സിൽക്ക് സ്മിതയായുള്ള ദീപ്തിയുടെ മെക്കോവർ വൈറലായി!..

സ്ഫടികത്തിലെ സിൽക്ക് സ്മിതയായുള്ള ദീപ്തിയുടെ മെക്കോവർ വൈറലാകുന്നു.സ്ഫടികത്തിലെ സിൽക്ക് സ്മിതയുടെ ലുക്ക് ദീപ്തി കല്യാണി പുനരാവിഷ്ക്കരിച്ചിരിക്കുകയാണ് .ദീപ്തി ഒരു ട്രാൻസ് വുമണും മോഡലുമാണ്.ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ ഇത് ഒരു പരീക്ഷണം മാത്രമാണെന്ന് ദീപ്തി പറയുന്നു.

ഒരു സമയം ഇന്ത്യൻ സിനിമയുടെ മാധകറാണി എന്നറിയപ്പെട്ടിരുന്ന നടിയായിരുന്നു സിൽക്ക് സ്മിത. തന്നേക്കാൾ വലിയൊരു മുൻഗാമിയോ പിൻഗാമിയോ ഉണ്ടായിരുന്നില്ല സിൽക്ക് സ്മിതയ്ക്ക്. അതുകൊണ്ട് തന്നെയാണ് മരണം കൊണ്ടുപോയി 23 വർഷങ്ങൾ കഴിയുമ്പോഴും സിൽക്ക് സ്മിത എന്ന പേര് ഓർമിക്കപ്പെടുന്നത്. ശരീരവടിവുകൊണ്ടും ചടുലമായ നൃത്തചുവടുകൾകൊണ്ടും തെന്നിന്ത്യയെ ഇളക്കി മറിച്ചു സിൽക്ക്. തന്റെ ശരീരം മാത്രമാണ് ആഘോഷിക്കപ്പെടുന്നതെന്ന തിരിച്ചറിവ് നൽകിയ ആഘാതമാണ് സിൽക്കിനെ സ്വയം ഇല്ലാതാക്കാൻ പ്രേരിപ്പിച്ചത്. സിൽക്ക് അഭിനയിച്ച് ത്രില്ലടിപ്പിച്ച രംഗങ്ങൾ അവരുടെ മനസിനെ എത്രത്തോളം ആഴത്തിൽ മുറിപ്പെടുത്തിയിരുന്നുവെന്ന് ജീവനൊടുക്കിയ ശേഷം മാത്രമാണ് പ്രേക്ഷകർ തിരിച്ചറിഞ്ഞത്. അത് വൈകിയെത്തിയ ഒരു തിരിച്ചറിവ് മാത്രമായിരുന്നു.

ആന്ധ്രാ സ്വദേശിനിയായ വിജയലക്ഷ്മിയാണ് പിന്നീട് തെന്നിന്ത്യയെ ഇളക്കി മറിച്ച സിൽക്ക് സ്മിതയായത്. രാമല്ലുവിന്റേയും സരസമ്മയുടേയും മകളായി ജനിച്ച വിജയലക്ഷ്മി സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം നാലാം ക്ലാസിൽ പഠനം അവസാനിപ്പിച്ചു. ചെറിയ പ്രായത്തിൽ തന്നെ ഡാൻസിന്റെ ലോകത്തേക്ക് വിജയലക്ഷ്മി എത്തി. ആരും അഭ്യസിക്കാതെ തന്നെ നൃത്തത്തിന്റെ പുതിയ ചുവടുകൾ അവൾ സ്വയം പഠിച്ചെടുത്തു. സിനിമ തന്റെ ലോകമാകുമെന്നൊന്നും വിജയലക്ഷ്മി സ്വപ്‌നം കണ്ടിരുന്നില്ല. ജീവിത സാഹചര്യങ്ങളായിരുന്നു നിറപ്പകിട്ടുള്ള സിനിമാ ലോകത്തേക്ക് വിജയലക്ഷ്മിയെ എത്തിച്ചത്.

വിനു ചക്രവർത്തി രചിച്ച വണ്ടി ചക്രം എന്ന ചിത്രത്തിലൂടെയായിരുന്നു വിജയലക്ഷ്മിയുടെ സിനിമാ പ്രവേശനം. ഒരു നടിയെ വേണമെന്ന ആവശ്യവുമായി സിനിമയുടെ നിർമാതാവ് വിനു ചക്രവർത്തിയെ സമീപിച്ചിരുന്നു. ഈ സിനിമയിലേക്ക് അവസരം തേടിയെത്തിയ നിരവധി പെൺകുട്ടികളിൽ ഒരാളായിരുന്നു വിജയലക്ഷ്മി. അതീവ വശ്യതയുള്ള വിജയലക്ഷ്മിയുടെ കണ്ണുകളാണ് തന്റെ ശ്രദ്ധയിൽപ്പെടാൻ കാരണമെന്ന് വിനു ചക്രവർത്തി പിന്നീട് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. അഭിനയിക്കാൻ ക്യാമറയ്ക്ക് മുന്നിലെത്തിയ വിജയലക്ഷ്മിയുടെ ഭാവം തന്നെ മാറി. ക്യാമറയ്ക്ക് മുന്നിൽ പ്രത്യേക ശരീരഭാഷയായിരുന്നു അവൾക്ക്. കണ്ണുകൾക്കും ശരീരഭാഷയ്ക്കും ഇത്രയും ഭംഗിയുള്ള ഒരു പെൺകുട്ടിയെ അടുത്തകാലത്തൊന്നും ഇന്ത്യൻ സിനിമയിൽ കണ്ടിട്ടില്ലെന്നായിരുന്നു വിനു ചക്രവർത്തി അഭിപ്രായപ്പെട്ടത്.

അങ്ങനെ വണ്ടി ചക്രത്തിലേക്ക് ആ പെൺകുട്ടി തെരഞ്ഞെടുക്കപ്പെട്ടു. വണ്ടി ചക്രത്തിൽ സിൽക്ക് എന്ന ബാർ ഡാൻസറുടെ വേഷമായിരുന്നു വിജയലക്ഷ്മിക്ക്. ചെറുപ്പത്തിലെ സ്മിത എന്ന പേരിനൊപ്പം സിൽക്കും ചേർന്നതോടെ വിജയലക്ഷ്മി ‘സിൽക്ക് സ്മിത’യായി. മൂന്നാംപിറ എന്ന സിനിമയിലെ ധീരമായ വേഷവും നൃത്തവും സിൽക്കിനെ പ്രശസ്തിയിലേക്ക് ഉയർത്തി.

തുടർന്നുള്ള പതിനഞ്ച് വർഷത്തോളം തെന്നിന്ത്യൻ മസാല പടങ്ങളിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു സിൽക്ക്. 450 ഓളം ചിത്രങ്ങളിൽ സിൽക്ക് സ്മിത അഭിനയിച്ചു. സ്ഫടികത്തിൽ സിൽക്ക് സ്മിത അഭിനയിച്ച ‘ഏഴിമല പൂഞ്ചോല’ എന്ന ഗാനം അന്നും ഇന്നും എന്നും മലയാളികളുടെ മനസിലുണ്ടാകും. സിൽക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി മിലൻ ലുത്രിയ സംവിധാനം ചെയ്ത ഡേർടി പിക്ചർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിൽക്കിന്റെ ജീവിതം അവതരിപ്പിച്ചത് വിദ്യാ ബാലനായിരുന്നു.

സിൽക്ക് സ്മിത ജീവിതം അവസാനിപ്പിച്ചത് ഞെട്ടലോടെയായിരുന്നു അന്ന് സിനിമാ ലോകം കേട്ടത്. അവരുടെ മരണത്തിന് പിന്നിലെ കാരണങ്ങൾ ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. ജീവിച്ചിരുന്നപ്പോൾ വേണ്ട രീതിയിൽ പരിഗണിക്കപ്പെട്ടില്ല സ്മിത. മാദകറാണി എന്നതിനപ്പുറത്തേക്കൊന്നും സിൽക്ക് സ്മിതയുടെ പേര് ഉയർന്നുവന്നില്ല. അവൾക്ക് അത് മതിയെന്ന്, അവളെ കൊണ്ട് അതേ കഴിയൂ എന്ന ചിലരുടെ തീരുമാനത്തിന് സ്മിത നിർബന്ധപൂർവം വഴങ്ങുകയായിരുന്നില്ലേ? അതിനൊക്കെ ഉത്തരം കണ്ടെത്താൻ സ്മിത മറഞ്ഞിട്ട് 23 വർഷങ്ങളായി എന്ന ഓർമപ്പെടുത്തൽ മാത്രം മതി…

Top