വാടക നല്‍കാത്തതിനെ തുടര്‍ന്ന് ഫ്‌ളാറ്റില്‍ നിന്നും പുറത്താക്കിയെന്ന വാര്‍ത്തകള്‍ക്കെതിരെ തുറന്നടിച്ച് മല്ലികാ ഷെരാവത്ത്  

 

 

പാരീസ്: വാടക നല്‍കാത്തതിനെ തുടര്‍ന്ന് ഹിന്ദി സിനിമാ നടി മല്ലികാ ഷെരാവത്തിനെ ഫ്‌ളാറ്റില്‍ നിന്നും പുറത്താക്കിയതായ വാര്‍ത്തകളില്‍ പ്രതികരണവുമായി ഒടുവില്‍ താരം തന്നെ രംഗത്ത് വന്നു. ഹിന്ദി സിനിമ രംഗത്ത് നിന്ന് താല്‍ക്കാലികമായി അകന്ന് കഴിയുന്ന നടി ഇപ്പോള്‍ ഫ്രഞ്ചുകാരനായ കാമുകന്‍ സിറില്‍ ഒഗ്ന്ഫാന്‍സിന്റെ കൂടെ വിദേശത്താണ് താമസം. പാരീസിലെ പ്രശസ്തമായ ഈഫല്‍ ടവറിന് സമീപത്തുള്ള ഫ്‌ളാറ്റില്‍ കഴിഞ്ഞിരുന്ന ഇവരെ വാടക കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് പുറത്താക്കിയെന്നായിരുന്നു പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വന്‍ സിനിമാ താരങ്ങളും ബിസിനസ്സുകാരുമടക്കം നിരവധി സമ്പന്നര്‍ കാലങ്ങളായി താമസിക്കുന്ന ആഡംബര അപ്പാര്‍ട്ട്‌മെന്റുമായി ചുറ്റിപറ്റിയായിരുന്നു വാര്‍ത്തകള്‍. 64 ലക്ഷം രൂപയോളം നടിയും കാമുകനും ഫ്‌ളാറ്റില്‍ കുടിശ്ശികയായി നല്‍കാനുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനെ തുടര്‍ന്ന് ഇരുവരെയും ഫ്‌ളാറ്റില്‍ നിന്നും പുറത്താക്കിയതായും പല അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ തനിക്ക് പാരീസില്‍ ഒരു ഫ്‌ളാറ്റ് ഉണ്ട് എന്ന കാര്യം ഇതുവരെ അറിഞ്ഞിരുന്നില്ലെന്നും ആരെങ്കിലും സംഭാവന ചെയ്തതാണെങ്കില്‍ അതിന്റെ മേല്‍വിലാസം ഒന്ന് പറഞ്ഞ് തരണമെന്നുമായിരുന്നു സമൂഹ മാധ്യമത്തില്‍ നടിയുടെ ഇതേ കുറിച്ചുള്ള പ്രതികരണം.

Top