ന്യൂഡല്‍ഹി: ഇന്ത്യയില്‍ അതിക്രമിച്ചെത്തിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടയില്‍ മിഗ വിമാനം തകര്‍ന്ന് പാകിസ്ഥാനില്‍ അകപ്പെട്ട കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയയ്ക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചത് ഇന്ത്യന്‍ പ്രത്യാക്രമണം ഭയന്നെന്ന് റിപ്പോര്‍ട്ട്. അഭിനന്ദന്‍ പിടിയിലായതിന് പിന്നാലെ ഇരുരാജ്യങ്ങളും പരസ്പരം മിസൈല്‍ ആക്രമണത്തിന് തയ്യാറെടുത്തതായും ദേശീയ മാദ്ധ്യമത്തിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
അഭിനന്ദന് എന്തെങ്കിലും തരത്തിലുള്ള പീഡനങ്ങള്‍ ഏറ്റാല്‍ പ്രശ്നം വഷളാകുമെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി സെക്രട്ടറി അനില്‍ ദശ്മന ഐ.എസ്.ഐ മേധാവിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഭിനന്ദനെ വിട്ടയയ്ക്കാമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റില്‍ പറഞ്ഞതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അഭിനന്ദനെ ശാരീരികമായി ഉപദ്രവിക്കുന്ന സാഹചര്യം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാനുള്ള അധികാരം പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികര്‍ക്ക് നല്‍കിയിരുന്നു. ഇന്ത്യയുടെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അറിയിച്ചിരുന്നു. ഇതിനായി രാജസ്ഥാന്‍ മരുഭൂമിയില്‍ പന്ത്രണ്ടോളം മിസൈലുകള്‍ ഇന്ത്യ ഒരുക്കി നിറുത്തിയിരുന്നു.
ഒമ്പത് മിസൈലുകള്‍ തങ്ങള്‍ക്കെതിരെ ഇന്ത്യ തൊടുക്കാന്‍ തീരുമാനിച്ചിരുന്നതായി പാകിസ്ഥാനും സമ്മതിക്കുന്നു. ഇന്ത്യന്‍ ആക്രമണം ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ 13 മിസൈലുകള്‍ പാകിസ്ഥാനും തയ്യാറാക്കി വച്ചിരുന്നു. ഇസ്ലാമബാദ്, ലാഹോര്‍, കറാച്ചി തുടങ്ങിയ നഗരങ്ങളില്‍ ഇന്ത്യന്‍ മിസൈല്‍ ആക്രമണം നേരിടാനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നു.
അതേസമയം, ഇരുരാജ്യങ്ങളും മിസൈല്‍ ആക്രമണം നടത്താനുള്ള സാധ്യത മനസിലാക്കിയ സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളാണ് മദ്ധ്യസ്ഥ ശ്രമത്തിന് ചുക്കാന്‍ പിടിച്ചതെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. മേഖലയില്‍ യുദ്ധമുണ്ടായാല്‍ അത് തങ്ങളെയും സാരമായി ബാധിക്കുമെന്ന റിപ്പോര്‍ട്ടാണ് ഇരുരാജ്യങ്ങളെയും പ്രശ്നത്തില്‍ ഇടപെടാന്‍ പ്രേരിപ്പിച്ചത്. പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ വ്യോമാക്രമണം നടത്തിയതോടെ ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധസമാന സാഹചര്യം നിലവില്‍ വന്നിരുന്നു.
ഇതിനിടയിലാണ് അഭിനന്ദന്‍ പാക് സൈന്യത്തിന്റെ പിടിയില്‍ ആകുന്നത്. തുടര്‍ന്ന് സൈനിക നീക്കത്തേക്കാള്‍ അഭിനന്ദന്റെ സുരക്ഷിതത്വമായിരുന്നു ഇന്ത്യയുടെ പ്രഥമ പരിഗണന. വിട്ടയച്ചില്ലെങ്കില്‍ സൈനിക നീക്കമുണ്ടാകുമെന്ന് ഉറപ്പായതോടെയാണ് ഫെബ്രുവരി 28ന് അദ്ദേഹത്തെ വിട്ടയയ്ക്കാനുള്ള തീരുമാനം ഇമ്രാന്‍ ഖാന്‍ അറിയിച്ചത്. ഒരു പക്ഷേ ഈ തീരുമാനം വൈകിയിരുന്നുവെങ്കില്‍ ഇന്ത്യ മിസൈലാക്രമണം നടത്തിയേനെ എന്നാണ് റിപ്പോര്‍ട്ട്.