നടിയെ ആക്രമിച്ചത് 30 ലക്ഷം രൂപ തട്ടിയെടുക്കാനെന്ന് പ്രതി

കൊച്ചി: സിനിമനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തില്‍ രണ്ടുപേര്‍കൂടി പിടിയില്‍.മലയാളി നടിയെ ആക്രമിക്കാന്‍ മുന്‍ ഡ്രൈവര്‍ സുനില്‍ കുമാര്‍ (പള്‍സര്‍ സുനി) വാഗ്ദാനം ചെയ്തത് 30 ലക്ഷം രൂപയെന്ന് പിടിയിലായവരുടെ മൊഴി. എന്നാല്‍, കാറിലെ അതിക്രമത്തിനുശേഷം സുനി പണം നല്‍കിയില്ലെന്നും അറസ്റ്റിലായവര്‍ പൊലീസില്‍ മൊഴി നല്‍കി. നടിയെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാനായിരുന്നു ശ്രമമെന്നും പിടിയിലായവര്‍ പറഞ്ഞു.മുഖ്യസൂത്രധാരന്‍ പെരുമ്പാവൂര്‍ ഇളമ്പകപ്പള്ളി നെടുവേലിക്കുടി പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്‍െറ കൂട്ടാളികളായ വടിവാള്‍ സലീം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവരാണ് കോയമ്പത്തൂരില്‍നിന്ന് പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ അന്വേഷണസംഘത്തിന്‍െറ പിടിയിലായ ഇവരെ ഞായറാഴ്ചതന്നെ ആലുവയില്‍ എത്തിച്ചു. ഉപദ്രവം നടന്ന കാര്‍ ഓടിച്ചിരുന്ന ചാലക്കുടി കൊരട്ടി തിരുമുടിക്കുന്ന് പൗവത്തിശേരി വീട്ടില്‍ മാര്‍ട്ടിന്‍ ആന്‍റണിയെ (24) ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, ഒളിവില്‍ കഴിയുന്ന പള്‍സര്‍ സുനി, മണികണ്ഠന്‍, വിജീഷ് എന്നിവര്‍ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങള്‍ക്ക് പൊലീസ് ലുക്ക്ഒൗട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവര്‍ സംസ്ഥാനം വിട്ട് പോയിട്ടില്ളെന്ന നിഗമനത്തിലാണ് പൊലീസ്. ഇവര്‍ രക്ഷപ്പെട്ട ടാറ്റ എയ്സ് വാഹനവും പൊലീസ് തിരിച്ചറിഞ്ഞു.
നടിയെ പള്‍സര്‍ സുനി മാത്രമാണ് ഉപദ്രവിച്ചതെന്നാണ് പിടിയിലായ മാര്‍ട്ടിന്‍ ചോദ്യം ചെയ്യലില്‍ മൊഴിനല്‍കിയത്. തട്ടിക്കൊണ്ടുപോകുന്നതിനുള്ള ആസൂത്രണവും ഗൂഢാലോചനയും ഏതാണ്ട് ഒരുമാസം മുമ്പ് സുനിയുടെ നേതൃത്വത്തില്‍ നടന്നതായും അവസരം ലഭിച്ചാല്‍ ആലോചിച്ചുറപ്പിച്ച പദ്ധതി നടപ്പാക്കണമെന്ന് സുനി പറഞ്ഞിരുന്നതായും മാര്‍ട്ടിന്‍ മൊഴി നല്‍കി. പദ്ധതി വിജയിച്ചാല്‍ ബ്ളാക്ക്മെയില്‍ ചെയ്ത് 30 ലക്ഷമെങ്കിലും നേടാമെന്നും അതില്‍ നല്ളൊരുപങ്ക് തനിക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെന്നും ഇയാള്‍ മൊഴി നല്‍കി. എന്നാല്‍, ഞായറാഴ്ച പിടിയിലായ വടിവാള്‍ സലീമും പ്രദീപും തങ്ങള്‍ക്ക് പദ്ധതിയെക്കുറിച്ച് ഒന്നുമറിയില്ളെന്ന മൊഴിയാണ് നല്‍കിയത്. സുനിയുടെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കുകമാത്രമാണ് ചെയ്തതെന്നാണ് ഇവരുടെ മൊഴിയിലുള്ളത്.
കേസില്‍ ആറുപേര്‍ മാത്രമാണ് നേരിട്ട് ഇടപെട്ടിട്ടുള്ളതെങ്കിലും പ്രതികള്‍ക്ക് രക്ഷപ്പെടാനും ഒളിവില്‍ താമസിക്കാനും കൂടുതല്‍ പേരുടെ സഹായം ലഭിച്ചതായി കണ്ടത്തെിയിട്ടുണ്ട്. ഇവര്‍ ആരൊക്കെയാണെന്ന പരിശോധനയും പൊലീസ് നടത്തിവരുകയാണ്. അതേസമയം, സംഘത്തിലുള്ളത് വന്‍കിട ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുള്ളവരല്ളെന്നാണ് അന്വേഷണസംഘം വെളിപ്പെടുത്തുന്നത്.കൊച്ചിയില്‍ തമ്മനത്തെ ചെറുകിട ഗുണ്ടസംഘങ്ങളില്‍പെട്ടവരാണ് പ്രതികള്‍. ഡ്രൈവര്‍, ബസ് കണ്ടക്ടര്‍ എന്നിങ്ങനെയുള്ളവരാണ് പിടിയിലായവരില്‍ ചിലര്‍. ഇതുവരെ കേസുകളില്‍ ഒന്നുംപെടാത്ത ഒരാളും പ്രതിപ്പട്ടികയിലുണ്ടെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. ഇവര്‍ക്ക് സിനിമയുമായി ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.
സംഭവദിവസം പ്രതികള്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ ഫോറന്‍സിക് വിഭാഗം ഞായറാഴ്ച പരിശോധിച്ചു. വാഹനത്തില്‍നിന്ന് പ്രതികളുടെ വസ്ത്രങ്ങളും വിരലടയാളങ്ങളും തലമുടി നാരുകളും കണ്ടെടുത്തിട്ടുണ്ട്. മൂന്നുദിവസം മുമ്പാണ് ചാലക്കുടി സ്വദേശി കാറ്ററിങ്ങിന് ഉപയോഗിച്ചിരുന്ന ടെമ്പോ ട്രാവലര്‍ സിനിമ ആവശ്യത്തിന് വാടകക്കെടുത്തത്. വാഹനം തമ്മനം-പുല്ളേപ്പടി റോഡില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടത്തെിയത്.
തൃശൂരില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് നടി സഞ്ചരിച്ച വാഹനം പിന്തുടര്‍ന്ന് പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. പീഡനശ്രമം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ബലപ്രയോഗത്തിലൂടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. എ.ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തില്‍ പൊലീസ് ഉന്നതതല യോഗവും ആലുവയില്‍ നടന്നു.

Top