കൊച്ചി :കൊച്ചിയിൽ നടിയെ ആക്രമിച്ചതിൽ ക്വട്ടേഷനു പുറമേ വിവാഹം മുടക്കലും ലക്‌ഷ്യമുണ്ടായിരുന്നതായി തെളിവ് .നടിയെ ബ്ലാക്ക്മെയിൽ ചെയ്തു പണം തട്ടാൻ പ്രതി പൾസർ സുനി സ്വന്തമായും തീരുമാനിച്ചിരുന്നു എന്ന് പൊലീസ് കരുതുന്നു.പ്രതിശ്രുത വരൻ നൽകിയ വിവാഹ വാഗ്ദാന മോതിരം ഉൾപ്പെടുത്തി ചിരിക്കുന്ന മുഖത്തോടെ നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ വേണമെന്നു ക്വട്ടേഷൻ നൽകിയ വ്യക്തി നിർബന്ധം പിടിച്ചുവെന്നു മൊഴിയുണ്ട്. വിവാഹം മുടങ്ങുന്നതു കൊണ്ടു ക്വട്ടേഷൻ നൽകിയ വ്യക്തിക്കുള്ള ലാഭമെന്തെന്നു പൊലീസ് പരിശോധിക്കുകയാണ്. അതിക്രമത്തിന് ഇരയായ നടിയുടെ അഭിനയ – വ്യക്തി ജീവിതങ്ങളെപ്പറ്റി നിർണായക വിവരങ്ങൾ അറിയാവുന്ന നടൻ ദിലീപ്, സംവിധായകൻ നാദിർഷാ എന്നിവരെ ചോദ്യം ചെയ്താൽ വ്യക്തമായ വിവരം ലഭിക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം.
ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ ഇവർ കുറ്റം ചെയ്തതിനുള്ള തെളിവുകൾ പൊലീസിന്റെ പക്കലുണ്ടായിരുന്നില്ല. എന്നാൽ, നാദിർഷാ ചോദ്യം ചെയ്യലിനോടു നിസ്സഹകരിച്ചതും സുനിലുമായുള്ള മുൻപരിചയം സംബന്ധിച്ച ചോദ്യങ്ങൾക്കു ദിലീപ് പരസ്പര വിരുദ്ധമായി മൊഴി നൽകിയതും അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കി. ഇതോടെയാണ് ചോദ്യം ചെയ്യൽ 13 മണിക്കൂർ നീണ്ടുപോയത്. ദിലീപുമായി സുനിലിനു മുൻപരിചയമുണ്ടെന്നു തോന്നിപ്പിക്കുന്ന തെളിവുകൾ പല ഭാഗത്തു നിന്നും ലഭിച്ചതോടെയാണ് അന്വേഷണ സംഘവും ദിലീപിനെ സംശയിച്ചത്. സുനിൽ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചതായുള്ള ദിലീപിന്റെ പരാതിയും അന്വേഷണത്തിന്റെ മുന ഇവരിലേക്കു തിരിയാൻ വഴിയൊരുക്കി.
എന്നാൽ, ഇവരുടെ അറസ്റ്റ് സംബന്ധിച്ചു സംഘത്തിൽ ഏകാഭിപ്രായമായിട്ടില്ല.അതിക്രമത്തിന് ഇരയായ നടിയോടു വ്യക്തിപരമായി ശത്രുതയുള്ള ഒന്നിലധികം പേർ മലയാള സിനിമാരംഗത്തുണ്ടെന്ന സൂചനയാണ് പൊലീസിനു തലവേദന സൃഷ്ടിക്കുന്നത്. ക്വട്ടേഷൻ യഥാർഥത്തിൽ ആർക്കുവേണ്ടിയായിരുന്നു, ഒന്നിലധികം പേരുടെ താൽപര്യ പ്രകാരമാണോ സുനിലും സംഘവും കുറ്റകൃത്യം ചെയ്തത്, ക്വട്ടേഷന്റെ മറവിൽ നടിയെ നേരിട്ടു ബ്ലാക്ക്മെയിൽ ചെയ്തു പണം തട്ടാൻ സുനിൽ സ്വന്തം നിലയിൽ നീങ്ങിയിരുന്നോ തുടങ്ങിയ ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം ലഭിക്കുന്നതോടെ മാത്രം അറസ്റ്റ് മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ ആലോചനയെങ്കിലും ഇത് അനന്തമായി നീളാനിടയില്ല.
അതേസമയം കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ആലുവ പോലീസ് ക്ലബ്ബില്‍ ചേര്‍ന്ന ഉന്നതതല യോഗം മണിക്കൂറുകള്‍ നീണ്ടു. തിങ്കളാഴ്ച രാത്രി ഏഴിനുശേഷം തുടങ്ങിയ യോഗം രാത്രി 11 നാണ് സമാപിച്ചത്.യോഗത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല. അന്വേഷണ പുരോഗതി വിലയിരുത്തുകയാണ് ചെയ്തതെന്ന് യോഗത്തിനുശേഷം റൂറല്‍ എസ്.പി എ.വി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ആവശ്യമെങ്കില്‍ ഇനിയും ചോദ്യംചെയ്യലുകള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ ഐ.ജി. ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലായിരുന്നു യോഗം. ഡി.ജി.പിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഐ.ജി. ആലുവയിലെത്തിയത്. ആലുവ എസ്.പി. എ.വി. ജോര്‍ജ്, സി.ഐ. ബൈജു പൗലോസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.അറസ്റ്റ് സംബന്ധിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെയുള്ള സംഘം പോലീസിന് ലഭിച്ച ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. രണ്ടരമിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഐ.ജി. ദിനേന്ദ്ര കശ്യപ് പോലീസ് ആസ്ഥാനത്ത് എത്തിച്ചത്..