പാലക്കാട്: ആദ്യം മുതല്‍ വിവരങ്ങള്‍ മറച്ചുവെച്ച് നടന്‍ ശ്രീജിത് രവിയുടെ മുഖം രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ടെന്ന് ആരോപണം. നടന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന രീതിയിലുള്ള റിപ്പോര്‍ട്ടാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
നടന്‍ മനഃപൂര്‍വ്വം പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രകടിപ്പിച്ചതല്ലെന്ന പൊലീസിന്റ വാദമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ശ്രീജിത് ആരുമായോ സെക്സ് ചാറ്റ് നടത്തുന്ന സമയത്ത് കുട്ടികള്‍ അതുവഴി കടന്നുവരികയായിരുന്നുവെന്നാണ് പൊലീസിന്റെ പുതിയ വാദം. സംഭവത്തില്‍ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് പറയുന്നത് തെറ്റാണെന്നും പൊലീസ് പറയുന്നു. ഇത്തരം വാദങ്ങള്‍ ഉയര്‍ത്തുന്നത് താരസംഘടനയായ അമ്മയില്‍ അംഗമായ നടനെ രക്ഷിക്കാന്‍ വേണ്ടിയുള്ള നീക്കങ്ങളുടെ ഭാഗമായാണെന്നാണ് ആരോപണം ഉയരുന്നത്.
അതേസമയം ഈ കേസുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ തന്നെ പൊലീസ് ഉഴപ്പുന്ന സമീപനമാണ് സ്വീകരിച്ചതെന്നാണ് പെണ്‍കുട്ടികളുടെ രക്ഷിതാക്കളും മാതാപിതാക്കളും പറയുന്നത്. നടനോള്ളു മൃദു സമീപനത്തിന് പിന്നില്‍ ചില സിനിമാക്കാരായ രാഷ്ട്രീയക്കാരാണെന്നും ഇവര്‍ സംശയിക്കുന്നുണ്ട്. കേസില്‍ ശ്രീജിത് രവി അറിഞ്ഞുകൊണ്ടല്ല തെറ്റ് ചെയ്തതെന്നും എന്നാല്‍ ഇത് ന്യായീകരിക്കാന്‍ സാധിക്കെല്ലെന്നുമാണ് പൊലീസ് ഇപ്പോള്‍ പറയുന്നത്. ഇന്ന് പെണ്‍കുട്ടികള്‍ വീണ്ടു തിരിച്ചറിയല്‍ പരേഡ് നടത്തിയ ശേഷം ശ്രീജിത് രവിയുടെ അറസ്റ്റു രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുകയും ചെയ്യും.പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. എന്നാല്‍, സെക്സ് ചാറ്റിന്റെയും മറ്റും കഥ പറയുന്നത് നടനെ പോസ്‌കോയില്‍ നിന്നും രക്ഷിക്കാനാണെന്നും ആരോപണമുണ്ട്. വിജനമായ വഴിയില്‍ വച്ചാണ് സംഭവം നടന്നത്. ശ്രീജിത് രവി തന്റെ കാറിലിരുന്ന ഒരാളോട് വീഡിയോ കോണ്‍ഫറന്‍സിലൂടെ സെക്സ് ചാറ്റ് നടത്തുകയായിരുന്നു. ഈ സമയത്ത് പെണ്‍കുട്ടികള്‍ അത് വഴി കടന്നു വരികയായിരുന്നു. വീഡിയോ കോണ്‍ഫറന്‍സില്‍ നടന്‍ ആരുമായോ സംസാരിക്കുന്നത് കണ്ടിട്ടാണ് കുട്ടികള്‍ അവരെ കൂടി ഉള്‍പ്പെടുത്തി നടന്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയാണോയെന്ന് തെറ്റിദ്ധരിച്ചതാണെന്നുമാണ് ശ്രീജിത് രവിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നിരത്തുന്ന വാദം.
അതേസമയം പെണ്‍കുട്ടികളെ അപമാനിക്കുന്ന രീതിയില്‍ മനഃപൂര്‍വ്വം പെരുമാറിയില്ലെന്ന് നടന്‍ പറയുന്നുണ്ടെങ്കിലും പൊതു സ്ഥലത്ത് ഇത്തരം പെരുമാറ്റങ്ങള്‍ കുറ്റകരമാണെന്നും പൊതു വഴിയായതിനാല്‍ കുട്ടികല്‍ കാണാന്‍ സാധ്യതയുണ്ടെന്നും അറിയുന്ന ആളായതിനാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയില്ലെന്നും പൊലീസ് വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ലഭിക്കാന്‍ സമീപിച്ചപ്പോള്‍ ആദ്യം മുതല്‍ വസ്തുതകള്‍ മറച്ചുവെയ്ക്കുന്ന സമീപനമാണ് പൊലീസിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഓഗസറ്റ് 27നാണ് സംഭവം നടന്നത്.