ചേര്‍ത്തല :എറണാകുളം നേവല്‍ ബേസ് ഉദ്യോഗസ്ഥയായ യുവതിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായി . ഗുരുതരാവസ്ഥയിലായ യുവതിയെ എറാണാകുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേര്‍ത്തല സ്വേദേശിയായ ശാരിയുടെ ദേഹത്താണ് കഴിഞ്ഞ ദിവസം വൈകുന്നേരം ആസിഡ് ആക്രമണം ഉണ്ടായത്. ആഞ്ഞിലിപ്പാലം പുരുഷന്‍ കവലക്ക് സമീപമായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷണം ആരംഭിച്ചു. ചേര്‍ത്തല പള്ളിപ്പുറം പുളിച്ചിയില്‍ പരേതനായ ഷണ്‍മുഖന്റെ മകള്‍ ശാരിമോളെ (24) ആണു പൊള്ളലേറ്റ നിലയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആസിഡ് ഒഴിച്ച ശേഷം ബൈക്കില്‍ രക്ഷപ്പെട്ട രണ്ടംഗ സംഘത്തിനായി പൊലീസ് തിരച്ചില്‍ തുടങ്ങി.
ആക്രമണ കാരണം വ്യക്തമല്ല. ഇന്നലെ രാത്രി ഏഴോടെ വല്ലയില്‍ റോഡില്‍ പുരുഷന്‍ കവലയ്ക്കു സമീപമായിരുന്നു ആക്രമണം. ചേര്‍ത്തല ബസ് സ്റ്റാന്‍ഡില്‍ ബസിറങ്ങി സ്കൂട്ടറില്‍ കരുവയിലെ മാതൃസഹോദരിയുടെ വീട്ടിലേക്കു പോകുമ്പോഴായിരുന്നു ആക്രമണം. പിന്നാലെ ബൈക്കിലെത്തിയവര്‍ ശാരിമോളുടെ ദേഹത്തേക്ക് ആസിഡ് ഒഴിച്ച ശേഷം കടന്നു കളയുകയായിരുന്നു. അവശയായ ശാരി അല്‍പദൂരം മുന്നോട്ടു നീങ്ങി പുരുഷന്‍കവലയ്ക്കു സമീപമെത്തി ഇവിടെ നിന്ന നാട്ടുകാരോട് ആശുപത്രിയില്‍ എത്തിക്കാന്‍ സഹായം തേടുകയായിരുന്നു. അപ്പോഴേക്കു ബോധരഹിതയായി. ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയത്.
ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ശാരിയുടെ വയറ്റിലും തോളിലും കാലിലും പൊള്ളലുണ്ട്. വലതു തോള്‍ ഭാഗത്താണു സാരമായ പൊള്ളല്‍. മുഖത്തു പൊള്ളലേറ്റിട്ടില്ല. ഹെല്‍മറ്റ് ഉണ്ടായിരുന്നതിനാലാണു മുഖത്ത് ആസിഡ് വീഴാതിരുന്നത്. യുവതിയെ ആശുപത്രിയില്‍ എത്തിച്ച പ്രദേശവാസികളായ നാലു പേര്‍ക്കും ആസിഡ് ദേഹത്തു വീണു പൊള്ളലേറ്റു. ചേര്‍ത്തല പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. യുവതി സഞ്ചരിച്ച സ്കൂട്ടറിനും ആസിഡ് വീണു നാശമുണ്ടായി.