തമിഴ് സീരിയലുകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നിലാനി. മാസങ്ങള്‍ക്ക് മുന്‍പ് തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരെയുള്ള പ്രതിഷേധത്തില്‍ പതിമൂന്ന് പേര്‍ വെടിയേറ്റ് മരിച്ചതിന് പോലീസിനെതിരേ വിമര്‍ശനവുമായി രംഗത്ത് വന്നാണ് നിലാനി വാര്‍ത്തകളില്‍ ഇടം നേടുന്നത്. സീരിയലിന് വേണ്ടി അണിഞ്ഞിരുന്ന പോലീസ് വേഷത്തിലാണ് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ നിലാനി പോലീസിനെതിരേ വിമര്‍ശനവുമായി വന്നത്. അതിന്റെ പേരില്‍ ഇവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. ഇവരുടെ കാമുകനെന്ന് പറയപ്പെട്ടിരുന്ന ഗാന്ധി ലളിത് കുമാര്‍ എന്ന യുവാവിന്റെ ആത്മഹത്യയോടെയാണ് നിലാനി വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത്.
ലളിത്കുമാറിന്റെ മരണത്തില്‍ ദുരൂഹതകള്‍ ബാക്കി നില്‍ക്കെ തെളിവുകള്‍ ഇല്ലാതെ തന്നെക്കുറിച്ച് കള്ളക്കഥകള്‍ പ്രചരിപ്പിച്ച മാധ്യങ്ങള്‍ക്കെതിരേ പരാതി നല്‍കാന്‍ നിലാനി കഴിഞ്ഞ ദിവസം കമ്മീഷണറെ കണ്ടിരുന്നു. ലളിത് ഒരു മാനസിക രോഗി ആണെന്നും തന്റെ കുഞ്ഞുങ്ങളെ വരെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നും പരാതി നല്‍കിയ ശേഷം മാധ്യമങ്ങളോട് നിലാനി പറഞ്ഞു.
നിലാനിയുടെ വാക്കുകള്‍:
ഞാന്‍ മൂന്ന് വര്‍ഷം മുന്‍പാണ് ലളിതിനെ പരിചയപെടുന്നത്. അധികം താമസിയാതെ നല്ല സുഹൃത്തുക്കളായി. രണ്ട് കുട്ടികളെ ഒറ്റയ്ക്ക് വളര്‍ത്തുന്ന സ്ത്രീയാണ് ഞാന്‍. കുഞ്ഞുങ്ങളെ സ്‌കൂളില്‍ കൊണ്ട് വിടുന്നതും തിരിച്ചു കൊണ്ട് വരുന്നതും ഉള്‍പ്പടെയുള്ള ചെറിയ കാര്യങ്ങളിലൊക്കെ ലളിത് എന്നെ സഹായിക്കുമായിരുന്നു. പിന്നീടാണ് ഒരു കല്യാണാലോചനയുമായി അയാള്‍ മുന്നോട്ട് വരുന്നത്. എന്നാല്‍ ഞാന്‍ അതിന് സമ്മതിച്ചില്ല. കാരണം, ഇതെന്റെ കുഞ്ഞുങ്ങളെ ബാധിക്കുമെന്ന് ഞാന്‍ വിശ്വസിച്ചു.
എന്നാല്‍ എനിക്ക് വേറെയും ആലോചനകള്‍ വരുന്നുണ്ടായിരുന്നു. അപ്പോഴാണ് ഞാന്‍ ചിന്തിച്ചത് ലളിതിനെ വിവാഹം ചെയ്താല്‍ അതെനിക്ക് സംരക്ഷണം നല്‍കുമെന്ന്. കാരണം ഞങ്ങള്‍ തമ്മില്‍ അറിയുന്നവര്‍ ആണല്ലോ. പക്ഷെ അത് ഞാന്‍ ലളിതിനോട് പറഞ്ഞില്ല. പക്ഷെ അയാള്‍ വെറും സ്ത്രീലമ്പടനാണെന്ന് ഞാന്‍ പിന്നീടാണ് മനസിലാക്കുന്നത്.
സഹോദരനും സഹോദരിയും അടക്കമുള്ള കുടുംബാംഗങ്ങള്‍ക്ക് പോലും അയാളെ ഇഷ്ടമല്ലായിരുന്നു. അയാളുടെ ഈ സ്വഭാവം കൊണ്ടാണ് അവരുടെ അമ്മ മരിച്ചതെന്ന് അവര്‍ എന്നോട് പറഞ്ഞു. പല സ്ത്രീകളെയും ആയാള്‍ പറഞ്ഞു പറ്റിച്ച് അവരുടെ പണവുമായി കടന്ന് കളഞ്ഞിട്ടുണ്ടെന്നും ഞാന്‍ മനസിലാക്കി. അതോടെ ഞാന്‍ അയാളുമായി അകലം പാലിക്കാന്‍ തുടങ്ങി. കുറേ കാലം ഞങ്ങള്‍ തമ്മില്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല.
പിന്നീട് ഈ വര്‍ഷമാണ് തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് സമരവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ പേരില്‍ ഞാന്‍ അറസ്റ്റില്‍ ആകുന്നത്. അന്ന് ഞാന്‍ സഹായം ആവശ്യപ്പെടാതെ തന്നെ സ്വന്തം കയ്യില്‍ നിന്നും പണം മുടക്കി അയാള്‍ എന്നെ സഹായിച്ചു, ജയിലില്‍ നിന്ന് പുറത്തു കൊണ്ട് വന്നു.
ഞങ്ങള്‍ സംസാരിക്കാതിരുന്ന ആ സമയത്തും അയാള്‍ നാല് പെണ്‍ക്കുട്ടികളെ വഞ്ചിച്ചെന്ന് ഞാന്‍ മനസിലാക്കി. താന്‍ ഒരു സ്ത്രീലമ്പടനാണെന്ന് അയാള്‍ സമ്മതിക്കുകയും എന്നാല്‍, എന്നെ സത്യസന്ധമായും സ്‌നേഹിച്ചോളാമെന്നും അയാള്‍ എനിക്ക് വാക്ക് തന്നു. പക്ഷെ എനിക്കാ വിഷയത്തില്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഞാന്‍ അത് അവഗണിച്ചു.
എന്നാല്‍, കുറിച്ചു കഴിഞ്ഞതോടെ വിവാഹത്തിന് അയാള്‍ എന്നെ നിര്‍ബന്ധിക്കുകയും സമ്മതിച്ചില്ലെങ്കില്‍ എന്റെ കുട്ടികളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്താന്‍ തുടങ്ങി. എന്നെ മര്‍ദ്ദിച്ചു, ഒരുപാട് ശാരീരിക പീഡനങ്ങള്‍ നേരിട്ടു. ഞാന്‍ ആ തെളിവുകള്‍ എല്ലാം പോലീസ് ഉദ്യോഗസ്ഥരെ ധരിപ്പിച്ചോളാം. അയാള്‍ ഒരു മാനസിക രോഗിയാണ്.
എന്റെ മുന്നില്‍ വച്ച് അയാളുടെ ഒരു ബന്ധുവിനെ അയാള്‍ ഉപദ്രവിച്ചിട്ടുണ്ട്. വേറെയും നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതൊന്നും എനിക്ക് താങ്ങാന്‍ വയ്യാത്തതിനാല്‍ ആ വിവാഹത്തിന് സമ്മതമല്ല എന്ന് ഞാന്‍ അയാളെ അറിയിച്ചിരുന്നു. അതയാളെ കൂടുതല്‍ പ്രകോപിതനാക്കി. അതോടെയാണ് അയാള്‍ക്കെതിരേ ഞാന്‍ പോലീസില്‍ പരാതി നല്‍കിയത്.
എന്റെ സീരിയല്‍ സെറ്റുകളില്‍ അയാള്‍ വന്നിരുന്നു. അവിടെ വച്ചാണ് അയാള്‍ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്. മനുഷ്യത്വത്തിന്റെ പേരില്‍ ഞാന്‍ അയാളെ കൊണ്ടുപോയ ആശുപത്രിയില്‍ ചെന്നിരുന്നു. എന്നാല്‍, അയാളുടെ മരണ ശേഷം ഞാന്‍ ഒളിവില്‍ പോയെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല… ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ ഇതാ നില്‍ക്കുന്നുണ്ട്… എനിക്ക് ആരില്‍ നിന്നും ഒളിക്കാനില്ല. നിലാനി വ്യക്തമാക്കി.
കഴിഞ്ഞ പതിനഞ്ചാം തിയ്യതിയാണ് കെ.കെ നഗറില്‍ വച്ച് ദേഹത്ത് തീ കൊളുത്തി ലളിത്കുമാര്‍ ആത്മഹത്യ ചെയ്യുന്നത്. നിലാനിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ശേഷമായിരുന്നു ഇയാളുടെ ആത്മഹത്യ.