പ്രശസ്ത ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു…

പ്രമുഖ ബോളിവുഡ് താരം ഇർഫാൻ ഖാൻ അന്തരിച്ചു. വൻ കുടലിലെ അണുബാധയെ തുടർന്ന് മുംബെെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താരം. 54 വയസ്സായിരുന്നു. അർബുദ ബാധിതനായിരുന്ന ഇർഫാൻ ഖാൻ കുറേ കാലങ്ങളായി യു.കെയില്‍ ചികിത്സയിലായിരുന്നു. വിദേശത്ത് നിന്ന് തിരിച്ചെത്തിയെങ്കിലും വീണ്ടും രോഗം മൂർച്ചിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് രണ്ട് ദിവസം മുൻപാണ് താരത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അവസാന നിമിഷം ഭാര്യയും മക്കളും കൂടെയുണ്ടായിരുന്നു.

2018ല്‍ തനിക്ക് എന്‍ഡോക്രൈന്‍ ട്യൂമര്‍ ആണെന്ന് ഇര്‍ഫാന്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്. ‘അംഗ്രേസി മീഡിയ’മാണ് അടുത്തിടെ പുറത്തിറങ്ങിയ സിനിമ. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും അഭിനയ ശേഷിയുള്ള നടമാരില്‍ ഒരാളായ അദ്ദേഹത്തിന്റെ ലഞ്ച് ബോക്‌സ്, ലൈഫ് ഓഫ് പൈ, സ്ലം ഡോഗ് മീല്ലിനയര്‍ തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധേയമാണ്. അന്ത്യനിമിഷങ്ങളില്‍ അദ്ദേഹത്തിന്റെ ഭാര്യ ചലച്ചിത്രനടി സുതപ സിക്ദാറും രണ്ട് ആണ്‍മക്കളും കൂടെയുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എം എ പഠനം കഴിഞ്ഞതിനശേഷം 1984ല്‍ നാഷണല്‍ സ്‌ക്കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നു അഭിനയം പഠിച്ചു. പഠനത്തിനുശേഷം ഇര്‍ഫാന്‍ മുംബൈയിലേക്ക് മാറി. അക്കാലത്ത് ചാണക്യ, ചന്ദ്രകാന്ത തുടങ്ങിയ ടിവി സീരിയലുകളില്‍ അഭിനയിച്ചു. 1988ല്‍ മീര നായര്‍ സംവിധാനം ചെയ്ത സലാം ബോംബെ എന്ന ചിത്രത്തില്‍ ആദ്യമായി അഭിനയിച്ചു.

1990ല്‍ ഏക് ഡോക്ടര്‍ കി മാത് എന്ന ചിത്രത്തിലും 1998ല്‍ സച് എ ലോങ്ങ് ജേര്‍ണി എന്ന ചിത്രത്തിലും അഭിനയിച്ചു. 2003ല്‍ അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്ത റോഡ് ടു ലഡാക് എന്ന ലഘു ചിത്രത്തിലെ അഭിനയം മികച്ച പ്രേക്ഷക പ്രതികരണം നേടി. 2004ല്‍ പ്രദര്‍ശനത്തിനെത്തിയ ഹാസില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച വില്ലനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു.

2007ല്‍ അഭിനയിച്ച ലൈഫ് ഇന്‍ എ മെട്രോ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിച്ചു. 2012ല്‍ പാന്‍ സിംഗ് തോമര്‍ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം നേടി. ലൈഫ് ഓഫ് പൈ കൂടാതെ ഇന്‍ഫെര്‍ണോ, ജുറാസിക് വേള്‍ഡ് എന്നീ ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയിച്ചു. ശനിയാഴ്ച ഇര്‍ഫാന്‍ ഖാന്റെ മാതാവ് സഈദ ബീഗം മരണപ്പെട്ടിരുന്നു. ലോക്ഡൗണ്‍ കാരണം ജയ്പൂരിലെത്തി മാതാവിനെ അവസാനമായി കാണാന്‍ ഇര്‍ഫാന്‍ ഖാന് സാധിച്ചിരുന്നില്ല.

Top