കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനാ കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ജാമ്യം. 86 ദിവസം ജയിലില്‍ കഴിഞ്ഞ ദിലീപിന് കര്‍ശന ഉപാധികളോടെ പുറത്തിറങ്ങാം. കഴിഞ്ഞ രണ്ടു തവണയും ജാമ്യം നിഷേധിച്ച ജസ്റ്റീസ് സുനിൽ പി. തോമസാണ് മൂന്നാം ഹർജിയിൽ ജാമ്യം അനുവദിച്ചത് എന്നതും ശ്രദ്ധേയമാണ്.ഉപാധികളോടെയാണ് താരത്തിന് ജാമ്യം നൽകിയിരിക്കുന്നത്. പാസ്പോർട്ട് ഏഴ് ദിവസത്തിനകം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കണം, ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം വേണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, തെളിവുകൾ നശിപ്പിക്കരുത്, അന്വേഷണ സംഘം ആവശ്യപ്പെടുന്പോൾ ഹാജരാകണം തുടങ്ങിയ ഉപാധികളാണ് കോടതി ജാമ്യത്തിനായി മുന്നോട്ടുവച്ചിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് ലഭിച്ചാലുടൽ ജയിലിൽ നിന്നും താരത്തിന് പുറത്തിറങ്ങാം.
അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാവണം. ഒരു ലക്ഷം രൂപയുടെ ബോണ്ട് കോടതിയില്‍ കെട്ടിവെയ്ക്കണം. പാസ്പോര്‍ട്ട് കോടതിയില്‍ നല്‍കണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബഞ്ചാണ് ഇന്ന് ജാമ്യം അനുവദിച്ചത്.കേസിന്റെ കുറ്റപത്രം ഈയാഴ്ച സമര്‍പ്പിക്കുമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. കേസില്‍ അഞ്ചാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുന്നത്. നേരത്തെ രണ്ട് തവണ ആലുവ മജിസ്ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു. അഞ്ചാം തവണ ജാമ്യേപേക്ഷയുമായി കോടതിയെ സമീപിച്ചപ്പോള്‍ നേരത്തെ ഉണ്ടായിരുന്ന സാഹചര്യത്തില്‍ എന്ത് മാറ്റമാണ് വന്നതെന്ന് കോടതി ചോദിച്ചിരുന്നു. തുടര്‍ന്നാണ് വാദം നടന്നത്. കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിന്റെ ആരോപണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്നും അനന്തമായി അന്വേഷണം മുന്നോട്ട് പോവുകയാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു.90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ദിലീപിന് സ്വാഭാവിക ജാമ്യം ലഭിക്കുമായിരുന്നു. ഇതിന് നാല് ദിവസം ശേഷിക്കെയാണ് ഇന്ന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതോടെ കുറ്റപത്രം നാല് ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് നിര്‍ബന്ധിതാവസ്ഥയും അന്വേഷണ സംഘത്തിന് മുന്നില്‍ ഇനിയില്ല.