പൊന്നാനി: ആലത്തൂര്‍ യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി എല്‍.ഡി.എഫ്. കണ്‍വീനര്‍ എ.വിജയരാഘവന്‍ രംഗത്ത്. പൊന്നാനിയിൽ എൽഡിഎഫ് കൺവെൻഷനിൽ സംസാരിക്കുന്നതിനിടെയാണ് വിജയരാഘവൻ രമ്യയ്‌ക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയത്. നോമിനേഷന്‍ സമര്‍പ്പിച്ചതിന് ശേഷം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട് എത്തിയിരുന്നു. ആലത്തൂരിലെ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസും, പാണക്കാടെത്തി തങ്ങളെ കാണുകയും പിന്നീട് കുഞ്ഞാലിക്കുട്ടിയെ കാണുകയും ചെയ്തു. പിന്നീട് എന്ത് സംഭവിച്ചിട്ടുണ്ടാകുമെന്ന് താന്‍ പറയേണ്ടതില്ലല്ലോ എന്നും എ. വിജയരാഘവന്‍ പറഞ്ഞു. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ എ.വിജയരാഘവനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം ശക്തമാവുകയാണ്.
ആലത്തൂർ മണ്ഡലത്തിൽ സിറ്റിങ് എംപി പി.കെ ബിജുവിനെതിരെയാണ് രമ്യ ഹരിദാസ് മത്സരിക്കുന്നത്. നാടൻപാട്ട് കലാകാരി കൂടിയായ രമ്യ വോട്ടഭ്യർത്ഥനയ്ക്കിടെ പാട്ടുപാടുന്നതിനെ വിമർശിച്ച് നേരത്തെ സോഷ്യൽ മീഡിയയിൽ ഇടതു അനുഭാവികൾ രംഗത്തെത്തിയിരുന്നു. രമ്യയുടെ പാട്ടിനെ വിമർശിച്ച് ദീപ നിശാന്ത് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടത് ഏറെ ചർച്ചയായിരുന്നു.
തുടർന്ന് ദീപ നിശാന്തിന് മറുപടിയുമായി വി.ടി ബൽറാം അടക്കമുള്ള കോൺഗ്രസ് എംഎൽഎ മാർ രംഗത്തെത്തിയിരുന്നു. ഇതിനിടെ ആലത്തൂർ മണ്ഡലത്തിൽ പലയിടത്തും രമ്യയുടെ പോസ്റ്ററുകൾക്ക് മുകളിൽ സിപിഎം പോസ്റ്ററുകൾ ഒട്ടിച്ചതിന്റെ ചിത്രങ്ങളും ഫെയ്‌സ്ബുക്കിൽ പ്രചരിച്ചിരുന്നു. ഇതേച്ചൊല്ലിയും ഇരുപാർട്ടികളുടെയും അനുഭാവികൾ തമ്മിൽ ഫെയ്‌സ്ബുക്കിൽ പോര് നടന്നിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് പൊതുവേദിയിൽ രമ്യയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളുമായി എൽഡിഎഫ് കൺവീനർ തന്നെ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം സ്തീ വിരുദ്ധ പരാമര്‍ശം നടത്തിയ വിജയരാഘവനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സാധ്യത. രമ്യയെ അധിക്ഷേപിച്ച എല്‍ഡിഎഫ് കണ്‍വീണര്‍ക്കെതിരെ കേസെടുക്കണമെന്ന് മഹിളാ കോണ്‍ഗ്രസ്് ആവശ്യപ്പെട്ടു.
കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ് Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/