മഴക്കെടുതിയെ അതിജീവിക്കാന്‍ കേരളത്തിന് സഹായവുമായി തമിഴ് സിനിമാ താരങ്ങളും ഫാന്‍സ് അസോസിയേഷനുകളും. സൂര്യ കാര്‍ത്തി സഹോദരങ്ങള്‍ 25 ലക്ഷം രൂപ നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. തുടര്‍ന്ന് 25 ലക്ഷം പ്രഖ്യാപിച്ച് കമല്‍ഹാസനും രംഗത്തെത്തി.
മക്കള്‍ നീതി മയ്യം നേതാവുകൂടിയായ കമല്‍ഹാസന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കമല്‍ സംഭാവന നല്‍കി. വിജയ് ടിവിയും 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. സൂപ്പര്‍ താരം വിജയുടെ ഫാന്‍സ് അസ്സോസിയേഷന്‍ ദുരിത ബാധിതര്‍ക്ക് സഹായവുമായി നേരിട്ടിറങ്ങി.
എന്നാല്‍ മലയാളി താരങ്ങള്‍ സംഭാവന നല്‍കുന്നതായി വെളിപ്പെടുത്താത്തതിനാല്‍ പലരുടേയും വാളില്‍ ഫാന്‍സുകാര്‍ തന്നെ ചോദ്യം ഉന്നയിച്ചു കഴിഞ്ഞു. താര സംഘടനയായ എഎംഎംഎ 10 ലക്ഷമാണ് സംഭാവനയായി നല്‍കിയത്. ഇതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. കോടികള്‍ വാങ്ങുന്നവര്‍ക്ക് ഒരു കോടിയെങ്കിലും നല്‍കാന്‍ കഴിയില്ലേ എന്നാണ് പലരും ചോദിക്കുന്നത്.
ഇപ്പോഴും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ടു ദിവസമായി തുടരുന്ന മഴയില്‍ സംസ്ഥാനത്തു മരണം 30 ആയി. നാലുപേരെ കാണാതായി. വയനാട്, ഇടുക്കി ജില്ലകളില്‍ ഈമാസം 14 വരെ അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പുറപ്പെടുവിച്ചിട്ടുണ്ട്.