
നടി ശരണ്യ അന്തരിച്ചു. 35 വയസ്സായിരുന്നു. തിരുവനന്തപുരം പി ആർ എസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.അർബുദം ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു ശരണ്യ.ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധയെത്തുടർന്ന് 11 തവണ സർജറിക്ക് വിധേയയായിരുന്നു. തുടർ ചികിൽസയ്ക്കു തയാറെടുക്കുന്നതിനിടെ ശരണ്യയ്ക്കും അമ്മയും കോവിഡ് ബാധിച്ചു. ഇതോടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായി.
മേയ് 23നാണ് ശരണ്യയെ കോവിഡ് ബാധിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായതിനു പിന്നാലെ വെന്റിലേറ്റർ ഐസിയുവിലേക്കു മാറ്റി. ജൂൺ 10ന് നെഗറ്റീവ് ആയതിനെത്തുടർന്ന് മുറിയിലേക്കു മാറ്റിയെങ്കിലും അന്നു രാത്രി തന്നെ പനികൂടി വെന്റിലേറ്റർ ഐസിയുവിലേക്കു മാറ്റിയിരുന്നു. സ്ഥിതി പിന്നീടു വഷളാവുകയായിരുന്നു.
നിരവധിത്തവണ ട്യൂമറിനെ തോൽപ്പിച്ച ശരണ്യയുടെ ജീവിതം മറ്റുള്ളവർക്കൊരു മാതൃകയാണ്. സിനിമ – സീരിയൽ അഭിനയത്തിലൂടെയാണ് ശരണ്യ പ്രശസ്തയാകുന്നത്. 2012ലാണ് ബ്രെയിൻ ട്യൂമർ ആദ്യം തിരിച്ചറിയുന്നത്. നിരവധിത്തവണ ശസ്ത്രക്രിയയ്ക്കു വിധേയയായ അവർ ആത്മവിശ്വാസം ഒന്നുകൊണ്ടുമാത്രമാണ് ജീവിതത്തിലേക്കു തിരികെവന്നിരുന്നത്.
തുടർച്ചയായ ചികിത്സ മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന അവർക്ക് സിനിമ – സീരിയൽ മേഖലയിൽ ഉള്ളവരും സമൂഹമാധ്യമ ഗ്രൂപ്പുകളും ചേർന്ന് വീടു നിർമിച്ചു നൽകുകയും മറ്റുമുള്ള സാമ്പത്തിക സഹായങ്ങൾ ചെയ്തിരുന്നു.