
കൊച്ചി : മിസ് കേരള മത്സര ജേതാക്കളായ മോഡലുകളുടെ അപകട മരണത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് .ദുരൂഹതയില്ലെന്ന മുൻ നിലപാട് തിരുത്തിയാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജുവിന്റെ പ്രതികരണം.അപകടത്തിൽ ദുരൂഹതയുണ്ടെന്നും നമ്പർ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ശേഖരിക്കപ്പെട്ട ഹാർഡ് ഡിസ്ക് കണ്ടെത്തിയാൽ ദുരൂഹതയുടെ ചുരുളഴിയുമെന്നു കമ്മിഷണർ പ്രതികരിച്ചു. സംഭവം നടക്കുമ്പോൾ അവധിയിലായിരുന്ന കമ്മിഷണർ ഇന്നലെയാണു തിരികെയെത്തിയത്.
നിർണായക തെളിവുകൾ അടങ്ങിയ ഹാർഡ് ഡിസ്ക് കായലിൽ എറിഞ്ഞെന്ന പ്രതികളുടെ മൊഴി വിശ്വസിച്ചാണു പൊലീസിന്റെ അന്വേഷണം. കോസ്റ്റ് ഗാർഡ്, നേവി എന്നിവരുടെ സഹകരണത്തോടെ ഇന്നലെയും കായലിൽ തിരച്ചിൽ തുടർന്നു. സംഭവദിവസം നമ്പർ 18 ഹോട്ടലിലെ നിശാപാർട്ടിയിൽ പങ്കെടുത്ത മുഴുവൻ പേരുടെയും വിവരങ്ങൾ ശേഖരിക്കുമെന്നു കമ്മിഷണർ പറഞ്ഞു.
ഹോട്ടലിലെ ദൃശ്യങ്ങൾ നശിപ്പിച്ചതാണു കേസ് ദുരൂഹമാക്കിയത്.അപകടം നടന്നപ്പോൾ മോഡലുകളുടെ കാറിനെ മറ്റൊരു കാറിൽ പിന്തുടർന്ന സൈജു എം. തങ്കച്ചൻ, അപകടത്തിൽ അകപ്പെട്ട വാഹനം ഓടിച്ച അബ്ദുൽ റഹ്മാൻ എന്നിവരെ വീണ്ടും ചോദ്യം ചെയ്യും.സൈജുവിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്നലെ തീർപ്പാക്കി. സൈജു നിലവിൽ പ്രതിയല്ലെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചതിനെത്തുടർന്നാണിത്. അന്വേഷണം തുടരുകയാണെന്നും ചോദ്യം ചെയ്യേണ്ടതുണ്ടെങ്കിൽ നോട്ടിസ് നൽകിയേ വിളിപ്പിക്കൂവെന്നും സർക്കാർ വ്യക്തമാക്കി.