പീഢന കേന്ദ്രമായി സിനിമാ മേഖലയെ ചിത്രീകരിക്കാന്‍ ശ്രമം :നടിമാര്‍ക്കെതിരെ കടുത്ത നടപടിക്ക് സാധ്യത ? സിനിമാ മേഖലയെ മോശമാക്കി !

കൊച്ചി:പീഢന കേന്ദ്രമായി സിനിമാ മേഖലയെ ചിത്രീകരിച്ച് സിനിമാ മേഖലയെ മോശമാക്കി.നടിമാരുടെ നേതൃത്ത്വത്തില്‍ രൂപീകരിച്ച ‘വുമണ്‍ ഇന്‍ കളക്റ്റീവ് സിനിമ’ സംഘടന മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ വിവാദമാകുന്നു.സിനിമ ഷൂട്ടിങ്ങ് നടക്കുന്ന സെറ്റുകള്‍ ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും സെറ്റുകളില്‍ ലൈംഗിക പീഡന പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്നുമുള്ള ആവശ്യം ഈ മേഖലയെ പൊതു സമൂഹത്തിന് മുന്നില്‍ താറടിച്ച് കാണിക്കാന്‍ മാത്രമേ ഉപകരിക്കൂവെന്നാണ് പ്രബല വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

വനിതാ താരസംഘടന പ്രധാനമായും ചൂണ്ടിക്കാട്ടുന്ന നടി ആക്രമിക്കപ്പെട്ട സംഭവം സിനിമാ സെറ്റില്‍ നടന്നതല്ലന്ന് വ്യക്തമായിരിക്കെ പീഢന കേന്ദ്രമായി സിനിമാ മേഖലയെ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ വീട്ടിലിരിക്കുകയേയുള്ളൂവെന്നാണ് പ്രതികരണം.സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന സമിതി ചില നടിമാര്‍ താമസിക്കുന്ന ഫ്‌ളാറ്റുകളില്‍ പരിശോധന നടത്തിയാല്‍ ‘കാര്യങ്ങള്‍’ ബോധ്യമാകുമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നുണ്ട്.താരങ്ങള്‍ക്കിടയില്‍ മാത്രമല്ല സംവിധായകര്‍, നിര്‍മ്മാതാക്കള്‍ എന്നിവര്‍ക്കിടയിലും നടിമാരുടെ സംഘടനക്കെതിരെ ഇപ്പോള്‍ വികാരം ശക്തമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരെയും നിര്‍ബന്ധിച്ച് അഭിനയിപ്പിക്കാന്‍ കൊണ്ടു വന്നിട്ടില്ലന്നും അവസരങ്ങള്‍ കുറയുന്നവര്‍ ഇത്തരം ‘ചെപ്പടി വിദ്യകള്‍’ സ്വീകരിക്കുന്നത് സ്വാഭാവികമാണെന്നുമാണ് പ്രമുഖ സംവിധായകര്‍ പോലും അഭിപ്രായപ്പെടുന്നത്.വിഷയം ചര്‍ച്ച ചെയ്യാന്‍ സിനിമാരംഗത്തെ എല്ലാ സംഘടനകളുടെയും സംയുക്ത യോഗം വിളിച്ചു ചേര്‍ക്കണമെന്ന ആവശ്യവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.ലോക്‌സഭാംഗമായ ഇന്നസെന്റ് പ്രസിഡന്റും ഭരണപക്ഷ എംഎല്‍എ ആയ കെ.ബി.ഗണേഷ് കുമാര്‍ വൈസ് പ്രസിഡന്റുമായ ‘അമ്മ’യില്‍ കാര്യങ്ങള്‍ പറയാതെ ഒറ്റയടിക്ക് ഒരു സംഘടനയുണ്ടാക്കി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് ‘ഹിഡന്‍ ‘ അജണ്ടയുടെ ഭാഗമാണെന്നാണ് ആരോപണം.CINEMA WOMEN

ഇവര്‍ ഇടപെട്ടാല്‍ കിട്ടാത്ത എന്ത് നീതിയാണ് ഏതാനുംപേര്‍ ചേര്‍ന്ന് ഒരു സംഘടനയുണ്ടാക്കി പോയാല്‍ മഞ്ജു വാര്യര്‍ക്കും സംഘത്തിനും കിട്ടുക എന്നതാണ് പ്രധാന ചോദ്യം.അമ്മ ജനറല്‍ സെക്രട്ടറിയായ മമ്മുട്ടി കൊല്ലത്തും മറ്റൊരു വൈസ് പ്രസിഡന്റായ മോഹന്‍ലാലും ട്രഷറര്‍ ദിലീപും വിദേശത്തും ആയിരിക്കെ ആസൂത്രിതമായിരുന്നു നടിമാരുടെ സംഘടനാ രൂപീകരണം.

മഞ്ജുവിന്റെ സംഘടനയുമായി സഹകരിക്കുന്നവര്‍ക്ക് സിനിമയില്‍ ഇനി അവസരം നല്‍കേണ്ടതില്ലന്ന തീരുമാനത്തിലാണ് വലിയ വിഭാഗം. അമ്മ എക്‌സിക്യൂട്ടീവ് മെമ്പറായ രമ്യാ നമ്പീശന്‍ പുതിയ സംഘടനയുടെ ഭാഗമായത് ഗൗരവമായാണ് താരങ്ങള്‍ കാണുന്നത്.ദിലീപ് വിഭാഗത്തിനാണ് അമ്മയില്‍ ഭൂരിപക്ഷമെന്നതിനാല്‍ ബദലാകാനാണ് പുതിയ സംഘടനയത്രെ. പ്രത്യക്ഷത്തില്‍ ബദല്‍ അല്ലന്ന് വരുത്തി തീര്‍ക്കാനാണ് സിനിമ സാങ്കേതിക മേഖലയിലെ വനിതകളെ കൂടി ഉള്‍പ്പെടുത്തിയതെന്നും പറയപ്പെടുന്നു.അമ്മയിലെ എല്ലാ അംഗങ്ങള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി മഞ്ജുവിന്റെ നേതൃത്ത്വത്തിലുള്ള ‘വിമന്‍ ഇന്‍ കളക്റ്റീവ് സിനിമ’ സംഘടന പൊളിക്കാനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞതായാണ് സൂചന.manju-rima-anjaly-PV

പൃഥ്വിരാജ്, സംവിധായകന്‍ ആഷിഖ് അബു തുടങ്ങിയവര്‍ പുതിയ സംഘടനക്ക് പരസ്യമായി പിന്തുണ നല്‍കിയിട്ടുണ്ടെങ്കിലും ഭൂരിപക്ഷം പേരും മാറി നില്‍ക്കുകയാണ്.മറ്റു നടിമാരാവട്ടെ സിനിമാരംഗത്ത് നിന്നും ഔട്ടാകുമെന്ന പേടിയില്‍ പുതിയ സംഘടനാ നേതാക്കളുടെ ഫോണ്‍ പോലും അറ്റന്റ് ചെയ്യാതെ ‘മുങ്ങി നടക്കുകയാണ്’.ഇതിനിടെ വുമണ്‍ ഇന്‍ കളക്റ്റീവിനെതിരെ ആക്ഷേപവുമായി സിനിമാ നടനും നിര്‍മ്മാതാവുമായ തമ്പി ആന്റണി രംഗത്തെത്തി. ‘അമ്മയില്‍ നിന്ന് പിരിഞ്ഞുപോയി അമ്മായിഅമ്മ ആകാതിരുന്നാല്‍ മതി’യെന്നാണ് തമ്പി ആന്റണിയുടെ വിമര്‍ശനം.

മഞ്ജു വാര്യര്‍, അഞ്ജലി മോനോന്‍, പാര്‍വതി, റിമാ കല്ലിങ്കല്‍, ബീനാ പോള്‍, രമ്യാ നമ്പീശന്‍, ഗായിക സയനോര, വിധു വിന്‍സെന്റ്, സജിതാ മഠത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ ചലച്ചിത്ര സംഘടന. ചലച്ചിത്ര മേഖലയിലുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അടുത്തറിയുന്നതിനും പരിഹരിക്കുന്നതിനുമായാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്.manju-rima-anjaly-

മുഖ്യമന്ത്രിക്കായി സമര്‍പ്പിച്ച നിവേദനത്തിന്റെ വിവരങ്ങള്‍ :

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ മുമ്പാകെ സമര്‍പ്പിക്കുന്ന നിവേദനം;

മലയാള സിനിമയില്‍ പുതുതായി രൂപീകരിക്കപ്പെട്ട ഒരു പെണ്‍ കൂട്ടായ്മയെ പ്രതിനിധീകരിച്ചാണ് ഈ നിവേദനം.മറ്റേത് രംഗവുമെന്ന പോലെ ലിംഗനീതി ഇനിയും പുലരാത്ത ഒരിടമാണ് ഞങ്ങള്‍ പണിയെടുക്കുകയും ജീവിയ്ക്കുകയും ചെയ്യുന്ന ചലച്ചിത്രമേഖല. എന്നാല്‍ മറ്റു രംഗങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളോ സേവന വേതന വ്യവസ്ഥകളോ ചര്‍ച്ച ചെയ്യാവുന്ന നിലയില്‍ പോലുമെത്തിയിട്ടില്ല കാര്യങ്ങള്‍. തുല്യ നീതിയെന്നത് അതുകൊണ്ട് തന്നെ പൊരുതി നേടേണ്ട ഒന്നാണിവിടെയും, അതിന് ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ നടപ്പിലാക്കാന്‍ ഉത്തരവാദിത്വമുള്ള സര്‍ക്കാരിന്റെ പിന്തുണ ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.
ഈ രംഗത്ത് നിലനില്‍ക്കുന്ന നീതികേടിന്റെ ഭാഗം തന്നെയാണ് അടുത്തിടെ ഞങ്ങളുടെ സഹപ്രവര്‍ത്തകയായ ഒരു അഭിനേത്രിക്ക് നേരിടേണ്ടിവന്ന ദുരനുഭവം. അത് ഇവിടെ നടന്ന ആദ്യ സംഭവമല്ല. സിനിമയിലെ ഇത്തരം ചൂഷണങ്ങള്‍ അതിനിരയായവരുടെ പക്ഷത്ത് നിന്ന് കാണുകയെന്നത് പ്രധാനമാണ്. നിലവില്‍ അത് ഇന്‍ഡസ്ട്രിയുടെ ഈ അവസ്ഥയ്ക്ക് മാറ്റം വരണമെങ്കില്‍ ഇപ്പോള്‍ പുറത്തു പറയപ്പെട്ട കേസില്‍ നീതി മാതൃകാപരമായി നടപ്പിലാക്കേണ്ടതുണ്ട്. ഇതിനായി താഴെപ്പറയുന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ പരിഗണയിലേക്ക് വയ്ക്കുന്നു.manju-rima-anjaly-4CM

1. ഈ തൊഴില്‍ മേഖലയെ കൂടി തൊഴില്‍ സ്ഥലത്തെ ലൈംഗിക പീഡന നിരോധന നിയമം 2013 ന്റെ പരിധിയില്‍ കൊണ്ടുവരാന്‍ ഓരോ സിനിമാ നിര്‍മാണ വേളയിലും മറ്റ് തൊഴിലിടങ്ങളില്‍ ഉള്ളപോലെ ലൈംഗിക പീഡന പരാതി പരിഹാര സെല്‍ രൂപീകരിക്കുക. ഈ സെല്‍ രൂപീകരിച്ചതിന്റെ സാക്ഷ്യപത്രം കൂടാതെ ഒരു സിനിമയും റജിസ്റ്റര്‍ ചെയ്യപ്പെടുക ഇല്ലാ എന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഉറപ്പു വരുത്തേണ്ടതുണ്ട്.

2. സിനിമാ മേഖലയിലെ ലിംഗപരമായ പ്രശ്നങ്ങളെയും തൊഴില്‍ സാഹചര്യങ്ങളെയും കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുക. ഈ മേഖലയിലുള്ള സേവന വേതന വ്യവസ്ഥകള്‍ നിരീക്ഷിക്കാനും അപര്യാപ്തതകള്‍ പരിഹരിക്കാനുമുള്ള കാര്യക്ഷമമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം. ഞങ്ങളുടെ കൂട്ടായ്മയുടെ എല്ലാ പിന്തുണയും സഹകരണവും ഇതിനുണ്ടാകും.

3. സ്ത്രീ പങ്കാളിത്തം നാമമാത്രമായ സിനിമയുടെ സാങ്കേതിക മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിനിമാ നിര്‍മ്മാണ സ്ഥാപനങ്ങളില്‍ എങ്കിലും ചിത്രാഞ്ജലി പോലെയുള്ള ഒരു തുടക്കമെന്ന നിലയില്‍ സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുക.

4. പരമ്പരാഗതമല്ലാത്ത പുതിയ തൊഴില്‍ മേഖലകളിലേക്ക് സ്ത്രീകളെ എത്തിക്കുക എന്നത് ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നാണല്ലോ. സിനിമയുടെ സാങ്കേതിക വശങ്ങള്‍ പഠിക്കുന്നതിനായി സ്ത്രീകള്‍ക്ക് പ്രത്യേക പഠനാനൂകൂല്യങ്ങള്‍ സ്കോളര്‍ഷിപ്പുകള്‍ എന്നിവ ഏര്‍പ്പെടുത്തുക.

5. പ്രസവം, ശിശുപരിചരണം, ശാരീരിക അവശതകള്‍ തുടങ്ങിയവ മൂലം തൊഴിലില്‍ നിന്ന് വിട്ടു നില്‍ക്കേണ്ട സാഹചര്യങ്ങളിലുള്ള സ്ത്രീകളെ സഹായിക്കുന്നതിനായി ക്ഷേമനിധി, ഇന്‍ഷുറന്‍സ് ഇപിഎഫ് തുടങ്ങിയവ ഏര്‍പ്പെടുത്തുക.

6. സിനിമയുടെ ഉള്ളടക്കത്തില്‍ ലിംഗനീതി പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി അത്തരം സിനിമകള്‍ക്കായി പ്രത്യേക അവാര്‍‍ഡ് ഏര്‍പ്പെടുത്തുക.

7. പിന്നണി പ്രവര്‍ത്തനങ്ങളില്‍ മുപ്പതു ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാന്‍ കഴിയുന്ന സിനിമകള്‍ക്ക് സബ്സിഡി അല്ലെങ്കില്‍ ഇന്‍സന്റീവ് ഏര്‍പ്പെടുത്തുക.

8. സിനിമാമേഖലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന എല്ലാ കൂടിയാലോചനകളഴിലും സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കുക

സ്ത്രീകള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സംവിധാനങ്ങള്‍ എല്ലാ സിനിമാ നിര്‍മാണ സെറ്റിലും നിര്‍ബന്ധമാക്കുന്നത് മുതല്‍ സിനിമയിലെ സ്ത്രീ സുരക്ഷയും സ്ത്രീ നീതിയുമായി ബന്ധപ്പെട്ട അടിസ്ഥാന വിഷയങ്ങളും ഇതുമായി ബന്ധപ്പെട്ട സിനിമയിലെ സ്ത്രീകളുടെ ആശങ്കകളും പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ക്രിയാത്മകായ ഒരിടപെടല്‍ ഞങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു.ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രത്യാശിച്ചുകൊണ്ട് സ്നേഹ ബഹുമാന പുരസരം.

Top