കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച കന്യാസ്ത്രീകള്‍ക്കും പുരോഹിതര്‍ക്കുമെതിരെ നടപടികളുടെ പരമ്പര. സമരവേദിയിലെത്തി പിന്തുണ അറിയിച്ച യൂഹാനോന്‍ റമ്പാനെ യാക്കോബായ സഭ പൊതുപരിപാടികളില്‍ നിന്ന് വിലക്കി. വിലക്ക് ലംഘിച്ചാല്‍ അച്ചടക്കനടപടിയുണ്ടാകുമെന്ന് രേഖാമൂലം താക്കീതും നല്‍കി.
പാത്രിയാര്‍ക്കീസ് ബാവയുടെ നിര്‍ദേശപ്രകാരമാണ് നടപടി. റമ്പാന്‍ന്മാര്‍ ദയറകളില്‍ പ്രാര്‍ഥിച്ചുകഴിയേണ്ടവരാണെന്ന് സഭാനേതൃത്വം അറിയിച്ചു. അതേസമയം നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് യുഹാനോന്‍ റമ്പാന്‍ പ്രതികരിച്ചു. ചര്‍ച്ച് ആക്ട് നടപ്പാക്കുന്നതിനുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ ചില ബിഷപ്പുമാരുടെ ഭാഗത്തുനിന്നുണ്ടായ വലിയ സമ്മര്‍ദമാണ് ഇത്തരമൊരു നിര്‍ദേശം തനിക്കു നല്‍കാന്‍ സഭാനേതൃത്വത്തെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. സമരത്തിന്റെ മുന്‍നിരയിലേക്ക് ആദ്യം വന്നപ്പോള്‍ തന്നെ കേരളത്തിലെ ചില ബിഷപ്പുമാരുടെ ഭാഗത്തുനിന്നും സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍, പോരാട്ടത്തില്‍ പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കന്യാസ്ത്രീകളുടെ സമരത്തിന് ആദ്യം മുതല്‍ക്കേ യുഹാനോന്‍ റമ്പാന്‍ പിന്തുണ നല്‍കിയിരുന്നു. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍നിന്നും ഇദ്ദേഹത്തിന് നേതൃത്വം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
അതിനിടെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തതിന് പള്ളിയുമായി ബന്ധപ്പെട്ട ചുമതലകളില്‍നിന്ന് തന്നെ വിലക്കിയെന്ന ആരോപണവുമായി സിസ്റ്റര്‍ ലൂസി കളപ്പുര ഞായറാഴ്ച രാവിലെ രംഗത്തെത്തി.
മാനന്തവാടി സീറോ മലബാര്‍ രൂപതയിലെ കാരയ്ക്കാമല മഠം അന്തേവാസിയും ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ അംഗവുമാണ് സിസ്റ്റര്‍ ലൂസി. വേദപാഠ അധ്യാപനം, വിശുദ്ധ കുര്‍ബാന നല്‍കല്‍ എന്നിവയില്‍നിന്നാണ് സിസ്റ്റര്‍ ലൂസിയെ വിലക്കിയത്.