മണാലി: സിനിമാ ചിത്രീകരണത്തിനായി ഹിമാചല്‍ പ്രദേശില്‍ എത്തിയ നടി മഞ്ജുവാര്യര്‍ ഉള്‍പ്പെട്ട 30 അംഗ മലയാളി സംഘം കനത്ത മഴയിലും മണ്ണിടിച്ചിലിലും കുടുങ്ങി. ഹിമാചലിലെ ചത്രയിലാണ് മഞ്ജു വാര്യരും സനല്‍കുമാര്‍ ശശിധരനുമുള്‍പ്പെടെയുള്ള ആളുകളും കുടുങ്ങിയത്.സനല്‍കുമാര്‍ ശശിധരന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രമായ കയറ്റം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഹിമാചലില്‍ എത്തിയതായിരുന്നു ഇവര്‍. ഹിമാലയത്തിലാണ് സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും നടക്കുന്നത്. എന്നാല്‍ ഹിമാചലില്‍ കനത്ത മഴ തുടരുകയാണ്.
കുളു മണാലിയില്‍ നിന്നും 82 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഛത്രു എന്ന പ്രദേശത്താണ് നടിയും സംവിധായകനും ഷൂട്ടിംഗ് സംഘവും കുടുങ്ങി കിടക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 11000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. കനത്ത മണ്ണിടിച്ചിലും മഴയും കാരണം സംഘത്തിന് ഛത്രുവില്‍ നിന്നും പുറത്തു കടക്കാന്‍ സാധിച്ചിട്ടില്ല. ഇന്നലെ രാത്രി മഞ്ജുവാര്യര്‍ നേരിട്ട് സഹോദരനെ വിളിച്ചു വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
അതേസമയം വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഷൂട്ടിംഗ് സംഘത്തെ രക്ഷപ്പെടുത്താന്‍ വേണ്ട നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചു. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും മുരളീധരന്‍ അറിയിച്ചു. തലസ്ഥാനമായ ഷിംലയില്‍ നിന്നും 330 കിമീ ദൂരെയാണ് ഛത്രു.
200 അംഗ സംഘം ച്ഛത്രയില്‍ കുടുങ്ങിയിട്ടുണ്ടെന്നും മഞ്ജു അറിയിച്ചു. ഇന്ന് രാവിലെ മഞ്ജു വാര്യരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ലെന്ന് മധു വാര്യര്‍ പറഞ്ഞു.രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് കൈവശമുള്ളതെന്നും ഏതെങ്കിലും നീക്കം നടത്താന്‍ പറ്റുമെങ്കില്‍ അത് ചെയ്യണമെന്നും മഞ്ജു വാര്യര്‍ സഹോദരനോട് ആവശ്യപ്പെട്ടിരുന്നു.ഇതിനെ തുടര്‍ന്ന് മധു കേന്ദ്രസഹമന്ത്രി വി. മുരളീധരനുമായി സംസാരിക്കുകയും എത്രയും പെട്ടെന്ന് സഹായം എത്തിക്കാമെന്ന് അദ്ദേഹം പറഞ്ഞതായും കുടുംബം പ്രതികരിച്ചു.
വാര്‍ത്താവിനിമയം സാധ്യമാകാത്ത അവസ്ഥയാണ് ഉള്ളത്. മണാലിയിലേക്കുള്ള ദേശീയ പാത ഒലിച്ചുപോയിട്ടുണ്ട്. പലയിടങ്ങളിലും ഒലിച്ചുപോയ റോഡ് പുനിര്‍നിര്‍മിച്ചും മറ്റുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും പേമാരിയും മണ്ണിടിച്ചിലും തുടരുകയാണ്. മഴക്കെടുതികളില്‍ ഷിംലയില്‍ 18 പേര്‍ കൊല്ലപ്പെട്ടു.ഉത്തരാഖണ്ഡില്‍ എട്ടോളം ആളുകളെ കാണ്മാനില്ല. എട്ടുപേര്‍ ഷിംലയിലും കുളു, സിര്‍മോര്‍, സോളന്‍, ചംബ എന്നിവിടങ്ങളില്‍ രണ്ടുപേര്‍ വീതവും ഉനയിലും സ്പിതിയിലും ഓരോരുത്തരും വീതവുമാണ് മരിച്ചത്.