ആര്യയില്ലാതെ ഇനി ഒരു ജീവിതമില്ലെന്ന് തുറന്നു പറഞ്ഞ് ആര്യയുടെ പെണ്ണ് എന്നു വിശേഷിപ്പിക്കപ്പെട്ട അബര്‍നദി

നടന്‍ ആര്യയ്ക്ക് വധുവിനെ കണ്ടെത്താനായി തുടങ്ങിയ റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈ വന്‍ വിവാദത്തിലാണ് അവസാനിച്ചത്. തുടക്കം മുതല്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ റിയാലിറ്റിഷോയുടെ ഫൈനലില്‍ ഒരു ബോംബ് പൊട്ടിച്ചാണ് ആര്യ റിയാലിറ്റിഷോ അവസാനിപ്പിച്ചത്. ഫൈനലിലെത്തിയ മൂന്നു മത്സരാര്‍ഥികളില്‍ നിന്ന് ഒരാളെ വധുവായി തിരഞ്ഞെടുക്കാന്‍ കഴിയില്ലെന്നു പറഞ്ഞ ആര്യയുടെ പിന്മാറ്റമായിരുന്നു ആ ബോംബ്.

മത്സരം കഴിഞ്ഞതോടെ മത്സരാര്‍ഥികളും പലവഴി പിരിഞ്ഞു. എന്നാല്‍ മത്സരത്തിന്റെ അന്തിമ ഘട്ടത്തിനു മുന്‍പ് മത്സരത്തില്‍ നിന്നും പുറത്തായ ഒരു മത്സരാര്‍ഥി അന്നും ഇന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു. തമിഴ്‌നാട് കുംഭകോണം സ്വദേശി അബര്‍നദിയാണത്. ഷോയുടെ തുടക്കം മുതല്‍ തന്നെ ആര്യയ്ക്കു യോജിച്ച പെണ്‍കുട്ടി എന്ന മട്ടില്‍ അബര്‍നദിയുടെ പേരു പറഞ്ഞിരുന്നു. മത്സരത്തിന്റെ പല ഘട്ടങ്ങളിലും ആര്യയുടെ അടുത്ത സുഹൃത്തുക്കള്‍ പോലും അബര്‍നദിയാണ് ആര്യയ്ക്ക് യോജിച്ച വധുവെന്ന് പലകുറി പറഞ്ഞിരുന്നു.

എന്നാല്‍ അപ്രതീക്ഷിതമായി അവര്‍ ഷോയില്‍ നിന്ന് പുറത്തായി. വികാരനിര്‍ഭരമായാണ് അവര്‍ ആ വേദിയില്‍ നിന്ന് വിടവാങ്ങിയത്. ഫൈനല്‍ മത്സരം കാണാനും അബര്‍നദിയെത്തിയിരുന്നു. തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും അത് പിന്നീട് പറയാമെന്നുമാണ് അവര്‍ അന്ന് പറഞ്ഞിരുന്നത്. ഈ അടുത്ത് ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അബര്‍നദി ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞു. വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അത് ആര്യയെ മാത്രമായിരിക്കുമെന്നും ആര്യയെ വിവാഹം കഴിക്കാന്‍ സാധിച്ചില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ അവിവാഹിതയായി തുടരുമെന്നും അവര്‍ പറഞ്ഞു.

മത്സരത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ആര്യയോട് ഉള്ളില്‍ ചെറിയൊരിഷ്ടം മാത്രമേ ഉണ്ടായിരുന്നുള്ളെന്നും എന്നാല്‍ മത്സരത്തില്‍ പങ്കെടുക്കുമ്പോഴും അതുകഴിഞ്ഞ് മത്സരത്തില്‍ നിന്ന് പുറത്തായപ്പോഴുമൊക്കെ ആര്യ തന്റെ ഹൃദയത്തിലിടം പിടിച്ചുവെന്നും അവര്‍ പറയുന്നു. ആര്യയെ വിവാഹം കഴിക്കാനായില്ലെങ്കില്‍ വിവാഹം തന്നെ വേണ്ടെന്നു വയ്ക്കുമെന്നാണ് അബര്‍ നദി തുറന്നു പറഞ്ഞിരിക്കുന്നത്. ഷോയില്‍ തന്റെ പെരുമാറ്റത്തെക്കുറിച്ച് പലതരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചു കാണുമെന്നും എന്നാല്‍ മനസ്സില്‍ തോന്നിയ കാര്യം മാത്രമാണ് അവിടെ ചെയ്തതെന്നും അതൊന്നും സ്‌ക്രിപ്റ്റ് അനുസരിച്ചല്ലെന്നും അബര്‍നദി വ്യക്തമാക്കി. തന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും തെറ്റു സംഭവിച്ചെങ്കില്‍ ക്ഷമിക്കണമെന്നും അബര്‍നദി പറയുന്നു.

Top