നടിയെ ആക്രമിച്ച സംഭവം : മുഖ്യപ്രതി അറസ്റ്റില്‍

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതികളിലൊരാള്‍ പിടിയില്‍. നടിക്ക് നേരെ അതിക്രമം നടത്തിയ സമയത്ത് കാറില്‍ ഉണ്ടായിരുന്ന മുഖ്യപ്രതികളില്‍ ഒരാളായ മണികണ്ഠനെയാണ് പോലീസ് പിടി കൂടിയത്.പാലക്കാട് നിന്നുമാണ് ഇയാളെ പിടികൂടിയത്. തമ്മനം സ്വദേശിയാണ് മണികണ്ഠന്‍. ഇനി പിടിയിലാകാനുളള മറ്റുരണ്ടുപേര്‍ക്ക് ഇയാളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. പൊലീസിന്റെ കസ്റ്റഡിയിലുളള മറ്റുരണ്ടുപേര്‍ നല്‍കിയ മൊഴിയില്‍ പള്‍സര്‍ സുനി, വിജേഷ്, മണികണ്ഠന്‍ എന്നിങ്ങനെ മൂന്നുപേരാണ് നടിയെ ആക്രമിച്ചതെന്നാണ് വിവരം.

ഇവര്‍ മൂന്നുപേരും മൂന്നുവഴിക്ക് തിരിഞ്ഞതായിട്ടാണ് പൊലീസ് നല്‍കുന്ന വിവരം. ബാക്കിയുളള രണ്ടുപേര്‍ക്കായി ഊര്‍ജിത അന്വേഷണം നടത്തുകയാണ്. യുവനടി ആക്രമിക്കപ്പെട്ടപ്പോള്‍ വാഹനത്തില്‍ മൂന്നുപേര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് വാഹനത്തിലുണ്ടായിരുന്ന സലീമും പ്രദീപും നല്‍കിയ മൊഴി. പാലാരിവട്ടത്ത് തങ്ങള്‍ ഇറങ്ങിയതിന് ശേഷമാണ് നടി ആക്രമിക്കപ്പെടുന്നതെന്നും ഇരുവരും മൊഴിയില്‍ പറയുന്നു. തങ്ങള്‍ കാറില്‍ കയറിയത് കളമശേരിയില്‍ നിന്നുമാണെന്നും പാലാരിവട്ടത്ത് ഇറങ്ങിയെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ നടി നല്‍കിയ മൊഴിയിലും മൂന്നുപേരാണ് തന്നെ ആക്രമിച്ചതെന്നാണ് പറഞ്ഞത്.

അതേസമയം നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. നാളെയാണ് ഹൈക്കോടതി സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഇയാള്‍ക്കായി ഊര്‍ജിതമായ അന്വേഷണം നടത്തുകയാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. പള്‍സര്‍ സുനി ഏല്‍പ്പിച്ചതായി പറയുന്ന മൊബൈല്‍ ഇന്ന് സുനിയുടെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. നടിയെ ആക്രമിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന വെളുത്ത നിറത്തിലുളള ഈ മൊബൈലിലാണെന്നാണ് പ്രാഥമിക നിഗമനങ്ങള്‍.

പെരുമ്പാവൂര്‍ സ്വദേശിയായ സുനില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. സുനിയെ രക്ഷപെടാന്‍ സഹായിച്ച അമ്പലപ്പുഴ സ്വദേശി അന്‍വറെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം പാലാരിവട്ടത്തുനിന്ന് പള്‍സര്‍ സുനി ആലപ്പുഴയില്‍ എത്തിയിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. എന്നാല്‍ വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും ഇയാള്‍ കടന്നുകളഞ്ഞു. മറ്റാരുടെയോ ക്വട്ടേഷന്‍ ഏറ്റെടുത്ത് സുനി നടപ്പാക്കിയ കൃത്യമായിരുന്നോ ഇതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

നടി നല്‍കിയ മൊഴി പ്രകാരമാണ് ഇത്. മുഖം മറച്ചാണ് സുനി തന്റെ കാറില്‍ കയറിയതെന്നും വാഹനം മുന്നോട്ടുനീങ്ങവേയാണ് സുനിയെ തിരിച്ചറിഞ്ഞതെന്നും നടി മൊഴി നല്‍കി. തന്നെ തിരിച്ചറിഞ്ഞു എന്ന് മനസിലായപ്പോള്‍ താന്‍ നടപ്പാക്കുന്നത് ഒരു ക്വട്ടേഷനാണെന്നും എതിര്‍ത്താല്‍ കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാവുമെന്നും സുനി പറഞ്ഞതായും നടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഫെബ്രുവരി 18 വെള്ളിയാഴ്ച വൈകീട്ടാണ് തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ നെടുമ്പാശ്ശേരി അത്താണിയില്‍ വച്ചാണ് കാറിലേക്ക് ഒരു സംഘം ഇരച്ചു കയറി യുവനടി സഞ്ചരിച്ചിരുന്ന വാഹനം തട്ടിയെടുത്തത്.

 

സംഭവത്തിന്റെ ആസൂത്രകനായ പള്‍സര്‍ സുനിയടക്കം മൂന്ന് പേര്‍ക്കായി പോലീസ് നടത്തിയ വ്യാപകമായ തെരച്ചിലിനിടെയാണ് പള്‍സര്‍ സുനിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മണികണ്ഠനെ പാലക്കാട് നിന്ന് പിടികൂടിയത്. മൂന്ന് പ്രധാന പ്രതികളും മൂന്നായി പിരിഞ്ഞു മൂന്ന് വഴിക്ക് സഞ്ചരിക്കുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. നഗരമധ്യത്തില്‍ നിന്ന് രക്ഷപ്പെട്ട മണികണ്ഠനെ പിടികൂടാനായതോടെ സുനിയടക്കമുള്ളവരിലേക്ക് വേഗം എത്താനാവുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. കേസില്‍ നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിന്‍, വടിവാള്‍ സലിം,പ്രദീപ് എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പള്‍സര്‍ സുനി, വിജീഷ് എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top