ജീവിത പങ്കാളിയെ കണ്ടെത്താനായി നടന്‍ ആര്യ നടത്തിയ റിയാലിറ്റി ഷോ തുടക്കം മുതല്‍ വിവാദത്തിലായിരുന്നു. സ്ത്രീകളെ മുഴുവന്‍ അധിക്ഷേപിക്കുന്നതും മത്സരത്തില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികളുടെ ജീവിതം തകര്‍ക്കുന്നതുമാണ് ആര്യയുടെ ഷോയെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
എന്നാല്‍ മത്സരാവസാനം, ഫൈനല്‍ വേദിയില്‍ വച്ച് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആര്യ ആ തീരുമാനമെടുക്കുകയും ചെയ്തു. മൂന്നു പേരില്‍ ഒരാളെ മാത്രം തിരഞ്ഞെടുത്താല്‍ ബാക്കി രണ്ടുപേര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വിഷമമാവുമെന്നും അതുകൊണ്ട് തന്റെ തീരുമാനം പിന്നീടറയിക്കുമെന്നുമായിരുന്നു ആര്യയുടെ വെളിപ്പെടുത്തല്‍.
ആര്യ തടിതപ്പിയതാണെന്നാണ് പൊതുവെയുള്ള സംസാരമെങ്കിലും ഒന്നും സംഭവിക്കാതത്തുപോലെ പിന്മാറാന്‍ തങ്ങള്‍ തയാറല്ലെന്നാണ് ഫൈനലിലെത്തിയ മൂന്ന് പെണ്‍കുട്ടികള്‍ നല്‍കുന്ന സൂചന. മലയാളികളായ അഗത, സീതാലക്ഷ്മി, സൂസാന എന്നിവരാണ് ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂന്നു പെണ്‍കുട്ടികള്‍.
ഏഴായിരത്തോളം അപേക്ഷകരില്‍ നിന്ന് പതിനാറ് പെണ്‍കുട്ടികളെയാണ് മത്സരത്തിലേക്ക് തിരഞ്ഞെടുത്തിരുന്നത്. ആര്യയുടെ മനസ്സുമാറുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ മത്സരാര്‍ഥികളായിരുന്ന പലരും. മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിജയസാധ്യത കല്‍പിക്കപ്പെട്ടയാളായിരുന്നു കുംഭകോണം സ്വദേശി അബര്‍നദി ആര്യയെ അല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ലെന്ന് ഒരു അഭിമുഖത്തില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
‘ഞാന്‍ ആര്യയെ അല്ലാതെ വേറെ ആരെയും വിവാഹം കഴിക്കുകയില്ല. വിവാഹം കഴിച്ചില്ലെങ്കില്‍ ഞാന്‍ ഒറ്റയ്ക്ക് ജീവിക്കും. എനിക്കിപ്പോള്‍ വിവാഹത്തില്‍ താല്‍പര്യമില്ല. വിവാഹം അല്ലാതെ ജീവിതത്തില്‍ മറ്റു വലിയ കാര്യങ്ങളുണ്ട്. ആദ്യം അതെല്ലാം ചെയ്തു തീര്‍ക്കണം’- അബര്‍നദി പറഞ്ഞു.
മത്സരാര്‍ഥികളില്‍ പലര്‍ക്കും ഷോ കടുത്ത മാനസിക വിഷമമാണ് സമ്മാനിച്ചത്. ആര്യയുടെ മനസ്സ് മാറുമെന്ന് പ്രതീക്ഷിക്കുന്നവരും കുറവല്ല. എന്നാല്‍ ആര്യയെ ഇനി വിവാഹം ചെയ്യാന്‍ തയ്യാറല്ലെന്ന് ഫൈനലിലെത്തിയ മത്സരാര്‍ഥി സൂസന്‍ പറഞ്ഞു.
എങ്കവീട്ടു മാപ്പിളൈ സ്ത്രീകളെ അപമാനിക്കുന്ന ഷോ ആയിരുന്നുവെന്നാണ് മത്സരാര്‍ഥികളിലൊരാളായ ജനനി അഭിപ്രായപ്പെട്ടത്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന പരിപാടിയാണ്. ഫൈനലിലെത്തിയ മൂന്ന് പെണ്‍കുട്ടികളെയും വിവാഹത്തിന് മുന്നോടിയായുള്ള എല്ലാ ചടങ്ങുകളും ചെയ്യിച്ച് വേഷം കെട്ടിച്ചു. അവസാനം ആര്യ ആരെയും വേണ്ടെന്ന് പ്രഖ്യാപിച്ചു- ജനനി പറഞ്ഞു
മത്സരാര്‍ഥികളുടെ അഭിമുഖങ്ങള്‍ പുറത്തുവരും തോറും ആര്യയ്ക്ക് എതിരെയുള്ള വിമര്‍ശനങ്ങളും വര്‍ധിച്ചുവരികയാണ്. ഷോയ്ക്കെതിരേ സിനിമാ-രാഷ്ട്രീയ രംഗത്ത് നിന്നുള്ളവര്‍ മാത്രമല്ല വനിതാ സംഘടനകളും രംഗത്ത് വന്നു. ആര്യ പെണ്‍കുട്ടികളുടെ വികാരങ്ങളെ ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് പ്രധാന ആരോപണം.
ആര്യ പെണ്‍കുട്ടികളെ മോഹിപ്പിച്ച് വഞ്ചിച്ചുവെന്ന വിമര്‍ശനങ്ങളും ഉയരുകയാണ്. എന്നാല്‍, ഷോ സംബന്ധിച്ചുള്ള വിവാദങ്ങളോട് ആര്യ ഇതുവരെ കൃത്യമായി പ്രതികരിച്ചിട്ടില്ല.