തൃശൂര്‍: മണിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ പല റിപ്പോര്‍ട്ടിലും വൈരുദ്ധ്യമുള്ളതായിട്ടാണ് കണ്ടത്. ഇതേതുടര്‍ന്ന് പാഡിയിലുണ്ടായിരുന്ന സുഹൃത്തുക്കളെയും സഹായികളെയും നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. മണിയുടെ ആത്മസുഹൃത്ത് ജാഫര്‍ ഇടുക്കി നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു.
അതേസമയം, മണിയുടെ മരണം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ മനുഷ്യാവകാശ കമീഷന്‍ ഡിജിപിയോട് ആവശ്യപ്പെട്ടു. അന്വേഷണം സിബിഐക്ക് വിടണം എന്നാവശ്യപ്പെട്ട് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. പരിശോധനാഫലങ്ങളിലെ വൈരുദ്ധ്യം സംബന്ധിച്ചും റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിനുള്ള മറുപടിയായി സിബിഐ അന്വേഷണത്തിനുള്ള നടപടിയിലാണ് എന്ന ഒറ്റവരി മറുപടിയാണ് ഡിജിപി നല്‍കിയത്.
ഈ മറുപടിയില്‍ തൃപ്തിയാകാതെയാണ് വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നു ഡിജിപിയോടു കമ്മീഷന്‍ നിര്‍ദേശിച്ചത്. തൃശൂരില്‍ ഇന്ന് നടന്ന സിറ്റിങില്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ പരാതി പരിഗണിച്ചാണ് കമീഷനംഗം കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടത്. അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മുമ്പ് രാമകൃഷ്ണന്‍ മനുഷ്യാവകാശ കമീഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.
ഇതോടൊപ്പം, മണിയുടെ മരണ കാരണം സംബന്ധിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ലബോറട്ടറി പരിശോധനയിലും കണ്ട വൈരുധ്യങ്ങളെക്കുറിച്ച് നിലവില്‍ വേണ്ടത്ര അന്വേഷണം നടക്കുന്നില്ലെന്നും പറഞ്ഞിരുന്നു.