ഓവിയയും ആരവും ഒന്നിക്കുന്നു? ആരാധകര്‍ അമ്പരപ്പില്‍, സത്യം തുറന്നുപറഞ്ഞ് ഓവിയ

ചെന്നൈ: ബിഗ് ബോസ് തമിഴ് പതിപ്പില്‍ ആരാധകരുടെ പ്രിയ താരങ്ങളായ ഓവിയയും ആരവും ഒന്നിക്കുന്നുവെന്ന് വാര്‍ത്തകള്‍. 100 ദിവസം നീണ്ട് നിന്ന റിയാലിറ്റി ഷോയില്‍ ഏറ്റവും അധികം ആരാധകരുള്ള മത്സരാര്‍ത്ഥിയായിരുന്നു ഓവിയ. കളവാണി എന്ന ചിത്രത്തിലൂടെയായിരുന്നു ഓവിയയുടെ തമിഴ് അരങ്ങേറ്റം. എന്നാല്‍ പത്ത് വര്‍ഷം കൊണ്ട് ഓവിയക്ക് ലഭിച്ച് ആരാധകരേക്കാള്‍ അധികമായിരുന്നു ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ലഭിച്ചത്. ഷോ കഴിയുമ്പോഴേക്കും ഓവിയ ആര്‍മി എന്ന ഫാന്‍സ് അസോസിയേഷന്‍ പോലും രൂപപ്പെട്ടു.

ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ത്ഥിയും ടെലിവിഷന്‍ താരവുമായ ആരവുമായുള്ള ഓവിയയുടെ പ്രണയമായിരുന്നു പ്രശ്നങ്ങള്‍ക്ക് കാരണം. ഷോയില്‍ ആരവ് മാത്രമായിരുന്നു ഓവിയക്ക് പിന്തുണ നല്‍കിയിരുന്നത്. ഇതോടെ ഇരുവരും തമ്മില്‍ പ്രണയമാണെന്ന് കിംവദന്തികളും പരന്നു. പിന്നീട് ആരവിനോട് തനിക്ക് പ്രണയമാണെന്നും അതിനാല്‍ ഇനി തുടരുന്നില്ലെന്നും പ്രഖ്യാപിച്ച് ഓവിയ ഷോ വിട്ടപ്പോള്‍ ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നുപോയിരുന്നു.

ഓവിയക്ക് ആരവിനോട് പ്രണയമായിരുന്നെങ്കിലും ആരവ് സുഹൃത്തിനേപ്പോലെയാണ് ഓവിയെ കണ്ടിരുന്നത്. ഇതോടെ മാനസീകമായി തകര്‍ന്ന താരം സെറ്റിലെ നീന്തല്‍ കുളത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഓവിയ ഷോ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

ആരവിനെ ഷോയിലെ വിജയിയാക്കിയത് ഓവിയയുടെ പ്രണയവും വിവാദങ്ങളും നല്‍കിയ പ്രശസ്തിയാണെന്ന് പരിഹാസമുയര്‍ന്നപ്പോള്‍ എല്ലാം നിഷേധിച്ച് ആരവ് രംഗത്ത് വന്നിരുന്നു. തനിക്ക് ഓവിയയോട് സൗഹൃദം മാത്രമേ തോന്നിയിട്ടുള്ളൂ എന്നാണ് ആരവ് അന്ന് പറഞ്ഞത്. ഓവിയയും ആരവും വിവാഹിതരായെന്നും അതല്ല ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലാണെന്നും വാര്‍ത്തകള്‍ പരന്നു. എന്നാല്‍ ഇപ്പോള്‍ കേട്ട വാര്‍ത്തകളൊന്നും സത്യമല്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഓവിയ. താനും ആരവും തമ്മില്‍ സൗഹൃദത്തിനപ്പുറം മറ്റൊന്നുമില്ലെന്നാണ് അടുത്തിടെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഓവിയ വ്യക്തമാക്കിയത്. ‘ഞാനും ആരവും തമ്മില്‍ സൗഹൃദത്തിനപ്പുറം മറ്റൊരു ബന്ധവുമില്ല. ആരവ് എന്റെ നല്ല സുഹൃത്താണ്. ഞങ്ങള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ആണെന്നും വിവാഹിതരായി എന്നുമുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്’. ഓവിയ പറഞ്ഞു

Top