മുംബൈ: ബോളിവുഡ് പഴയകാല നടി മമത കുല്‍ക്കര്‍ണിയും ഭര്‍ത്താവ് വിക്കി ഗോസ്വാമിയും മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണികളെന്ന് റിപ്പോര്‍ട്ട്. മമതയുടെ ഭര്‍ത്താവിനെ അമേരിക്കയില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ടതാണ്.
കഴിഞ്ഞ ഏപ്രിലില്‍ താനെ പൊലീസ് 2000 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നായ എഫഡ്രിന്‍ പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് മമതാ കുല്‍ക്കര്‍ണിയിലും ഭര്‍ത്താവ് വിക്കി ഗോസ്വാമിയിലും എത്തിച്ചേര്‍ന്നത്. ഇതോടെ വിദേശത്തു കഴിയുന്ന മമതയെ പിടികൂടാന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ പൊലീസ് നടപടികള്‍ ആരംഭിച്ചു. ഇരുവരേയും സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊലീസ് ഇന്റര്‍പോളിനും കൈമാറും.
അമേരിക്കയില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട മയക്കുമരുന്ന് റാക്കറ്റ് തലവനാണ് വിക്കി ഗോസ്വാമി. ദുബായില്‍ വെച്ച് മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ട് 25 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചിരുന്ന വിക്കി ഗോസ്വാമി പിന്നീട് പൊതുമാപ്പ് അനുവദിച്ചതിനെ തുടര്‍ന്നാണ് ഇളവ് ലഭിച്ച് പുറത്തിറങ്ങുന്നത്. ഇരുവരും ഒന്നിച്ച് ഏതാനും വര്‍ഷങ്ങളായി കെനിയയിലാണ് താമസം.
മുംബൈ വിമാനത്താവളത്തില്‍ നിന്ന് എഫഡ്രിന്‍ പിടികൂടിയ കേസില്‍ നേരത്തെ പത്ത് പേര്‍ പിടിയിലായിരുന്നു. ഇന്ത്യയില്‍ മമതയും ഭര്‍ത്താവും ചേര്‍ന്ന് മരുന്ന് കമ്പനിയുടെ പേരില്‍ ഒരു സ്ഥാപനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ഇവരുടെ സുഹൃത്തുക്കളും ബന്ധുക്കളും പൊലീസ് നിരീക്ഷണത്തിലാണ്. മമതയുടെ സുഹൃത്തുക്കളായ ചില ബോളിവുഡ് താരങ്ങളേയും പൊലീസ് ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.