ഇന്ത്യന്‍ സിനിമയില്‍ ആഞ്ഞടിക്കുന്ന മീടൂ ക്യാമ്പയിന്‍ തെന്നിന്ത്യന്‍ സിനിമയിലെയും പലരുടേയും മുഖംമൂടികള്‍ കീറിഎറിയുകയാണ്. മലയാളത്തിലെയും തമിഴിലെയും പല പ്രശസ്ത താരങ്ങള്‍ക്കെതിരെയും വെളിപ്പെടുത്തലുകള്‍ ഇതിനകം ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ കന്നഡ സിനിമയിലെ പ്രശസ്ത സംവിധായകന്‍ രവി ശ്രീവാസ്തവയ്ക്കെതിരെ ഗുരുതരമായ ആരോപണം ഉണ്ടായിരിക്കുകയാണ്. നടി സഞ്ജന ഗല്‍റാണിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
നടി നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന. തന്റെ കരിയറിന്റെ തുടക്കകാലത്ത് താന്‍ നേരിട്ട ദുരനുഭവത്തെകുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സഞ്ജന. 2006-ല്‍ ബോളിവുഡ് ചിത്രം മര്‍ഡറിന്റെ റീമേക്കായ ഗെണ്ഡ ഹെണ്ഡത്തിയില്‍ അഭിനയിക്കുമ്പോഴാണ് രവിയില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായതെന്ന് സഞ്ജന പറയുന്നു. തനിക്ക് അന്ന് പതിനഞ്ച് വയസ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂവെന്നും ചുംബന രംഗങ്ങളില്‍ അഭിനയിക്കാന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ നിരന്തരം നിര്‍ബന്ധിച്ചുവെന്നും തന്നെ ചൂഷണം ചെയ്തെന്നും സഞ്ജന പറയുന്നു.
‘ഞാന്‍ അന്ന് ചെറിയ സ്വപ്നങ്ങളുള്ള കൊച്ചു പെണ്‍കുട്ടിയായിരുന്നു. ഒരു പാഷന്റെ പുറത്താണ് സിനിമയില്‍ വരാന്‍ ആഗ്രഹിച്ചത്. അതിന് ശേഷം പഠിത്തത്തിലേക്ക് തിരിച്ചു പോകണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഞാന്‍ അന്ന് പ്ലസ് വണ്ണിനാണ് പഠിച്ചിക്കുന്നത്. അപ്പോഴാണ് ഈ സംവിധായകന്‍ ‘മര്‍ഡര്‍’ എന്ന ബോളിവുഡ് ചിത്രം എന്നെ കാണിക്കുന്നതും അത് കന്നഡയിലേയ്ക്ക് റീമേക്ക് ചെയ്യാന്‍ താല്പര്യം പ്രകടിപ്പിക്കുന്നതും. ഞാന്‍ എതിര്‍ത്തപ്പോള്‍ ചിത്രം തെന്നിന്ത്യന്‍ ആസ്വാദക നിലവാരത്തിനനുസരിച്ചേ ചെയ്യുള്ളൂ എന്ന് അവര്‍ വ്യക്തമാക്കി.
സിനിമയിലേക്കുള്ള നല്ല തുടക്കം മിസ്സാക്കിക്കളയാന്‍ താത്പര്യമില്ലാതിരുന്നത് കൊണ്ട് ഞാന്‍ അതില്‍ ഒരു ചുംബനരംഗത്തില്‍ അഭിനയിക്കാന്‍ സമ്മതം അറിയിച്ചു. ബാങ്കോക്കിലായിരുന്നു ഷൂട്ടിങ്. അമ്മയെ കൂടെ കൊണ്ടുപോരാന്‍ അവര്‍ സമ്മതിച്ചു. പക്ഷേ, അവിടെ എത്തിയപ്പോള്‍ അമ്മയെ സെറ്റില്‍ കൊണ്ടുപോകാനാവില്ല എന്നായി. അതിന് ശേഷം ഓരോ ദിവസവും അവര്‍ ചുംബന രംഗങ്ങളുടെ എണ്ണം കൂട്ടാന്‍ തുടങ്ങി. ക്യാമറ എന്റെ നെഞ്ചത്തും കാലുകളിലേക്കും വള്‍ഗറായ രീതിയില്‍ ഫോക്കസ് ചെയ്ത് ചിത്രീകരിക്കാന്‍ തുടങ്ങി.
ഞാന്‍ എതിര്‍ത്തപ്പോള്‍ അവര്‍ എന്റെ കരിയര്‍ തകര്‍ക്കുമെന്നും പറയുന്നതെല്ലാം അനുസരിക്കണമെന്നും ഭീഷണിപ്പെടുത്തി. സ്വപ്നങ്ങളുള്ള ഒരു ചെറിയ പെണ്‍കുട്ടിയായിരുന്നു ഞാന്‍. അവര്‍ എന്നെ ചൂഷണം ചെയ്തു’-സഞ്ജന പറയുന്നു. തനിക്ക് പതിനഞ്ച് വയസ് മാത്രമുള്ളപ്പോള്‍ ചൂഷണം ചെയ്യപ്പെട്ടു എന്ന നടിയുടെ ആരോപണം കൂടുതല്‍ ഗൗരവമുള്ളതാണ്. പോക്‌സോ ആക്ടിന്റെ പരിധിയില്‍ വരുന്നതാണ് ഈ അതിക്രമം. സംവിധായകന്‍ കേസില്‍ അകപ്പെടാന്‍ സാധ്യതയുണ്ടെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.