തിയറ്ററുകൾ തുറക്കുമ്പോൾ വരിവരിയായി വന്‍ റിലീസുകൾ! സിനിമാപ്രേമികളിൽ ആവേശം നിറച്ച് താരചിത്രങ്ങൾ

ലോക്ക് ഡൗൺ കാലത്ത് അടച്ച കേരളത്തിലെ തിയറ്ററുകൾ നീണ്ട 10 മാസങ്ങൾക്കു ശേഷം ജനുവരി 5–ന് തുറക്കുമ്പോൾ റിലീസിന് ഒരുങ്ങുന്നത് വന്‍ ചിത്രങ്ങൾ. അൻപതു ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന നിബന്ധനയോടെയാണ് തിയറ്ററുകൾക്ക് സർക്കാർ പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്.

ഇതോടെ വിജയ് നായകനാകുന്ന ‘മാസ്റ്റർ’ കേരളത്തിലും റിലീസ് ചെയ്യുമെന്ന് ഉറപ്പായി. ജനുവരി 13–നാണ് മാസ്റ്റർ എത്തുന്നത്. പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ എങ്കിലും ടിക്കറ്റ് നിരക്ക് വർധിപ്പിക്കില്ല. ഒാരോ പ്രദർശനത്തിനു ശേഷവും തിയറ്റർ അണുവിമുക്തമാക്കണമെന്ന് നിബന്ധനയുണ്ട്.

മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയായ ‘മരക്കാർ: അറബിക്കടലിന്റെ സിഹം’ വർഷം മാർച്ച് 26ന് തിയറ്ററുകളിലെത്തും. നിർമാതാക്കളായ ആശീർവാദ് ഫിലിംസ് ആണ് റിലീസ് തിയതി ഔദ്യോഗികമായി പുറത്തുവിട്ടത്. കർശന നിയന്ത്രണങ്ങളോടെ തിയറ്റർ തുറക്കാൻ സംസ്ഥാനസർക്കാർ ഉത്തരവിറക്കിയതിനു പിന്നാലെയുള്ള ഈ പ്രഖ്യാപനം സിനിമാപ്രേമികളെ ഏറെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.

അതേസമയം, സിനിമാ തിയറ്ററുകൾ ചൊവ്വാഴ്ച തുറക്കുമ്പോൾ 85 മലയാളം സിനിമകളാണ് റിലീസിന് കാത്തിരിക്കുന്നത്. മമ്മൂട്ടിയുടെ വൺ, പ്രീസ്റ്റ്, ഫഹദ് ഫാസിലിന്റെ മാലിക്, ദുൽഖർ സൽമാന്റെ കുറുപ്പ്, ജയസൂര്യ നായകനായ വെള്ളം എന്നിവയെല്ലാം റിലീസ് ചെയ്യുമെന്നാണ് സൂചന.

Top