ഷ്യ കേസ്.

2009 ജനുവരി 2: ജസ്റ്റിസ് ഹേമ പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുന്നു.

ജസ്റ്റിസ് ഹേമയുടെ ഉത്തരവുകള്‍ കേസിനെ സ്തംഭിപ്പിച്ചുവെന്നാരോപിച്ച്, സി.ബി.ഐ. ജസ്റ്റിസ് ബാസന്തിന്റെ ഏകാംഗ ബഞ്ചിനെ സമീപിക്കുന്നു. തനിക്ക് മാത്രമാണ് കേസിന്റെ മേല്‍നോട്ടമെന്ന് ജസ്റ്റിസ് ബസന്ത് ഉത്തരവിട്ടു. ജഡ്ജിമാരുടെ പരസ്യമായ തര്‍ക്കം മാധ്യമങ്ങളിലും നിയമസമൂഹത്തിലും പൊതുജനങ്ങള്‍ക്കിടയിലും ചര്‍ച്ചയായി.
കേസിന്റെ മേല്‍നോട്ടത്തില്‍ നിന്ന് ജസ്റ്റിസ് ബസന്ത് ഒഴിയുന്നു.

2009 ജനുവരി 14: അഭയ കേസിന്റെ മേല്‍നൊട്ടം കേരള ഹൈക്കോടതിയുടെ ഒരു ഡിവിഷന്‍ ബെഞ്ച് ഏറ്റെടുക്കുന്നു.

2011 മാര്‍ച്ച് 16: എറണാകുളം സി.ജെ.എം. കോടതിയില്‍ പ്രതികള്‍ വിടുതല്‍ ഹര്‍ജി നല്‍കി.

2014 മാര്‍ച്ച് 19: തെളിവു നശിപ്പിച്ചെന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹര്‍ജിയില്‍ ക്രൈംബ്രാഞ്ച് എസ്.പി. ആയിരുന്ന കെ.ടി.മൈക്കിള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ബി.ഐ. തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്.

2015 ജൂണ്‍ 30: അഭയ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ.സാമുവലിനെ പ്രതിയാക്കി തിരുവനന്തപുരം സി.ബി.ഐ. കോടതിയില്‍ തുടരന്വേഷണ റിപ്പോര്‍ട്ട്.

2018 ജനുവരി 22: തെളിവു നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് എസ്.പി. ആയിരുന്ന കെ.ടി.മൈക്കിളിനെ നാലാം പ്രതിയാക്കി തിരുവനന്തപുരം സി.ബി.ഐ. കോടതി സ്‌പെഷ്യല്‍ ജഡ്ജി ജെ. നാസറിന്റെ ഉത്തരവ്. മൈക്കിള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

2019 ഏപ്രില്‍ 9: സി.ബി.ഐ. കോടതി ഉത്തരവ് റദ്ദു ചെയ്തു. കേസിന്റെ വിചാരണ വേളയില്‍ തെളിവു ലഭിച്ചാല്‍ സി.ബി.ഐക്ക് പ്രതിയാക്കാമെന്നും കോടതി ഉത്തരവ്.

2018 മാര്‍ച്ച് 7: രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ തിരുവനന്തപുരം സി.ബി.ഐ കോടതി കേസില്‍ നിന്ന് ഒഴിവാക്കുന്നു.

2019 ജൂലൈ 15: മറ്റു രണ്ട് പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി

2019 ഓഗസ്റ്റ് 26: തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ അഭയ കേസിന്റെ വിചാരണ ആരംഭിച്ചു.

2020 ഡിസംബര്‍ 10: ഇരുവാദങ്ങളും പൂര്‍ത്തിയാക്കി അന്തിമ വിധിക്കായി കേസ് 22 ലേക്ക് മാറ്റിവച്ചു.

2020 ഡിസംബര്‍ 22: അഭയ കൊല്ലപ്പെട്ട കേസില്‍ ഫാ. ജോസ് പൂതൃക്കയിലും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് കോടതി. ശിക്ഷ വിധിക്കുന്നത് 23ലേക്ക് മാറ്റിവച്ചു.

ഡിസംബർ 23 ന് കോടതി പ്രതികൾക്ക് ജീവപര്യന്തം തടവു ശിക്ഷ വിധിക്കുന്നു.

Top