ഗ്ലോറി എന്ന ഒറ്റ വേഷത്തിൽ കൂടി വലിയ പ്രേക്ഷക പിന്തുണ നേടിയ നടിയാണ് പകുതി മലയാളിയും പകുതി നേപ്പാളിയും ആയ അർച്ചന സുശീലൻ.എന്നാൽ, റിയാലിറ്റി ഷോയായ ‘ബിഗ് ബോസി’ൽ മത്സരാർത്ഥിയായതോടെ അർച്ചനയുടെ ഇമേജ് മറ്റൊന്നായി. ഈ പാവം കൊച്ചാണോ, ഇക്കണ്ട വില്ലത്തരമൊക്കെ കാട്ടിക്കൂട്ടിയതെന്നായി പ്രേക്ഷകരുടെ സംശയം. എന്തായാലും കുറച്ചു കാലം സിനിമാ–സീരിയൽ രംഗത്തു നിന്നു മാറി നിന്ന അർച്ചന വീണ്ടും മറ്റൊരു വില്ലത്തിയായി മടങ്ങിവരുകയാണ്.സീരിയല്‍ ചരിത്രത്തിലെ ‘നിത്യഹരിത വില്ലത്തി’ യാണ് ഗ്ലോറി. സൂപ്പർഹിറ്റ് പരമ്പരയായിരുന്ന ‘എന്റെ മാനസപുത്രി’യിൽ സോഫിയുടെ ജീവിതം നരകതുല്യമാക്കിയ ഗ്ലോറിയെ മലയാളി കുടുംബപ്രേക്ഷകർ ആത്മാർത്ഥമായി വെറുത്തു. ആ വെറുപ്പ് വലിയ കുറവൊന്നുമില്ലാതെ ഗ്ലോറിയായി തിളങ്ങിയ അർച്ചന സുശീലനിലേക്കു വ്യാപിച്ചതിൽ തെറ്റുപറയാനാകില്ല. അത്ര അനായാസമായാണ് അർച്ചന ഗ്ലോറിയെ പ്രേക്ഷകർക്കുമുമ്പിലെത്തിച്ചത്. ആരൊക്കെ വന്നാലും പോയാലും ഗ്ലോറിയോളം കരുത്തുള്ള ഒരു വില്ലത്തി മലയാളം സീരിയലിൽ ഇനിയും വിരളമായിരിക്കും.
സൂര്യ ടിവിയിൽ സംപ്രേഷണം ചെയിത പുനർജന്മം എന്ന സീരിയലിൽ ആണ് അർച്ചന ഗ്ലോറി എന്ന വേഷത്തിൽ കൂടി എത്തുന്നത്, തുടർന്ന് ആ സീരിയൽ ഏഷ്യാനെറ്റ് ഏറ്റെടുക്കുകയും എന്റെ മാനസ പുത്രി എന്ന പേരിൽ സംപ്രേഷണം തുടരുകയും ആയിരുന്നു, ആദ്യം വില്ലത്തി ആയിരുന്നു എങ്കിൽ പിന്നീട് നായിക തുല്യ കഥാപാത്രം ആയി മാറുക ആയിരുന്നു. സിനിമ സീരിയൽ മേഖലയിൽ തിളങ്ങി നിന്നപ്പോഴും തനിക്ക് നല്ലതും മോശവുമായ ഒട്ടേറെ സൗഹൃദങ്ങൾ ഉണ്ടായിരുന്നു എന്നും പലതും തനിക്ക് വേദനയായി മാറിയെന്നും ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥി കൂടിയായിരുന്നു അർച്ചന പറയുന്നു. പലപ്പോഴും തന്റെ കഥാപാത്രങ്ങൾ കാരണം തന്നെ പ്രേക്ഷകർ വെറുത്തിട്ടുണ്ട് എന്നും എന്നാൽ ബസ്സ് ബോസ്സിൽ കൂടി പലരും തന്നെ ഇഷ്ടപ്പെട്ട് തുടങ്ങി എന്നും അർച്ചന പറയുന്നു.
അർചനയുടെ വാക്കുകൾ ഇങ്ങനെ, ” തന്റെ സ്റ്റാർ ഇമേജ് കണ്ട് കൂട്ടുകൂടിയവർ സൗഹൃദത്തെ മുതലെടുക്കാൻ ശ്രമിക്കുന്നതു കണ്ടിട്ടുണ്ട്. സൗഹൃദം വളരെ വിശുദ്ധമായ ഒന്നായാണ് ഞാൻ കാണുന്നത്. ഞാനെന്താണോ അത് ഞാനെന്റെ സുഹൃത്തുക്കളോട് പറയാറുണ്ട്. പക്ഷേ തിരികെ ലഭിക്കുക മോശം അനുഭവങ്ങളാകും. വിശ്വാസം ആണല്ലോ പ്രധാനം. അതു പലപ്പോഴും ഇല്ലാതാകും. ഞാനതു മനസിലാക്കാൻ വൈകി. ഇപ്പോൾ എനിക്കറിയാം, ആരോക്കെയാണ് നല്ല സുഹൃത്തുക്കൾ എന്ന്. അവരിൽ ഞാൻ തൃപ്തയാണ്. ‘ അർച്ചന ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത് ഇങ്ങനെ ആയിരുന്നു.
ബിഗ് ബോസ് ഇഫക്ടിൽ നിന്നു പുറത്തു വരാൻ 3 മാസം വേണ്ടി വന്നു. മാത്രമല്ല, മടങ്ങി വരവിന് കരുത്തുള്ള ഒരു ക്യാരക്ടർ വേണമെന്നും തോന്നി. ബിഗ് ബോസ് കഴിഞ്ഞ് ‘സ്വാമി അയ്യപ്പനി’ൽ ജോയിൻ ചെയ്തെങ്കിലും ഞാന്‍ ആഗ്രഹിച്ചത് ഗ്ലോറിയെപ്പോലെ ഒരു കഥാപാത്രമാണ്. ‘എന്നു സ്വന്തം ജാനി’യിൽ അത്തരം ഒരു കഥാപാത്രത്തെയാണ് ലഭിച്ചത്. മുമ്പ് ഈ സീരിയലിലേക്ക് എന്നെ വിളിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ ജോയിൻ ചെയ്യാൻ പറ്റിയില്ല. ഇപ്പോൾ എല്ലാം കൊണ്ടും അനുകൂലമായ സാഹചര്യമായിരുന്നു’’.– ഇടവേളയെക്കുറിച്ചും മടങ്ങി വരവിനെക്കുറിച്ചും അർച്ചന പറയുന്നു.
ഗ്ലിസറിൻ ഇട്ടു കരയാൻ ഞാനില്ല എന്ന് അർച്ചന പറയുന്നു .നെഗറ്റീവ് കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ എനിക്കു പേടിയില്ല. മാത്രമല്ല ഞാൻ എൻജോയ് ചെയ്യാറുമുണ്ട്. പോസിറ്റീവ് ക്യാരക്ടേഴ്സ് ചെയ്തിട്ടുണ്ടെങ്കിലും ഗ്ലിസറിൻ ഇട്ടു കരയുന്നതിനോട് വലിയ താൽപര്യമില്ലാത്ത ആളാണ് ഞാൻ. പെർഫോം ചെയ്യാന്‍ കൂടുതൽ സാധ്യതയുള്ളത് നെഗറ്റീവ് വേഷങ്ങളിലാണ്. ജാനിയിലെ എമിലി അത്തരം ഒരു കഥാപാത്രമാണല്ലോ എന്ന സന്തോഷത്തിലാണ് ഞാൻ. വിജയിക്കുമോ എന്നു നോക്കാം എന്നും അർച്ചന പറയുന്നു .
ടെലിവിഷൻ മേഖലയിൽ വന്നിട്ടിപ്പോൾ 15 വർഷമായി. ആങ്കറായാണ് തുടക്കം. പിന്നീട് മ്യൂസിക് ആൽബങ്ങൾ ചെയ്തു. ‘കാണാക്കിനാവാ’ണ് ആദ്യ സീരിയൽ. അതു കഴിഞ്ഞ് മാനസപുത്രി വന്നു. അത് വലിയ ഹിറ്റായതോടെ സീരിയലിൽ അവസരം കൂടി. ആ സമയത്ത് സിനിമയില്‍ നിന്നും വലിയ അവസരങ്ങൾ വന്നിരുന്നെങ്കിലും സീരിയൽ കമിറ്റ് ചെയ്തിരുന്നതിനാൽ സ്വീകരിച്ചില്ല. തല പോയാലും വാക്ക് മാറ്റുന്നത് എനിക്കിഷ്ടമല്ല. അങ്ങനെ കുറേ സിനിമകൾ വേണ്ടെന്നു വച്ചെങ്കിലും നഷ്ടബോധമില്ല. ‘ലങ്ക’യാണ് ആദ്യ സിനിമ. ഇതു വരെ പന്ത്രണ്ടോളം സീരിയൽ ചെയ്തു. എന്റെ മാനസപുത്രി, അമ്മ ഒക്കെ വലിയ ഹിറ്റായി.
പേഴ്സണലി ഞാൻ വില്ലത്തിയല്ല. നേരെ ഓപ്പോസിറ്റാണ്. വളരെ ഇമോഷണൽ ആയ ആൾ. ഞാനെന്താണെന്ന് ബിഗ് ബോസിലൂടെ എല്ലാവരും കണ്ടതാണല്ലോ. അത് പ്രേക്ഷകരുടെ മനസ്സിൽ എന്നെക്കുറിച്ചുണ്ടായിരുന്ന ഇമേജ് ഒരു പരിധി വരെ മാറ്റി. എന്നു വച്ച് ഞാൻ തീരെ പാവമല്ല കേട്ടോ, കുറച്ചു ചട്ടമ്പിയാണ്. പക്ഷേ, വില്ലത്തിയല്ല. ആരേയും വേദനിപ്പിക്കുന്നത് എനിക്കിഷ്ടമല്ല. ഞാൻ സ്നേഹിക്കുന്നത് ആഴത്തിലാണ്. ആരെയും ചതിക്കാൻ താൽപര്യമില്ല.
പല സുഹൃത് ബന്ധങ്ങളും വലിയ വേദന സമ്മാനിച്ചിട്ടുണ്ട്. എന്റെ സ്റ്റാർ ഇമേജ് കണ്ട് കൂട്ടുകൂടിയവർ സൗഹൃദത്തെ മുതലെടുക്കാൻ ശ്രമിക്കുന്നതു കണ്ടിട്ടുണ്ട്. സൗഹൃദം വളരെ വിശുദ്ധമായ ഒന്നായാണ് ഞാൻ കാണുന്നത്. ഞാനെന്താണോ അത് ഞാനെന്റെ സുഹൃത്തുക്കളോട് പറയാറുണ്ട്. പക്ഷേ തിരികെ ലഭിക്കുക മോശം അനുഭവങ്ങളാകും. വിശ്വാസം ആണല്ലോ പ്രധാനം. അതു പലപ്പോഴും ഇല്ലാതാകും. ഞാനതു മനസ്സിലാക്കാൻ വൈകി. ഇപ്പോൾ എനിക്കറിയാം, ആരോക്കെയാണ് നല്ല സുഹൃത്തുക്കൾ എന്ന്. അവരിൽ ഞാൻ തൃപ്തയാണ്.
പ്രേക്ഷകര്‍ എന്നെ വെറുത്തിട്ടും തെറ്റിദ്ധരിച്ചിട്ടുമുണ്ട്. അത് എന്റെ മാത്രം അനുഭവമല്ല. ബിഗ് ബോസ് വന്നതോടെ അതു കുറെയൊക്കെ മാറി. ആളുകൾക്ക് ഇപ്പോൾ എന്നെ പേടിയില്ല എന്നതാണ് പ്രശ്നം (ചിരി). കുറേക്കൂടി അറ്റാച്ച്ഡായി. ഞാൻ ഒരു ബോൾഡ് മറയൊക്കെ ഇട്ടു നിൽപ്പായിരുന്നല്ലോ, ഇതു വരെ. അതില്ലാതെയാകുന്നതിൽ ചെറിയ പ്രശ്നമുണ്ട്. കഥാപാത്രങ്ങളെ ബാധിച്ചേക്കാം. പിന്നെ, ഞാൻ മാനസികമായി സന്തോഷവതിയാണോ എന്നു ചോദിച്ചാൽ കൺഫ്യൂഷനുണ്ട്.