എരുമേലിയിലൂടെ ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തിവിടില്ല, വെല്ലുവിളിച്ച് പി.സി ജോര്‍ജ്; ചൊവ്വാഴ്ച്ച എരുമേലിയില്‍ പിസിയുടെ ഉപവാസം

പന്തളം: ശബരിമലയിലെ സ്ത്രീ പ്രവേശനം ശരിവെച്ച സുപ്രീം കോടതി വിധിയില്‍ കേരളം പുകയുകയാണ്. നാടെങ്ങും പ്രതിഷേധവും സോഷ്യല്‍ മാഡിയയില്‍ ചര്‍ച്ചകളും പൊങ്കാലകളും സജീവമാകുകയാണ്. തന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എരുമേലി വഴി ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തി വിടില്ലെന്ന് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. പന്തളം രാജകുടുംബം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കിതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്നും അടുത്ത ചൊവ്വാഴ്ച എരുമേലിയില്‍ ഉപവസിക്കുമെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു,

പന്തളം രാജകുടുംബത്തിന്റെ നേതൃത്വത്തില്‍ പന്തളം മെഡിക്കല്‍ മിഷന്‍ പരിസരത്ത് നിന്ന് വലിയ കോയിക്കല്‍ ക്ഷേത്രത്തിലേക്കാണ് നാമജപയാത്ര നടത്തിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി ഭക്തരാണ് ഈ യാത്രയില്‍ പങ്കെടുത്തത്. ശബരിമല വിഷയത്തില്‍ കോടതിയല്ല ആചാര്യന്മാരും പന്തളം കൊട്ടാരവും തന്ത്രിയും ചേര്‍ന്നാണ് തീരുമാനമെടുക്കേണ്ടത് എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കൊച്ചിയില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. ആലപ്പുഴയില്‍ പ്രതിഷേധിക്കാന്‍ ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Top