മുഴുവനായും ഐ ഫോണിൽ ഷൂട്ട് ചെയ്യും.ഡിജിറ്റൽ റിലീസും.ഫഹദ് ഫാസിലിന്റെ വീട്ടിൽ സെറ്റൊരുങ്ങും.

കൊച്ചി:ലോക്ക്ഡൗണിന് ശേഷമുള്ള സിനിമ എങ്ങനെയാവും എന്ന സൂചന നൽകുകയാണ് ഫഹദ്-മഹേഷ് നാരായണൻ കൂട്ടുകെട്ടിന്റെ മൂന്നാമത് ചിത്രമായ ‘സീ യു സൂൺ’.ഈ സിനിമ മുഴുവനായും ഐ ഫോണിൽ ചിത്രീകരിക്കും. മനോഹരമായ ലൊക്കേഷനുകൾ തേടി കാതങ്ങൾ താണ്ടിയ സിനിമയും ഈ ചിത്രത്തോടെ മാറിമറിയുകയാണ്. ഈ വരുന്ന ഞായറാഴ്ച മുതൽ ഫഹദിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും

ഒരുമണിക്കൂറോളം ദൈർഘ്യം ഉണ്ടാവും. കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസൃതമായാവും ഷൂട്ടിംഗ് പുരോഗമിക്കുക. റിലീസിനുമുണ്ട് പ്രത്യേകത. സമ്പൂർണ്ണ ഡിജിറ്റൽ റിലീസിനായി അണിയിച്ചൊരുക്കുന്ന സിനിമയാണിത്. ടേക്ക് ഓഫ്, മാലിക് സിനിമകൾക്ക് ശേഷമുള്ള മറ്റൊരു ഫഹദ്-മഹേഷ് ചിത്രമാണിത്. എന്നാൽ മാലിക് തിയേറ്ററിൽ തന്നെയാവും റിലീസ് ചെയ്യുക എന്ന് സംവിധായകൻ അറിയിച്ചു.

സിനിമാ മേഖലയെ വൻ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടാണ് കോവിഡ് വ്യാപനവും ഒപ്പം ലോക്ക്ഡൗണും കടന്നുവന്നത്. തിയേറ്ററിൽ ഓടിക്കൊണ്ടിരുന്ന സിനിമകൾ പിൻവലിച്ചു കൊണ്ടായിരുന്നു തുടക്കം. റിലീസുകൾ മാറ്റിവയ്ക്കുകയും ഷൂട്ടിംഗ് നിർത്തിവയ്ക്കുകയും ചെയ്യേണ്ട അവസ്ഥയുണ്ടായി. സിനിമാ മേഖലയിൽ ദിവസവേതനത്തിന് ജോലിചെയ്യുന്ന ഒട്ടേറെപ്പേർക്ക് വരുമാനം നഷ്‌ടപ്പെടുത്തിക്കൊണ്ടാണ് പിന്നീടുള്ള നാളുകൾ കടന്നു പോയത്

ഒടുവിൽ 2020 മെയ് അഞ്ചുമുതൽ പോസ്റ്റ് പ്രൊഡക്ഷൻ പുനഃരാരംഭിക്കാൻ സർക്കാർ അനുമതി നൽകി. അൺലോക്കിന്റെ ആദ്യ ഘട്ടത്തിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി ഷൂട്ടിംഗ് തുടങ്ങാൻ അനുവദിച്ചു. ജൂൺ 15 മുതലായിരുന്നു ഇൻഡോർ ഷൂട്ടിങ്ങിന്റെ ആരംഭം.അനിശ്ചിതാവസ്ഥക്കിടയിലും ഇക്കഴിഞ്ഞ ദിവസമുണ്ടായ മൂന്ന് പുതിയ ചിത്രങ്ങളുടെ പ്രഖ്യാപനം ശുഭ സൂചകമായാണ് സിനിമാമേഖല കാണുന്നത്. മഹേഷ് നാരായണനും ഫഹദ് ഫാസിലും ഒന്നിക്കുന്ന ‘സീ യു സൂൺ’, ആഷിക് അബു-ഹര്‍ഷദ് കൂട്ടുകെട്ടിന്റെ ‘ഹാഗര്‍’, ഉണ്ട സംവിധാനം ചെയ്ത ഖാലിദ് റഹ്മാന്റെ പുതിയ ചിത്രം എന്നിവയാണ് പ്രഖ്യാപിച്ചത്. ഇതിനുപുറമെ, ആഷിഖ് അബു-പൃഥ്വിരാജ് ചിത്രം ‘വാരിയംകുന്നൻ’ 2021ൽ ഷൂട്ടിംഗ് ആരംഭിക്കും.

Top