എങ്ക വീട്ട് മാപ്പിള്ളൈ സ്‌ക്രിപ്റ്റഡ് അല്ല; ഞങ്ങള്‍ അവിടെ സുരക്ഷിതരായിരുന്നു; മത്സരാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍

ആര്യയുടെ വധുവിനെ കണ്ടെത്തുന്ന എങ്ക വീട്ട് മാപ്പിള്ളൈ എന്ന റിയാലിറ്റി ഷോ അവസാനിച്ചത് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ്. ആരെയും വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ആര്യ അവസാന നിമിഷത്തില്‍ വെളിപ്പെടുത്തിയത്. എല്ലാവരും ഞെട്ടലോടെയായിരുന്നു അത് കേട്ടത്. ഇപ്പോള്‍ താന്‍ വിവാഹിതനാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും കൂടുതല്‍ ആലോചിച്ച ശേഷം തീരുമാനത്തിലെത്താം എന്നും ആര്യ ഷോയില്‍ പറഞ്ഞു. കുടുംബത്തിലെ ചില പ്രശ്‌നങ്ങള്‍ കാരണം ഗോമതി എന്ന പെണ്‍കുട്ടി ഷോയില്‍ നിന്ന് പുറത്തായിരുന്നു. അവിടെ നടന്ന സംഭവങ്ങളെക്കുറിച്ചും ഷോയെക്കുറിച്ചും ഒരു അഭിമുഖത്തില്‍ ഗോമതി വെളിപ്പെടുത്തി.

ഗോമതിയുടെ വാക്കുകള്‍:

എങ്ക വീട്ട് മാപ്പിള്ളൈ സ്‌ക്രിപ്റ്റഡ് അല്ല. ഒരു പെണ്‍കുട്ടിക്കും പയ്യനും ഉണ്ടാകുന്ന ലവ് കണക്ഷന്‍ സ്‌ക്രിപ്റ്റിലൂടെ എങ്ങനെ കൊണ്ടുവരാന്‍ കഴിയും. അതൊക്കെ യഥാര്‍ത്ഥത്തില്‍ നടക്കുന്നവയാണ്. ഓരോ ദിവസം എന്താണ് ടാസ്‌ക് എന്ന് ഞങ്ങള്‍ക്കറിയില്ല. കാലത്ത് അവിടെ പോകുമ്പോഴാണ് എന്താണ് ഇന്നത്തെ വിഷയം എന്ന് മനസ്സിലാകുന്നത്. അവസാന ഘട്ടത്തെ ഷോപ്പിങ് എപ്പിസോഡ് എനിക്ക് ഇഷ്ടമായില്ല. മൂന്ന് മത്സരാര്‍ത്ഥികളോടും വിവാഹത്തിനായി ഒരുങ്ങാന്‍ ആവശ്യപ്പെടുന്നു. വലിയ സ്വപ്നങ്ങളോടെയാണ് അവര്‍ കുടുംബത്തോടൊപ്പം ഷോപ്പിങിന് ഇറങ്ങുന്നത്. ഇവരില്‍ ഒരാളെ ജയിപ്പിച്ച് അവരെ മാത്രം ഷോപ്പിങിന് അനുവദിക്കാമായിരുന്നു. ഒരാളെ തെരഞ്ഞെടുത്താല്‍ ബാക്കി രണ്ട് പേരുടെ വിവാഹം മുടങ്ങിയപോലുള്ള അവസ്ഥയാണ്. അത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റിയില്ല. അപര്‍ണതി എന്തും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവക്കാരിയാണ്. ഒന്നും മനസ്സില്‍ വയ്ക്കില്ല. ആരെയും വേദനിപ്പിക്കാന്‍ ആഗ്രഹിക്കില്ല. ഇന്നത്തെ കാലത്ത് മനസ്സിലൊന്ന് പുറത്ത് ഒന്ന് എന്ന രീതിക്കാണ് ആളുകളോട് പെരുമാറുന്നത്. എന്നാല്‍ അപര്‍ണതി അങ്ങനെയല്ല. നമ്മുടെ സംസ്‌കാരത്തെ തരം താഴ്ത്തുന്ന രീതിക്കുള്ള പരിപാടിയാണെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഞങ്ങള്‍ അവിടെ സുരക്ഷിതരായിരുന്നു.

Top