ന്യൂഡല്‍ഹി: ജയലളിതയെ കൊലപ്പെടുത്തിയെന്ന ആരോപണത്തിനും ദുരൂഹതക്കുമുള്ളതിനെ പിന്തുണക്കുന്ന പുതിയ വെളിപ്പെടുത്തല്‍ . ഹാക്കര്‍മാര്‍ അപ്പോളോ ആശുപത്രിയില്‍ നുഴഞ്ഞുകയറി ആശുപത്രി രഹസ്യങ്ങള്‍ക്കൊപ്പം അണ്ണാഡിഎംകെ നേതാക്കളുടെ ഫോണ്‍കോള്‍ വിവരങ്ങളും ചോര്‍ത്തിയെന്നും റിപ്പോര്‍ട്ട് .അറിഞ്ഞവിവരങ്ങള്‍ പുറത്തുവിട്ടാല്‍ രാജ്യം കലാപ്ത്തിനിരയാകുമെന്നുമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലും മുന്നറിയിപ്പും .തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മരണത്തിന് മുമ്പ് 73 ദിവസം ചികിത്സയില്‍ കഴിഞ്ഞ അപ്പോളോ ആശുപത്രിയിലെ സെര്‍വര്‍ വിവരങ്ങള്‍ തങ്ങള്‍ ചോര്‍ത്തിയെന്നും വിവരങ്ങള്‍ പുറത്തുവിട്ടാല്‍ അത് വന്‍ കലാപത്തിന് വഴിവയ്ക്കുമെന്നതിനാല്‍ പ്രസിദ്ധീകരിക്കുന്നില്ലെന്നും വ്യക്തമാക്കി പ്രമുഖ ഹാക്കര്‍മാരുടെ ഗ്രൂപ്പായ ലീജിയണ്‍ ആണ് രംഗത്തു വന്നിരിക്കുന്നത് .അടുത്തകാലത്തായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, വിവാദ മദ്യവ്യവസായി വിജയ് മല്യ, മാദ്ധ്യമപ്രവര്‍ത്തകയായ ബര്‍ക്ക ദത്ത് തുടങ്ങിയവരുടെ ട്വിറ്റര്‍, മെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് ശ്രദ്ധനേടിയ സംഘമാണ് ലീജിയണ്‍.
സമാനമായ രീതിയില്‍ ലോകത്തെ നിരവധി പ്രമുഖരുടെ സോഷ്യല്‍മീഡിയ, ഇ-മെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത സംഘമാണ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രത്യേക എന്‍ക്രിപ്റ്റഡ് മെസഞ്ചര്‍ വഴി വാഷിങ്ടണ്‍ പോസ്റ്റിനു നല്‍കിയി അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത് .
ജയലളിതയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പ്രമുഖ നടി ഗൗതമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നല്‍കിയിരുന്നു. സമാനമായ പരാതികള്‍ ജയലളിതയുടെ ബന്ധുക്കളും തമിഴ്‌നാട്ടിലെ ചില നേതാക്കളും ഉന്നയിച്ചിരുന്നു. ജയലളിതയുടെ സ്വത്ത് തട്ടിയെടുക്കാനായും പാര്‍ട്ടിയില്‍ പിടിമുറുക്കുന്നതിനും തോഴി ശശികലയും അവരുടെ ഭര്‍ത്താവ് നടരാജന്‍ നേതൃത്വം നല്‍കുന്ന മാന്നാര്‍ഗുഡി മാഫിയയും ശ്രമിക്കുന്നതായി ആരോപണമുണ്ട്.
ജയലളിതയെ കൊലപ്പെടുത്താന്‍ മാന്നാര്‍ഗുഡി മാഫിയ ശ്രമിച്ചതായും നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ അപ്പോളോ ആശുപത്രിയില്‍ നടന്ന വിവരങ്ങള്‍ തങ്ങള്‍ക്ക് സെര്‍വറില്‍ നിന്ന് ലഭിച്ചതായി വ്യക്തമാക്കി ഹാക്കര്‍ ഗ്രൂപ്പ് രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍.
ജയലളിതയുടെ ചികില്‍സ, മരണം എന്നിവ സംബന്ധിച്ച് ദുരൂഹത തുടരുന്നതിനിടെയാണ് ലീജിയന്റെ വെളിപ്പെടുത്തല്‍. അപ്പോളോ ആശുപത്രി സെര്‍വറിലെ രഹസ്യ വിവരങ്ങള്‍ പുറത്തുവന്നാല്‍ ഇന്ത്യയില്‍ കലാപമുണ്ടാകുമെന്ന് ലീജിയണ്‍ പറഞ്ഞതോടെ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് വലിയ ഗൂഢാലോചനകള്‍ നടന്നുവോ എന്ന ചോദ്യമാണ് ഉയരുന്നത്. എഐഎഡിഎംകെ നേതാക്കളുടെ കോള്‍ റെക്കോഡ്‌സ് തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും പല വിവരങ്ങളും പുറത്തുവിട്ടാല്‍ അത് ജനങ്ങള്‍ക്കിടയില്‍ കലാപത്തിന് വഴിവയ്ക്കുമെന്നതിനാല്‍ പുറത്തുവിടുന്നില്ലെന്നും ഹാക്കര്‍ വ്യക്തമാക്കുന്നു.
ഇതിനു പുറമെ ആശുപത്രിയിലെ വിവരങ്ങളും മറ്റ് ഇടപാടുകളുടെ നിര്‍ണായക വിവരങ്ങളും ലഭിച്ചിട്ടുണ്ട്. തങ്ങളുടെ ഹാക്കിംഗുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഇന്ത്യയിലെ 40,000ല്‍ അധികം സെര്‍വറുകളില്‍ കടന്നുകയറിയതായും അടുത്തിടെയാണ് അതു നിര്‍ത്തിയതെന്നും അവര്‍ പറഞ്ഞു. എന്തൊക്കെ രേഖകളാണോ ചോര്‍ത്തിയെടുക്കുന്നത് അതു പുറത്തുവിടുമെന്നും ലീജിയണ്‍ മുന്നറിയിപ്പു നല്‍കിയതോടെ അമേരിക്കയുടേതുള്‍പ്പെടെ രാജ്യാന്തര തലത്തില്‍ രഹസ്യങ്ങള്‍ ചോര്‍ത്തി ശ്രദ്ധനേടിയ വിക്കിലീക്‌സിന്റെ പാതയിലാണ് ലീജിയണ്‍ എന്ന ഹാക്കര്‍ സംഘവുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്.
സഹസ്രകോടികള്‍ വെട്ടിച്ച് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ ട്വിറ്റര്‍ അക്കൗണ്ട് ചോര്‍ത്തി നിരവധി രഹസ്യ വിവരങ്ങളും ലീജിയണ്‍ പുറത്തുവിട്ടിരുന്നു. ചോര്‍ത്തിയ ചില വിവരങ്ങള്‍ ഓണ്‍ലൈനിലും പോസ്റ്റ് ചെയ്തതോടെയാണ് ഗ്രൂപ്പിനെ പറ്റി സമീപകാലത്ത് വാര്‍ത്തകള്‍ വന്നത്. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ചോര്‍ത്തിയ വിവരങ്ങളും പുറത്തുവിട്ടിരുന്നു. അതേസമയം, കുറച്ചുകാലമായി ആക്റ്റീവ് അല്ലാതിരുന്ന ഗ്രൂപ്പ് ഇപ്പോള്‍ സജീവമായി രംഗത്തിറങ്ങുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത് .മടങ്ങിയെത്തിയെന്ന പ്രഖ്യാപനത്തോടെയായിരുന്നു മല്ല്യയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് ആദ്യ ട്വീറ്റ് ചെയ്തത്. മല്യയുടെ ബിസിനസ്, രഹസ്യ ജീവിതവുമായി ബന്ധപ്പെട്ടുള്ള നിരവധി വിവരങ്ങള്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മല്യയുടെ ബാങ്കുകളിലുള്ള സ്വത്തുവിവരങ്ങളും അക്കൗണ്ടുകളുടെ പാസ്‌വേഡും എല്ലാം വ്യക്തമായി അറിയാമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ കുറ്റവാളികളുടെ രഹസ്യ നീക്കങ്ങള്‍ പുറത്തുകൊണ്ട് വരുമെന്ന് ഹാക്കര്‍ സംഘം നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇത്തരക്കാരുടെ രഹസ്യങ്ങള്‍ പുറത്തുക്കൊണ്ടു വരാന്‍ പൊതുജനത്തിന്റെ പിന്തുണ വേണമെന്നും ഹാക്കര്‍ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രഖ്യാപനങ്ങള്‍ വന്നതോടെയാണ് വിക്കിലീക്‌സ് മാതൃകയിലേക്കാണ് ഈ ഹാക്കര്‍ സംഘം നീങ്ങുന്നതെന്ന സൂചനകള്‍ ലഭിക്കുന്നത്. അടുത്ത ലക്ഷ്യം ഇന്ത്യയിലെ സര്‍ക്കാര്‍ വെബ്‌സൈറ്റാണെന്നും ഇവര്‍ വെളിപ്പെടുത്തി.
യുഎസ് മാദ്ധ്യമമായ വാഷിങ്ടണ്‍ പോസ്റ്റിനും മലയാളിയായ പികെ ജയദേവന്‍ നേതൃത്വം നല്‍കുന്ന ഫാക്ടര്‍ഡെയ്‌ലി ഡോട്ട് കോമിനും അനുവദിച്ച ഓണ്‍ലൈന്‍ ചാറ്റിങ് അഭിമുഖത്തിലാണ് ലീജിയണിന്റെ പ്രതിനിധി പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. രാജ്യസഭാ, ലോക്‌സഭാ എംപിമാരുടെ ഇമെയില്‍ വിലാസം ഉള്‍ക്കൊള്ളുന്ന സന്‍സദ് ഡോട്ട് നിക് ഡോട്ട് ഇന്‍ ലക്ഷ്യമിടുന്നതായി വ്യക്തമാക്കിയതോടെ ഈ സെര്‍വറില്‍ നിന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്ന സൂചനകളാണുള്ളത്.
ഡിജിറ്റല്‍ ഇന്ത്യയെന്ന സങ്കല്‍പത്തെ കുറിച്ചുള്ള ചോദ്യത്തിന് കറന്‍സിയുടെ കാര്യത്തിലാണെങ്കില്‍ അത് ക്രിപ്‌റ്റോ കറന്‍സി (ബിറ്റ് കോയിന്‍) രൂപത്തിലാണെങ്കില്‍ നന്നെന്നും അതിനാല്‍ അതിനെ അനുകൂലിക്കുന്നുവെന്നും ഹാക്കര്‍ മറുപടി നല്‍കി. നരേന്ദ്ര മോദിയുടേയും മന്ത്രിമാരുടേയും മറ്റും വിവരങ്ങള്‍ക്ക് ബുള്ളറ്റ് പ്രൂഫ് സെക്യൂരിറ്റി ഉണ്ടല്ലോ എന്ന ചോദ്യത്തിനും എല്ലാം ഇന്റര്‍നെറ്റില്‍ കെട്ടിപ്പടുത്തതല്ലേ എന്നും അതിനാല്‍ ഇതില്‍ തകര്‍ക്കാന്‍ പറ്റാത്തതായി ഒന്നുമില്ലെന്നുമുള്ള മട്ടിലായിരുന്നു മറുപടി. മയക്കുമരുന്നിനും ജീവിതം സുഖകരമാക്കാനുമാണ് ഹാക്കിംഗിലൂടെ പണം ഉണ്ടാക്കുന്നതെന്നും തങ്ങള്‍ക്ക് ആവശ്യമുള്ളതിലധികം ഇപ്പോള്‍ത്തന്നെ ആയുധങ്ങളെപ്പറ്റിയുള്ള വിവരങ്ങളും മറ്റും ചോര്‍ത്തി നല്‍കുന്നതിലൂടെ കിട്ടുന്നുണ്ടെന്നും അതില്‍ കൂടുതല്‍ ആഗ്രഹങ്ങളൊന്നും ഇല്ലെന്നും ഹാക്കര്‍ പറയുന്നു.