
തിരുവനന്തപുരം: പിസി ജോര്‍ജ് നടത്തിയ ജാതീയ പരാമര്‍ശത്തില്‍ കേസ്. ഒരു ചാനലിന്റെ വെബ്‌പോര്‍ട്ടലിന് അനുവദിച്ച അഭിമുഖത്തിലാണ് പിസി ജോര്‍ജ് ജാതീയ പരാമര്‍ശം നടത്തിയത്. സംഭവത്തിനെതിരെ അഡ്വ. സജി ചോരമനാണ് നിയമസഭ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. പട്ടികജാതി അട്രോസിറ്റി ആക്ട് പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.
വൈദികരുടെ നീക്കം സഭയില്‍ വിഘടനത്തിന് കാരണമാകില്ലേ എന്ന ചോദ്യത്തിനായിരുന്നു പി.സി ജോര്‍ജ്ജ് അധിക്ഷേപപരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. വൈദികനെ സംബന്ധിച്ച് നടത്തിയ പരാമര്‍ശം പുലയ സമുദായത്തില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ക്കെതിരെ സമൂഹത്തില്‍ വിദ്വേഷവും മോശമായ അഭിപ്രായവും ജനിപ്പിക്കണമെന്ന മനപൂര്‍വ്വമായ ഉദ്ദേശത്തോടും കരുതലോടും കൂടി പറഞ്ഞിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സജി ചേരമാന്റെ പരാതി.
‘സഭയില്‍ എന്ത് വിഘടനമുണ്ടാകാനാണ്? ഞാന്‍ പറഞ്ഞില്ലേ, പുലയ സ്ത്രീയില്‍ ജനിച്ചവനാണ് ഈ വൈദികന്‍. അവരൊക്കെ പറഞ്ഞാല്‍ ഇവിടെ കത്തോലിക്കരാരെങ്കിലും കേള്‍ക്കാനുണ്ടോ. അതൊക്കെ അവനൊക്കെ കത്തോലിക്കനാണെന്ന് പറയുന്നത് നാണക്കേടാണ്. അതൊന്നുമില്ലന്നേ. എറണാകുളം അങ്കമാലി രൂപതയില്‍ ചന്തകളായ കുറേ വൈദികരുണ്ട്. അവരുടെയൊക്കെ കുര്‍ബാന പോലും ഇനി ക്രിസ്ത്യാനിയെ കിട്ടാതാകും വലിയ താമസമില്ലാതെ. ഞാന്‍ പറയുമ്പോള്‍ അന്വേഷിക്കട്ടെ. ഈ ചന്തയാകുന്ന ഇവനെങ്ങനെയാ ഈ കുടുംബത്തിലെ മാന്യന്‍. അന്വേഷിച്ചപ്പോഴാ അവിടെ വേലയ്ക്ക് നിന്ന പുലയ സ്ത്രീയില്‍ ഉണ്ടായവനാ പോരേ. അവരുടെ വൈദികനെ, എങ്ങനെ നന്നാകും സഭ’ തുടങ്ങിയ പരാമര്‍ശങ്ങളായിരുന്നു പി.സി ജോര്‍ജ് നടത്തിയത്.
എം.എല്‍.എയുടെ പ്രസ്താവന പുലയ സമുദായത്തില്‍പ്പെട്ട തനിക്കും മറ്റ് അനേകമാളുകള്‍ക്കും കടുത്ത മനോവിഷമവും മാനഹാനിയും ഉളവാക്കിയിട്ടുള്ളതാണെന്നും അതുകൊണ്ട് എസ്.സി-എസ്.ടി അമന്റ്മെന്റ് ആക്ട് 2015 എസ് 4 പ്രകാരം ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് പരാതിക്കാരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വ്യാഴാഴ്ചയാണ് സജി ചെറിയാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. താന്‍ അയച്ച പരാതി സ്പീക്കര്‍ പൊലീസിനു കൈമാറുകയാണു വേണ്ടതെന്ന് സജി ചേരമാന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. ‘എം.എല്‍.എ എന്ന നിലയില്‍ പി.സി ജോര്‍ജ്ജിനു ചില പ്രിവിലേജുകളുണ്ട്. അതുകൊണ്ട് തന്നെയാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. സ്പീക്കര്‍ ആ പരാതി പൊലീസിനു കൈമാറുമെന്നാണ് കരുതുന്നത്’ സജി ചേരമാന്‍ പറഞ്ഞു. നടപടികള്‍ ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ നേരിട്ടുള്ള നിയമ മടപടികള്‍ സ്വീകരിക്കുന്നതാണെന്നും സജി ചോരമന്‍ പറഞ്ഞു.