12000 രൂപ മാസശമ്പളത്തിന് ജോലിക്ക് കയറിയ യുവാവ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 80 കോടി രൂപ ആസ്തിക്കാരന്‍…

മധ്യപ്രദേശ് സംസ്ഥാനത്തെ പിടിച്ച് കുലുക്കിയ അബ്കാരി നികുതി വെട്ടിപ്പ് കേസുകളിലെ പ്രധാന പ്രതി രാജു ദശാവന്തിന്റെ ജീവിതം സിനിമാ കഥകളെ പോലും അമ്പരപ്പിക്കുന്ന തരത്തിലുള്ള യാദൃശ്ചികതകള്‍ നിറഞ്ഞതാണ്. 12000 രൂപ മാസശമ്പളത്തില്‍ ജോലി നോക്കിയ അതേ നഗരത്തില്‍ തന്നെ വര്‍ഷങ്ങള്‍ക്കിപ്പുറം രാജു 80 കോടി രൂപയുടെ ആസ്തിക്കാരനുമായി.അഞ്ച് വര്‍ഷം മുന്‍പ് സ്വന്തം നാടായ മഹാരാഷ്ട്രയിലെ അമ്രാവതിയില്‍ നിന്നും ജോലി അന്വേഷിച്ച് വന്ന 23 കാരന്റെ പിന്നീടുള്ള വളര്‍ച്ച ദ്രുതവേഗത്തിലായിരുന്നു. വളരെ ദരിദ്രമായ സാമ്പത്തിക ചുറ്റുപാടായിരുന്നു രാജു ദശാവന്തിന്റെ വീട്ടില്‍. രണ്ട് വര്‍ഷം മുന്‍പ് വരെ ഇന്‍ഡോറിലെ ബാറില്‍ വെയിറ്ററായി ജോലി നോക്കി. 12000 രൂപയായിരുന്നു മാസ ശമ്പളം.അവിടെ നിന്നും പിന്നീട് എടിഎം ഗ്രൂപ്പിലെ ബാറിലേക്ക് ജോലി മാറി. എടിഎം ഗ്രൂപ്പിന്റെ ബാര്‍ നടത്തിപ്പുകാരന്‍ അംശു ത്രിവേദിയുമായുള്ള ബന്ധമാണ് രാജുവിന്റെ മുന്നോട്ടുള്ള ജീവിത വളര്‍ച്ചയ്ക്ക വേഗം കൂട്ടിയത്. രാജുവിന്റെ തെറ്റായ വഴികളിലൂടെ പണം സമ്പാദിക്കാനുള്ള സാമര്‍ത്ഥ്യം മനസ്സിലാക്കിയ അംശു നികുതി വെട്ടിപ്പിനുള്ള കണക്കുകള്‍ തയ്യാറാക്കുന്നതില്‍ രാജുവിനെയും ഒപ്പം കൂട്ടി.പതിയെ പതിയെ മദ്യം നികുതി വെട്ടിച്ച് കടത്തുന്നതിലേക്കും ഇവര്‍ തിരിഞ്ഞു. പച്ചക്കറി-പഴം എന്നിവ കൊണ്ടു വരുന്ന ലോറികളെ ഉപയോഗിച്ചായിരുന്നു ഇവരുടെ കള്ളക്കടത്തുകള്‍. മധ്യപ്രദേശിലെ എല്ലാ പ്രധാന നഗരങ്ങളിലും ഇവര്‍ക്ക് ഇപ്പോള്‍ ബംഗ്ലാവുകളുണ്ട്. എന്നാല്‍ പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയിലായി.അബ്കാരികള്‍ക്കിടയിലെ നികുതി വെട്ടിപ്പുകള്‍ വ്യാപകമായതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണം സംഘം നടത്തിയ റെയ്ഡില്‍ ഇവരുടെ കള്ളക്കളികള്‍ വെളിച്ചത്തായി. ഉടന്‍ തന്നെ രാജുവും അംശുവും ഒളിവില്‍ പോയെങ്കിലും കഴിഞ്ഞ ആഴ്ച്ച അകോല നഗരത്തിലെ ഗ്രാമത്തില്‍ വെച്ച് ഇയാള്‍ പൊലീസ് പിടിയിലായി. ഇവര്‍ ഇക്കാലയളവില്‍ സമ്പാദിച്ച സ്വത്തുക്കള്‍ മുഴുവനും പിടിച്ചെടുക്കാനുള്ള നീക്കങ്ങളിലാണ് സര്‍ക്കാര്‍.

Top