ഐഎസിന്റെ ഇന്ത്യയിലെ പ്രധാന നേതാവ് യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു

isis

ദില്ലി: ഇന്ത്യയില്‍ ഐഎസിനെ വളര്‍ത്താന്‍ ശ്രമിക്കുന്നവരിലെ പ്രധാന നേതാവ് മുഹമ്മദ് ഷാഫി അര്‍മര്‍ കൊല്ലപ്പെട്ടു. സിറിയയില്‍ കഴിഞ്ഞ ദിവസം യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഷാഫി അര്‍മര്‍ കൊല്ലപ്പെച്ചത്. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇന്ത്യയിലെ പ്രധാന റിക്രൂട്ടറാണ് മുഹമ്മദ് ഷാഫി അര്‍മര്‍.

ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുമായി അടുത്ത ബന്ധമുണ്ടെന്ന് കരുതുന്ന വ്യക്തിയാണ് കൊല്ലപ്പെട്ട മുഹമ്മദ് ഷാഫി അര്‍മര്‍. ഇന്ത്യയില്‍ ഐഎസിനെ വളര്‍ത്താന്‍ ശ്രമിക്കുന്ന വ്യക്തികളില്‍ ഒരാളാണ് ഇദ്ദേഹം. 30 പേരെ ഇതുവരെ ഇയാളുടെ നേതൃത്വത്തില്‍ ഐഎസില്‍ എത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്ന 23 പേരെയാണ് കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തത്.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഐഎസ് യൂണിറ്റ് തുടങ്ങാനാണ് ഷാഫി അര്‍മര്‍ പദ്ധതിയിട്ടത് എന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടക സ്വദേശിയായ 26 വയസുള്ള ഷാഫിയുടെ മരണത്തോടെ ഐഎസിന് ഇന്ത്യയിലെ ‘തല’യാണ് നഷ്ടമായത് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ അഭിപ്രായം. കഴിഞ്ഞ വര്‍ഷം വരെ ഷാഫിയുടെ മൂത്ത സഹോദരന്‍ സുല്‍ത്താന്‍ അര്‍മാര്‍ ആയിരുന്നു ഇന്ത്യയിലെ ഐഎസിന്റെ നേതൃസ്ഥാനത്ത്. എന്നാല്‍ മാര്‍ച്ചിലുണ്ടായ ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെടുകയായിരുന്നു. ഇതിനു പിന്നാലെയാണ് മുഹമ്മദ് ഷാഫി അര്‍മര്‍ ഇന്ത്യയിലെ ഐഎസിന്റെ നേതൃസ്ഥാനത്തേക്ക് എത്തിയത്.

Top