ആനപ്രേമം എന്ന കാപട്യം: തിരുവമ്പാടി ശിവസുന്ദര്‍ ചരിഞ്ഞ സംഭവത്തെ മുന്‍നിര്‍ത്തി ആനപ്രേമം എന്ന ക്രൂരത തുറന്ന് കാട്ടപ്പെടുന്നു

പൂരപ്രേമികളുടെ ആരാധനാ പാത്രമായിരുന്ന തിരുവമ്പാടി ശിവസുന്ദര്‍ ഇന്ന് പുലര്‍ച്ചെ ചരിഞ്ഞു. എരണ്ടക്കെട്ട് എന്ന അസുഖം ബാധിച്ചാണ് ശിവസുന്ദര്‍ ചരിഞ്ഞത്. സാധാരണ കാട്ടില്‍ കഴിയുന്ന ആനകള്‍ക്ക് വരാത്ത ഒരു അസുഖമാണ് എരണ്ടക്കെട്ട്. ആന കാട്ടില്‍ സഞ്ചരിച്ച് ഇലകള്‍, തണ്ടുകള്‍ മരത്തൊലികള്‍ പാറയിലെ ഉപ്പുകള്‍ തുടങ്ങി 120 ഓളം വൈവിദ്ധ്യമാര്‍ന്ന ഭക്ഷണം കഴിക്കുന്ന ജന്തുവാണ്. തെങ്ങോലയും പനമ്പട്ടയും അതിന്റെ ആമാശയത്തിനും കുടലിനും താങ്ങാവുന്നതിലപ്പുറം കടുത്ത നാരുകള്‍ ഉള്ള അസ്വാഭാവിക ഭക്ഷണമാണ്. ഇമ്മാതിരി ഭക്ഷണം കുടലില്‍ തടയുമ്പോള്‍ വരുന്ന അസുഖമാണ് എരണ്ടക്കെട്ട് (impaction). നാട്ടാനകളില്‍ എരണ്ടക്കെട്ട് സാധാരണമാണ്. എരണ്ടക്കെട്ട് വന്നാല്‍ ഭൂരിപക്ഷം ആനകളും പിടഞ്ഞ് നരകിച്ച് ദിവസങ്ങള്‍ കൊണ്ട് ദയനീയമായ മരണത്തിനു കീഴടങ്ങും.

ഇത്തരത്തില്‍ വന്യജീവിയായ ആനയെ മെരുക്കുന്നതിനും അവയെ ക്രൂരമായി പീഡിപ്പിച്ച് സന്തോഷിക്കുന്നതിനും എതിരെ മൃഗസ്‌നേഹികള്‍ രംഗത്തെത്തിയിരിക്കുകയാണ്. ആന പ്രേമം എന്നതിലെ കാപട്യം തുറന്ന് കാട്ടുകയാണ് ശ്രീചിത്രന്‍ എംജെ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശ്രീചിത്രന്‍ എംജെയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കുറേ എഫ് ബി പ്രൊഫൈലുകളില്‍ ഇന്ന് കണ്ണീര്‍പ്രളയമാണ്. തിരുവമ്പാടി ശിവസുന്ദര്‍ എന്നൊരു ആനയുണ്ടായിരുന്നു, അതു ചെരിഞ്ഞു. അതാണ് പ്രശ്‌നം.

ഈ കണ്ണീര്‍സംഘം ആനയെ ആന എന്നു വിളിക്കാറില്ല, ‘ഗജരാജന്‍ ‘ ‘മാതംഗചക്രവര്‍ത്തി’ ‘ഏകഛത്രാധിപതി’ ‘ഗജസാമ്രാട്ട്’ എന്നൊക്കെയാണ്. ഇപ്പോള്‍ ജീവന്‍ പോയ ആ പാവം മൃഗത്തെയും ഈ പേരുകള്‍ ചേര്‍ത്താണ് പോസ്റ്റുകള്‍. ‘കാലം ചെയ്തു ‘, ‘തീപ്പെട്ടു ‘, ‘സ്വര്‍ഗാരോഹണം ചെയ്തു ‘ വരെയാണ് മരണവിശേഷണങ്ങള്‍. കഷ്ടം തന്നെ മുതലാളീ, കഷ്ടം തന്നെ.

ഇതൊക്കെ ആനയോട് പ്രേമമായിട്ടാണ് എന്നാണ് അവകാശവാദം. ഇവരെയൊക്കെ ആനപ്രേമികള്‍ എന്നല്ല, ആനവൈരികള്‍ എന്നാണ് വിളിക്കേണ്ടത്. ആനയോട് ഇത്രയും ശത്രുതയുള്ള ആരുമില്ല. കാട്ടിലൂടെ സൈ്വരവിഹാരവും സ്വാഭാവികജീവിതവും നടത്തിപ്പോരുന്ന ഒരു ജീവിയെ തല്ലിയും കുത്തിയും മെരുക്കി, തങ്ങളുടെ ഇഷ്ടത്തിന് കൊടും വെയിലത്ത് തോട്ടിചാരി നിര്‍ത്തി, ആനയൂട്ടിനു ദഹിക്കാത്ത ഭക്ഷണവും ആനയോട്ടത്തിന്റെ ജീവന്മരണപ്പാച്ചിലിനു കയ്യടിയും കൊടുത്ത്, ഒരു കണ്ണ് കുത്തിപ്പൊട്ടിച്ചും കാലില്‍ മാറാവ്രണമുണ്ടാക്കിയും പീഡിപ്പിച്ച്, അവസാനം ആനയുടെ സ്വാഭാവികജീവിതത്തില്‍ വരാനൊരിക്കലും സാധ്യതയില്ലാത്ത രോഗം വന്നു അതു ചത്തുപോകുമ്പോള്‍ ആ പാവത്തിനെ ‘ചക്രവര്‍ത്തി ‘ ‘സാമ്രാട്ട് ‘ എന്നൊക്കെ വിളിച്ചു പോസ്റ്റിട്ടു കണ്ണീരൊഴുക്കുന്നവര്‍ ആണ് ആനപ്രേമികള്‍. ഈ സത്യം പറയുന്നവര്‍ ഒക്കെ ആനയോട് സ്‌നേഹമില്ലാത്തവര്‍. എന്തൊരു സ്‌നേഹം !

കേരളത്തിലെ ഏറ്റവും പ്രാകൃതമായ ഉത്സവരീതികളില്‍ ഒന്നാണ് നാം സ്വാഭാവികമെന്ന് കരുതുന്ന ഈ ആനയെഴുന്നള്ളിപ്പ്. കഴിഞ്ഞ ദിവസമാണ് ഏറ്റുമാനൂരില്‍ ഇടഞ്ഞ ആനയുടെ മുകളില്‍ ഇരിക്കുന്ന ഒരു മനുഷ്യനെ മുകളില്‍ നിന്ന് വലിച്ചെടുത്തു രക്ഷിക്കേണ്ടി വരുന്ന ഒരു ഭീകരദൃശ്യം കണ്ടത്. ഇത്രയും വലിയൊരു ജനക്കൂട്ടത്തിന് നടുക്ക് ഒരു വന്യജീവിയെ കൊണ്ടു വന്നു നിര്‍ത്തുന്നതില്‍ എന്തു മുരിങ്ങയാണ് സന്തോഷിക്കാന്‍ ഉള്ളതെന്ന് ആധുനികമനുഷ്യനു മനസ്സിലാവില്ല.

ചത്തുപോയ പാവം മൃഗത്തിനോട്, സഞ്ജയന്റെ ഭാഷയില്‍, ‘മൃഗമേ, മാപ്പ് ‘.

ഉളുപ്പില്ലാത്ത അഖിലകേരള ആനവൈരിസംഘത്തിനോട് പുച്ഛവും.

Top