
തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുകയാണ്. പോലീസിന്റെ അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തി മണിയുടെ കുടുംബവും രംഗത്തെത്തി. അന്വേഷണം മൊഴികള്‍ രേഖപ്പെടുത്തല്‍ മാത്രമായി ചുരുങ്ങിയെന്നു സഹോദരന്‍ രാമകൃഷ്ണന്‍ പറയുന്നു.
മണിയുടെ മരണം കൊലപാതകം തന്നെയാണെന്ന് സഹോദരന്‍ പറയുന്നു. മരണത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധമുണ്ട്. മലയാളത്തിന്റെ പ്രിയ നടന്റെ മരണം നടന്ന് രണ്ട് മാസം പിന്നിട്ടിരിക്കുന്നു. കാക്കനാട് ലാബില്‍ നിന്നും ഹൈദരാബാദിലെ സെന്‍ട്രല്‍ ലാബിലേക്ക് കൊണ്ടുപോയ ആന്തരികവായവങ്ങളിലെ വിഷസാന്നിധ്യത്തിന്റെ അളവ് സംബന്ധിച്ച് ഇനിയും വിവരമല്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം സംബന്ധിച്ച വിശ്വാസ്യത നഷ്ടപ്പെട്ടു തുടങ്ങിയെന്ന പ്രതികരണവുമായി സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തിയത്.
മണിയുടെ മരണത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധമുണ്ടെന്ന തങ്ങളുടെ സംശയം ബലപ്പെടുകയാണ് .മണിയെ തേടി പാഡിയിലെത്തുന്നവരില്‍ പലരുമായി സാമ്പത്തിക ഇടപാടുകളുണ്ട്. പണം തിരികെ ചോദിച്ചതിനെ തുടര്‍ന്ന് പലര്‍ക്കും അങ്കലാപ്പുണ്ടായിരുന്നു. മണിക്ക് ഒപ്പമുണ്ടായിരുന്നവര്‍ തുടര്‍ച്ചയായി മദ്യം നല്‍കുമായിരുന്നു. ഇതില്‍ ഘട്ടംഘട്ടമായി വിഷം കലര്‍ത്തിയിരുന്നതായും തങ്ങള്‍ക്ക് സംശയമുണ്ട്.
പാഡിയോട് ചേര്‍ന്ന സ്ഥലത്ത് മണി വീട് നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ജീവിതത്തെ കുറിച്ച് ദീര്‍ഘവീക്ഷണമുള്ള മണി ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല. അന്വേഷണം കേവലം മൊഴികള്‍ രേഖപ്പെടുത്തല്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്.
മണിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ച് അറിയുന്ന കാര്യങ്ങള്‍ അന്വേഷണസംഘത്തെ ധരിപ്പിച്ചിട്ടുണ്ട്. അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ നീതിക്ക് വേണ്ടി കലാഭവന്‍ മണിയുടെ കുടുംബം സമരം ചെയ്യേണ്ട അവസ്ഥയിലാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു.