ഫെബ്രുവരി 27ന് രാധാ നൃത്തത്തിനു ശേഷം നീയെന്നെ എടുത്തുപൊക്കി; മാര്‍ച്ച് 27ന് നീ എന്നെ എലിമിനേറ്റ് ചെയ്യാതെ ഫൈനലിസ്റ്റില്‍ ഇടംനല്‍കി; മലയാളി പെണ്‍കുട്ടി സീതാലക്ഷ്മിക്ക് ആര്യയെക്കുറിച്ച് പറയാനുള്ളത്…

നടന്‍ ആര്യയ്ക്ക് വധുവിനെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈ വന്‍ വിവാദത്തിലാണ് അവസാനിച്ചത്. റിയാലിറ്റി ഷോ ഫൈനലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. മൂന്നു പെണ്‍കുട്ടികളാണ് ഫൈനലില്‍ ഇടം നേടിയത്. എന്നാല്‍ ഫൈനലില്‍ അപ്രതീക്ഷിത പ്രഖ്യാപനം നടത്തി ആര്യ എല്ലാവരെയും ഞെട്ടിച്ചു. ഒരാളെ തിരഞ്ഞെടുത്ത് മറ്റു രണ്ടു പേരെ നിരാശനാക്കാന്‍ തന്റെ മനസ് അനുവദിക്കുന്നില്ലെന്നു പറഞ്ഞാണ് താരം തടിതപ്പിയത്. ആര്യ പെണ്‍കുട്ടികളെ ചതിച്ചെന്ന രീതിയിലാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കത്തിക്കയറിയത്. എന്നാല്‍ ഇപ്പോഴത്തെ വിഷയം അതൊന്നുമല്ല. ഫൈനലിസ്റ്റുകളിലൊരാളായ സീതാലക്ഷ്മി ആര്യയെക്കുറിച്ചു സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റ് ആണ് ഇപ്പോള്‍ വൈറലാകുന്നത്. ഷോയില്‍ കുഞ്ചു എന്നറിയപ്പെടുന്ന പാലക്കാട് സ്വദേശിനി സീതാലക്ഷ്മി പ്രത്യേക ശൈലിയിലുള്ള സംസാരവും പെരുമാറ്റവും കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. ഫൈനലില്‍ വധുവിന്റെ വേഷത്തില്‍ പ്രതീക്ഷയോടെ കാത്തുനില്‍ക്കുമ്പോള്‍ ആര്യ നടത്തിയ നിരാശപ്പെടുത്തുന്ന വെളിപ്പെടുത്തല്‍ സീതാലക്ഷ്മിയെ തളര്‍ത്തിയിട്ടില്ല. മാത്രമല്ല ഇപ്പോഴും സീതാലക്ഷ്മി ആര്യയെ ജീവനുതുല്യം സ്‌നേഹിക്കുന്നുമുണ്ടെന്നു വ്യക്തമാക്കുന്നതാണ് പോസ്റ്റ്.                      ”എനിക്കറിയില്ല ആദ്യദിവസം മുതല്‍ ഞാന്‍ തിരിച്ചറിയുന്നുണ്ട്, 27ാം തീയതിയില്‍ എ?ന്തെങ്കിലും സ്‌പെഷലായി സംഭവിക്കാറുണ്ട്. ജനുവരി 27നാണ് നമ്മള്‍ കാണുന്നതും ഞാന്‍ നിന്നെ പ്രൊപോസ് ചെയ്യുന്നതും. ഫെബ്രുവരി 27ന് രാധാ നൃത്തത്തിനു ശേഷം നീയെന്നെ എടുത്തുപൊക്കി. മാര്‍ച്ച് 27ന് നീ എന്നെ എലിമിനേറ്റ് ചെയ്യാതെ ഫൈനലിസ്റ്റില്‍ ഇടംനല്‍കി. എന്റെ ജീവിതത്തില്‍ എക്കാലവും സംഭവിച്ച ഏറ്റവുംനല്ല കാര്യമാണു നീ. കാരണം നിന്നെ കണ്ടുമുട്ടിയതിനുശേഷമാണ് എല്ലാം ശരിയായ വഴിക്കുവന്നത്. എന്റെ കുടുംബം, എന്റെ സുഹൃത്തുക്കള്‍, എന്റെ പാഷന്‍.. നിനക്ക് ജീവിതത്തില്‍ ഏറ്റവും മികച്ചതു തന്നെ ലഭിക്കട്ടെ. എന്തെന്നാല്‍ നീ ആത്മാര്‍ഥമായും അത് അര്‍ഹിക്കുന്നുണ്ട്. ഒരുപാടു സ്‌നേഹത്തോടെ, കുഞ്ചു”സീതാലക്ഷ്മി കുറിക്കുന്നു. എങ്ക വീട്ടു മാപ്പിളൈയുടെ വിജയിയെ ആര്യ വിവാഹം കഴിക്കുമോയെന്ന കാര്യത്തില്‍ തുടക്കം മുതല്‍ ആരാധകര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പെണ്‍മനസ്സുകളെ തട്ടിക്കളിച്ചാണോ ആര്യയുടെ വധുവിനെ കണ്ടെത്തേണ്ടതെന്ന് പലരും ചോദ്യം ഉന്നയിച്ചിരുന്നു. ആര്യയുടെ ഇഷ്ടങ്ങള്‍ അറിഞ്ഞു പെരുമാറുകയും മനസ്സിനിണങ്ങുകയും ചെയ്യുന്ന വധുവിനെ കണ്ടെത്താനായി നിരവധി ടാസ്‌ക്കുകളും ചെയ്യിച്ചിരുന്നു. ഒടുവില്‍ സൂസന്ന, സീതാലക്ഷ്മി, അഗത എന്നീ മൂന്നു പെണ്‍കുട്ടികളാണ് ഫൈനല്‍ ലിസ്റ്റില്‍ ഇടം നേടിയിരുന്നത്. എന്നാല്‍ ഇതെല്ലാം വെറും പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലുയരുന്ന വാദം. തനിക്ക് വിവാഹപ്രായമായെന്നും വധുവിനെ ആവശ്യമുണ്ടെന്നും പറഞ്ഞ് ആര്യ തന്നെയാണ് ഫേസ്ബുക്കില്‍ ഒരു വിഡിയോ ഇട്ടിരുന്നത്. സിനിമ മേഖലയില്‍ നിന്നുള്ളവര്‍ വേണമെന്ന് നിര്‍ബന്ധമില്ലെന്നും, തന്നെ സ്‌നേഹിക്കുന്ന ഒരു പെണ്‍കുട്ടിയായാല്‍ മതിയെന്നുമായിരുന്നു ആര്യ പറഞ്ഞത്. താല്‍പര്യമുള്ളവര്‍ക്ക് വിളിക്കാന്‍ മൊബൈല്‍ നമ്പറും നല്‍കി. ഇതു കൂടാതെ രജിസ്ട്രേഷനുള്ള വെബ്സൈറ്റും ആര്യ ഫേസ്ബുക്ക് ലൈവില്‍ പുറത്തുവിട്ടു. തുടര്‍ന്നാണ് ആര്യയുടെ വിവാഹം റിയാലിറ്റി ഷോയുടെ തുടക്കമായിരുന്നെന്നു തിരിച്ചറിഞ്ഞത്. ആര്യയെ വരനായി ലഭിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഒരു ലക്ഷത്തിലധികം കോളുകളാണ് വന്നിരുന്നത്. 7000 അപേക്ഷകരില്‍ നിന്നായി 16 പേരെയായിരുന്നു തിരഞ്ഞെടുത്തത്. ആര്യ വാക്കു പാലിക്കാഞ്ഞത് പ്രേക്ഷകരെയാകെ നിരാശരാക്കി. എന്നാല്‍ ഇപ്പോള്‍ സീതാലക്ഷ്മിയുടെ വാക്കുകള്‍ പലരെയും ഞെട്ടിച്ചിരിക്കുകയാണ്.

Top