വാഷിംഗ്ടണ്‍: ഫെബ്രുവരി 14 പ്രണയദിനമായാണ് ലോകം കൊണ്ടാടുന്നത്. ചുവന്ന റോസ് നല്‍കി തന്റെ പ്രണയം അറിയിക്കാന്‍ കമിതാക്കള്‍ കൊതിക്കുന്ന സുദിനം. ഇതേ ദിനത്തില്‍ പ്രണയത്തില്‍ നിന്നും വിവാഹത്തിലേക്ക് കടക്കുവാന്‍ ആഗ്രഹിക്കുന്നവരും ഉണ്ടാകും. എന്നാല്‍ അത്തരക്കാര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയല്ല ഇപ്പോള്‍ പുറത്ത് വരുന്നത്. വാലന്റൈന്‍സ് ദിനത്തില്‍ നടന്നിട്ടുള്ള വിവാഹങ്ങള്‍ പലതും വിവാഹ മോചനത്തിലാണ് അവസാനിക്കുന്നതെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
വാലന്റൈന്‍സ് ദിനത്തില്‍ വിവാഹിതരായ ദമ്പതിമാരില്‍ 37 ശതമാനം പേരും വിവാഹ ബന്ധം വേര്‍പെടുത്തി. കൂടാതെ 45 ശതമാനം പേര്‍ തങ്ങളുടെ വൈവാഹിക ജീവിതം മൂന്ന് വര്‍ഷത്തിനപ്പുറം കൊണ്ടുപോയതുമില്ല. 11 ലക്ഷം ഡച്ച് ദമ്പതിമാരില്‍ മെല്‍ബണ്‍ യൂണിവേഴ്‌സിറ്റിയാണ് ഇത്തരത്തില്‍ ഒരു പഠനം നടത്തിയത്. ബന്ധങ്ങളിലെ തീവ്രതക്കുറവാണ് ഇതിന് കാരണമായി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്.
വാലന്റൈന്‍സ് ദിനത്തില്‍ വിവാഹം കഴിക്കുന്നവരില്‍ ഭൂരിഭാഗവും തങ്ങളുടെ പ്രണയബന്ധത്തിന്റെ പ്രാരംഭഘട്ടത്തിലായിരിക്കും. കൂടാതെ ഇത്തരം പ്രത്യേക ദിനങ്ങളില്‍ കല്യാണം കഴിക്കുന്ന ദമ്പതിമാരില്‍ വൈവാഹിക ജീവിതത്തോടുള്ള ആസക്തി കുറവായിരിക്കും. ദിനങ്ങളുടെ പ്രത്യേകത ജീവിതത്തില്‍ എത്തിക്കാനുള്ള തിരക്കില്‍ മറ്റ് പലതും ശ്രദ്ധിക്കാതെ പോകുന്നതാണ് കാരണം. ഇത് ബന്ധങ്ങളിലെ വിള്ളലിലേക്ക് നയിക്കുമെന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.