ആടിക്കുഴഞ്ഞാണ് ദിലീപേട്ടന്‍ അന്ന് തന്റെയടുത്ത് വന്നത്; കാവ്യ പറയുന്നു

dileep-kavya-madhavan

ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് നടി കാവ്യാമാധവന്‍. ഏറ്റവും കൂടുതല്‍ ഗോസിപ്പ് കേട്ടതും ഇരുവരും തമ്മില്‍ തന്നെയാണ്. ദിലീപിന്റെ മദ്യപാനത്തെക്കുറിച്ചാണ് കാവ്യ തുറന്നുപറഞ്ഞിരിക്കുന്നത്. ഒരിക്കല്‍ ഷൂട്ടിങ് ലൊക്കേഷനില്‍വെച്ച് നടന്ന സംഭവം കാവ്യ പറയുന്നു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കഥയില്‍ അല്‍പം കാവ്യം എന്ന പുസ്തകത്തിലാണ് കാവ്യ ഇക്കാര്യം പറയുന്നത്.

തെങ്കാശിപ്പട്ടണം സിനിമയുടെ ചിത്രീകരണത്തിനിടയിലെ അനുഭവങ്ങളാണിവ… ദിലീപേട്ടന്‍ അന്ന് ആടിക്കുഴഞ്ഞാണ് ക്യാമറയ്ക്കു മുന്നിലെത്തിയത്. തെങ്കാശിപ്പട്ടണത്തിന്റെ ഷൂട്ടിങ് തുടങ്ങി മൂന്നോ നാലോ നാള്‍ കഴിഞ്ഞപ്പോഴായിരുന്നു അത്. സംവിധായകരായ റാഫിച്ചേട്ടനും മെക്കാര്‍ട്ടിന്‍ ചേട്ടനുമൊക്കെ ഇത് കണ്ടുനില്ക്കുകയാണ്. അവര്‍ പരസ്പരം ഇതിനെക്കുറിച്ചാണ് സംസാരം. എങ്കിലും ദിലീപ് ഈ ചെയ്തത് ശരിയായില്ല, റാഫിച്ചേട്ടന്‍ പരാതിരൂപേണ പറഞ്ഞു. ഞാന്‍ എങ്ങനെ വരണമെന്ന് എനിക്കാരും പറഞ്ഞുതരേണ്ട കാര്യമില്ല, ദിലീപേട്ടന്റെ നാവ് കുഴയുന്നുണ്ട്. പുള്ളി കള്ളുകുടിച്ചിട്ടാണ് വന്നിരിക്കുന്നത്, ആരോ എന്റെ ചെവിയില്‍ പറഞ്ഞു. എനിക്കു വിഷമം തോന്നി. കാരണം, ചെറുപ്പം മുതല്‍ ഞാന്‍ അറിയുന്ന നടനാണ് ദിലീപ്. ഞാനറിയുന്ന ദിലീപേട്ടന്‍ ഒരിക്കലും ഇങ്ങനെയുള്ള ആളായിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറച്ചുനേരം കഴിഞ്ഞപ്പോള്‍ സംഗതി കൂടുതല്‍ വഷളായി. റാഫിച്ചേട്ടന്‍ ക്യാമറയ്ക്കു മുന്നില്‍ മാര്‍ക്ക് കാണിച്ച് ദിലീപേട്ടനോട് അവിടെ നില്ക്കാന്‍ പറയും. പക്ഷേ, എത്ര പറഞ്ഞാലും ദിലീപേട്ടന്‍ അനുസരിക്കില്ല. അനുസരിക്കില്ല എന്നു മാത്രമല്ല, ഇതു പറഞ്ഞ് റാഫിച്ചേട്ടനോട് വഴക്കടിക്കും. ഒടുവില്‍ റാഫിച്ചേട്ടന്‍ ചൂടാവാന്‍ തുടങ്ങി. ദിലീപേ ഒരു കാര്യം പറയാം. അഭിനയിക്കാന്‍ വന്നതാണെങ്കില്‍ അഭിനയിക്കുക. അല്ലാതെ ഇതുപോലെ കള്ളുകുടിച്ചു വന്നിട്ട് പ്രശ്നമുണ്ടാക്കിയാല്‍ ഞങ്ങള്‍ക്ക് വേറെ ആളെ അന്വേഷിക്കേണ്ടിവരും, ഇതു കേട്ടതും ദിലീപേട്ടന്‍ വഴക്ക് തുടങ്ങി. താനാരാ എന്നെ പഠിപ്പിക്കാന്‍. ഇപ്പോള്‍ ഒരടി നടക്കുമെന്ന മട്ടില്‍ ലൊക്കേഷന്‍ അമ്പരന്നു നില്ക്കുകയാണ്. എനിക്കു പേടി തോന്നി. ഞാന്‍ അമ്മയുടെ അടുത്തുനിന്നു മാറാതെയായി. സലീമേട്ടനും ചിന്നുച്ചേച്ചിയും (സംയുക്താവര്‍മ) ഗീതുച്ചേച്ചിയുമൊക്കെ ഒന്നും മിണ്ടാതെ നില്ക്കുകയാണ്. സംഭവങ്ങള്‍ ഷൂട്ടിങ്ങിനെ ബാധിക്കുമെന്ന അവസ്ഥ വന്നു.

പെട്ടെന്ന് കാവ്യയെ പറ്റിച്ചേ എന്നു പറഞ്ഞ് ദിലീപേട്ടന്‍ ഒറ്റ അലര്‍ച്ചയാണ്. സെറ്റ് ഒന്നാകെ പൊട്ടിച്ചിരി. ഞാന്‍ പറ്റിക്കപ്പെട്ടിരിക്കുന്നു. എന്നെ പറ്റിക്കാന്‍വേണ്ടി എല്ലാവരുംകൂടി ചമച്ച നാടകമാണ് ദിലീപേട്ടന്റെ കള്ളുകുടിയും വഴക്കുമൊക്കെ. ഇതിനിടെ സലീമേട്ടന്‍ അനൗണ്‍സ്മെന്റുപോലെ വിളിച്ചുപറയുന്നു, ഇനി ആര്‍ക്കെങ്കിലും പറ്റിക്കണമെന്നുണ്ടെങ്കില്‍ കടന്നുവരൂ. കാവ്യ ഇവിടെ റെഡിയായിട്ട് കാത്തിരിക്കുകയാണ്. എനിക്ക് സങ്കടം വന്നു. മറ്റുള്ളവര്‍ കളിയാക്കിയതിലല്ല, ഞാന്‍ സ്വയം മണ്ടിയാകുന്നതിലായിരുന്നു എനിക്ക് സങ്കടം.

dileep-kavya-valayar-paramasivam

ആ സംഭവത്തോടെ ഞാനാകെ മൂഡിയായി. ഇതെല്ലാം റാഫിച്ചേട്ടന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആരും അടുത്തില്ലാത്ത നേരത്ത് റാഫിച്ചേട്ടന്‍ എന്റെ അടുത്തുവന്നു. കള്ളുകുടിസംഭവം കാവ്യയെ വേദനിപ്പിച്ചു എന്നറിയാം. പക്ഷേ, ഇതിന് പ്രധാന കാരണക്കാരി നീതന്നെയാണ്. ആരെങ്കിലും എന്തെങ്കിലും കാണിച്ചാല്‍ അതൊക്കെ നീയെന്തിനാ വിശ്വസിക്കുന്നത്. കാവ്യ ഇനി മുതല്‍ ഒരു കാര്യം ചെയ്യുക. സ്വയം തെളിയിക്കുക, ആര്‍ക്കും അങ്ങനെ എളുപ്പം തട്ടിക്കളിക്കാവുന്ന കോമാളിയല്ല കാവ്യയെന്ന്.

എനിക്ക് ആരെയും വെറുപ്പിക്കാന്‍ അറിയില്ല. പിന്നെ കോമാളിയല്ലെന്ന് ഞാനെങ്ങനെ തെളിയിക്കാനാണ് ഞാന്‍ ചോദിച്ചു. അതിന് വഴി റാഫിച്ചേട്ടന്‍തന്നെ വിവരിച്ചുതന്നു. പേരുകേട്ട എഴുത്തുകാരുടെ പുസ്തകങ്ങളുമായി വേണം കാവ്യ നാളെമുതല്‍ സെറ്റില്‍ വരാന്‍. ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ വെറുതെ കത്തിയടിച്ചു നില്ക്കാതെ മാറിയിരുന്ന് പുസ്തകം വായിക്കണം. കാവ്യ മിണ്ടാന്‍ പോകുമ്പോഴല്ലേ മറ്റുള്ളവര്‍ കളിയാക്കുന്നത്. ഇനി ആരുമായും മിണ്ടാന്‍ പോകേണ്ട റാഫിച്ചേട്ടന്റെ നല്ല മനസ്സിന് ഞാന്‍ നന്ദി പറഞ്ഞു.

അന്ന് വൈകീട്ടുതന്നെ നല്ലൊരു പുസ്തകത്തിനായി ഞാന്‍ അന്വേഷണം തുടങ്ങി. പക്ഷേ, പൊള്ളാച്ചിയില്‍ എവിടെ നല്ല പുസ്തകം കിട്ടാന്‍. പുസ്തകം ഒന്നും കിട്ടിയില്ല. എങ്കിലും പിറ്റേന്ന് ആരുമായും മിണ്ടാതെ ഞാന്‍ ലൊക്കേഷനില്‍ മാറിയിരുന്നു. എന്നെ മറ്റുള്ളവരെല്ലാം ശ്രദ്ധിക്കുന്നുണ്ട്. ഒളിച്ചും പാത്തുമൊക്കെ എല്ലാവരും വന്ന് എന്നെ കാണുന്നു. അവര്‍ പരസ്പരം കാവ്യയ്ക്ക് എന്തു പറ്റി എന്നു ചോദിക്കുന്നുണ്ട്. ഒറ്റയ്ക്കിരിക്കുന്നത് എന്നെ മടുപ്പിക്കുന്നുണ്ട്. എനിക്ക് അവരുടെ കൂട്ടത്തില്‍ കൂടാന്‍ കൊതിവന്നു. പക്ഷേ, മടുപ്പൊന്നും പുറത്തുകാട്ടാതെ ഞാന്‍ എല്ലാവരോടുമായി പറഞ്ഞു, ‘ഞാനൊന്ന് സ്വസ്ഥമായി ഇരുന്നോട്ടെ. നിങ്ങളെന്നെ ശല്യംചെയ്യാതിരുന്നാല്‍ മതി.

റാഫിച്ചേട്ടന്‍, ദിലീപേട്ടന്‍, ലാലേട്ടന്റെ ഭാര്യ നാന്‍സിച്ചേച്ചി, മക്കള്‍, ഗീതുച്ചേച്ചി, ചിന്നുച്ചേച്ചി, ക്യാമറാമാന്‍ സാലുച്ചേട്ടന്‍ ഇവരെല്ലാം അവിടെയുണ്ട്. കാവ്യയ്ക്കിത് എന്തുപറ്റി? നാന്‍സിച്ചേച്ചി ചോദിച്ചു. ഞാനൊന്നും പറഞ്ഞില്ല. കാവ്യ ഇങ്ങോട്ടു വന്നേ, ദിലീപേട്ടന്‍ എന്നെ വിളിച്ചു. ഞാന്‍ പറഞ്ഞു, ഞാനിനി ഇങ്ങനെയൊക്കെയാണ്. എന്നെ ഇനി നിങ്ങള്‍ക്ക് കളിയാക്കാന്‍ കിട്ടില്ല. അതിനുമാത്രം ഇപ്പോള്‍ എന്തുണ്ടായെന്നാ?ദിലീപേട്ടന്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു, നിങ്ങളൊക്കെ എന്നെയൊരു കോമാളിയായിട്ടാണ് കാണുന്നത്. ഇനി ഞാനതിന് ഒരവസരവും തരില്ല. ഇതിനിടെ റാഫി ച്ചേട്ടന്‍ മുങ്ങി. എല്ലാവരും കൂട്ടച്ചിരി തുടങ്ങി.

എല്ലാവരും അറിഞ്ഞുകൊണ്ടുള്ള മറ്റൊരു കളിയായിരുന്നു അത്. ഞാന്‍ വീണ്ടും കോമാളിയായി. എന്തിനാ എല്ലാവരുംകൂടി എന്നെ ഇങ്ങനെ കളിയാക്കുന്നത്? ഞാന്‍ സങ്കടത്തോടെ ചോദിച്ചു. ദിലീപേട്ടന്‍ എന്റെ അടുത്തുവന്നിട്ട് പറഞ്ഞു, ഇപ്പോഴാണ് നീ കൂടുതല്‍ മണ്ടിയാകുന്നത്. നീയൊന്ന് ആലോചിക്കണം. നിന്നെ എല്ലാവരും കളിയാക്കുന്നുണ്ടെങ്കില്‍ അത് എന്തുകൊണ്ടാണ്, നിന്നോടുള്ള ഇഷ്ടംകൊണ്ട്. വഴിയെ പോകുന്നവരെ വിളിച്ചുവരുത്തി ആരെങ്കിലും കളിയാക്കുമോ? നീയത് മനസ്സിലാക്കാതെ ഇതൊക്കെ ഇത്ര സീരിയസായി കാണുന്നതാണ് പ്രശ്നം.

ദിലീപേട്ടന്‍ പറഞ്ഞത് എനിക്കൊരു പുതിയ അറിവായിരുന്നു. എന്നോടുള്ള ഇഷ്ടക്കൂടുതല്‍കൊണ്ടാണ് അവരിതൊക്കെ ചെയ്യുന്നത് എന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. പിന്നീട് ഞാനിത് പലയിടത്തും പ്രയോഗിച്ചു. പ്രത്യേകിച്ചും സിനിമയില്‍ പുതുതായി വരുന്ന കുട്ടികള്‍ എന്റെയടുത്ത് പരാതി പോലെ പറയും, സിനിമാഫീല്‍ഡില്‍ എന്തിനും പരിഹാസമാണ്. ഒന്നു പറഞ്ഞാല്‍ അത് വളച്ചൊടിച്ച് കോമഡിയാക്കും. അപ്പോള്‍ ഞാന്‍ പറയും, നിങ്ങളെ കളിയാക്കുന്നുണ്ടെങ്കില്‍ അത് സ്നേഹംകൊണ്ടല്ലേ. വഴിയെ പോകുന്നവരെ ആരെങ്കിലും കളിയാക്കി ചിരിക്കാറുണ്ടോ? അതോടെ അവര്‍ ഹാപ്പിയാകും.

Top