സിസ്റ്റര്‍ അഭയ കൊലക്കേസില്‍ വിധി നാളെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഖ്യസാക്ഷി..

കേരളത്തെ ഞെട്ടിച്ച സിസ്റ്റര്‍ അഭയ കൊലക്കേസില്‍ നാളെ വിധി വരികയാണ്. കേസിലെ ദുരൂഹതകള്‍ ഇനിയും പൂര്‍ണ്ണമായി നീങ്ങിയിട്ടില്ല. ഇതിനിടെ കേസിലെ മുഖ്യ സാക്ഷിയായി മാറിയ അടയ്ക്കാ രാജു പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തി. അഭയ കൊല്ലപ്പെട്ട ദിവസം മോഷണത്തിനായി കോണ്‍വെന്റില്‍ എത്തിയ ആളാണ് അടയ്ക്ക രാജു.

അഭയ കൊല്ലപ്പെട്ട ദിവസം പുലർച്ചെ പയസ് ടെൻത്ത് കോൺവെന്റിൽ മോഷ്‌ടിക്കാനെത്തിയപ്പോൾ പ്രതികളായ തോമസ് കോട്ടൂരിനേയും സെഫിയേയും കണ്ടെന്നാണ് രാജുവിന്റെ വെളിപ്പെടുത്തൽ. അഭയയയെ കൊന്നത് താനാണെന്ന് വരുത്തി തീർക്കാൻ ക്രൈംബ്രാഞ്ച് ശ്രമം നടത്തി. ക്രൂരമായ ശാരീരിക പീഡനം ഏറ്റുവാങ്ങേണ്ടി വന്നു. എസ്.പി മൈക്കിളിന്റെ നേതൃത്വത്തിൽ ക്രൂരമായി പീഡിപ്പിച്ചുവെന്നും രാജു പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറ്റം ഏറ്റാൽ വീടും ഭാര്യയ്‌ക്ക് ജോലിയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്‌തുവെന്നും രാജു വെളിപ്പെടുത്തുന്നു. ഇതാദ്യമായാണ് രാജു മാദ്ധ്യമങ്ങൾക്ക് മുന്നിൽ എത്തുന്നത്. അഭയകേസ് വിധി നാളെ വരാനിരിക്കെയാണ് രാജുവിന്റെ വെളിപ്പെടുത്തൽ.

1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത്ത് കോണ്‍വെന്റിന്റെ കിണറ്റിൽ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഭയ കൊലപ്പെട്ട് 28 വർഷങ്ങൾക്കു ശേഷമാണ് രാജ്യം തന്നെ ഉറ്റുനോക്കുന്ന നിർണായക വിധി വരുന്നത്. ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതളളിയ സിസ്റ്റർ അഭയയുടെ മരണം കൊലപാതകമെന്ന് തെളിയിച്ചത് സി ബി ഐയാണ്.

പ്രതികളായ ഫാ തോമസ് കോട്ടൂർ, ഫാ ജോസ് പുതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവർ തമ്മിലുളള ശാരീരിക ബന്ധം അഭയ കണ്ടതിനെ തുടർന്ന് കൊലപ്പെടുത്തി കിണറ്റിലിട്ടുവെന്നാണ് സി ബി ഐ കണ്ടെത്തൽ. അഭയയുടെ ഇൻക്വ‌ിസ്റ്റിൽ കൃത്രിമം കാട്ടിയ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എ എസ് ഐ അഗസ്റ്റിനെയും നാലാം പ്രതിയാക്കി സി ബി ഐ കുറ്റപത്രം സമർപ്പിച്ചു. സി ബി ഐ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പേ അഗസ്റ്റിൻ ആത്മഹത്യ ചെയ്‌തിരുന്നു. തുടരന്വേഷണത്തിൽ കേസ് അട്ടിമറിച്ച ക്രൈം ബ്രാഞ്ച് മുൻ ഡി വൈ എസ് പി സാമുവലിനേയും പ്രതിയാക്കി. മുൻ ക്രൈം ബ്രാഞ്ച് എസ് പി കെ ടി മൈക്കിളിനെ സി ബി ഐ കോടതിയും പ്രതിചേർത്തു. സാമുവൽ മരിച്ചതിനാൽ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 26ന് ആരംഭിച്ച വിചാരണ പല പ്രാവശ്യം തടസപ്പെട്ടിരുന്നു. വിചാരണ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സുപ്രീംകോടതിയെ വരെ സമീപിച്ചിരുന്നു. വിചാരണ തുടരാൻ സുപ്രീംകോടതി നിർദേശിച്ചതിനെ തുടർന്നാണ് തിരുവനന്തപുരം സി ബി ഐ കോടതിയിൽ വിചാരണ ആരംഭിച്ചത്.

Top