കോഴിക്കോട്: ബാലികാ ദിനത്തില്‍ മകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ മോശം കമന്റിട്ടവർക്കെതിരെ കേസെടുത്തു. ബി ജെ പി ജില്ലാ പ്രസിഡന്റ് വി കെ സജീവന്റെ പരാതിയിലാണ് പേരാമ്പ്ര സ്വദേശിയും ഖത്തറിൽ ജോലി ചെയ്യുന്നയാളുമായ അജ്‌നാസിനെതിരെ പൊലീസ് കേസെടുത്തത്. സ്ത്രീകളെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ഇത്തരം സമൂഹവിരുദ്ധര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച രാത്രിയാണ് പരാതി ലഭിച്ചതെന്ന് മേപ്പയ്യൂർ പൊലീസ് അറിയിച്ചു.കോഴിക്കോട് മേപ്പയൂർ പോലീസാണ് കേസെടുത്തത്.
എന്റെ മകള്‍ എന്റെ അഭിമാനം എന്ന കുറിപ്പോടെയാണ് ദേശീയ ബാലികാ ദിനത്തില്‍ കെ. സുരേന്ദ്രന് മകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ചിത്രത്തിന് താഴെ തുടർന്ന് അജ്നാസ് അജ്നാസ് എന്ന ഐഡിയില്‍ നിന്നാണ് അശ്ലീല കമന്റ് വന്നത്.ഇയാള്‍ക്കെതിരെ ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കുകയും കൂടാതെ ഖത്തര്‍ മിനിസ്ട്രിയുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്യുകയാണ് ബിജെപി അനുഭാവികൾ.
സുരേന്ദ്രൻ പോസ്റ്റ് ചെയ്ത ചിത്രത്തോട് ഒരു ലക്ഷത്തിലധികം പേരാണ് പ്രതികരിച്ചത്. എണ്ണായിരത്തിലധികം കമന്റുകളും നിലവിൽ ചിത്രത്തിനുണ്ട്. ഏതാണ്ട് ആയിരത്തിലധികം പേര് ചിത്രം ഷെയര്‍ ചെയ്തിട്ടുമുണ്ട്. ഭൂരിഭാഗം പേരും ആശംസകളറിയിച്ചുകൊണ്ടാണ് കമന്റുകളിട്ടതെങ്കിലും അധിക്ഷേപ സ്വഭാവമുള്ള ഒട്ടേറെ കമന്റുകളും അതിലുണ്ടായിരുന്നു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്
ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ്റെ മകളെ പോലും അസഭ്യം പറയുന്ന തെമ്മാടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബി ജെ പിക്കറിയാം. ഫേക്ക് എക്കൗണ്ടിൽ ഒളിച്ചിരുന്ന് പുലഭ്യം പറയുന്നവർ എല്ലാ കാലത്തും സേഫ് സോണിലായിരിക്കും എന്ന് തെറ്റിദ്ധരിക്കരുത്.
ബി ജെ പി പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ വ്യക്തിഹത്യ നടത്തുമ്പോൾ നടപടിയെടുക്കാൻ കേരള പൊലീസിന് മടിയാണ് . അതേ സമയം മുഖ്യമന്ത്രിക്കെതിരെ വരുന്ന ക്രിയാത്മക വിമർശനങ്ങളുടെ പേരിൽ പോലും കേസും അറസ്റ്റും ഉണ്ടാവുന്നു. ഇത് ഇരട്ട നീതിയാണ്.
ബി ജെ പി പ്രവർത്തകരുടെയും നേതാക്കളുടെയും പെൺകുട്ടികളെ പോലും അങ്ങേയറ്റം മോശമായി ആക്ഷേപിക്കുന്ന സൈബർ ഗുണ്ടായിസത്തിന് തടയിട്ടേ മതിയാകൂ. നേതാക്കളെ പറഞ്ഞാൽ ഞങ്ങൾ സഹിക്കും. വീട്ടിലിരിക്കുന്ന കുഞ്ഞു മക്കളെ അധിക്ഷേപിച്ചാൽ വെറുതേ വിടാൻ പോകുന്നില്ല.