തിരികെ ശബരിമലയിലേക്ക് പോകണമെന്ന് ബിന്ദുവും കനകദുര്‍ഗ്ഗയും; പോലീസ് തടഞ്ഞുവച്ചിരിക്കുന്നതായി പരാതി

ശബരിമല ദര്‍ശനത്തിന് എത്തി തിരിച്ചിറങ്ങിയ ബിന്ദുവിനും കനകദുഗര്‍യ്ക്കും യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ഇവരെ ആശുപത്രിയില്‍ തുടരാന്‍ നിര്‍ബന്ധിക്കുകയാണ് പോലീസ്. ഇവര്‍ക്ക് ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങാനാകുന്നില്ല. തിരികെ ശബരിമലയില്‍ പോകണമെന്നാണ് ഇരുവരും ആവശ്യപ്പെടുന്നത്.

തങ്ങളെ അന്യായമായി തടവില്‍ വെച്ചിരിക്കുകയാണെന്നാണ് ബിന്ദുവിന്റെ ആരോപണം. കോട്ടയം മെഡിക്കല്‍ കോളേജില്‍ ബിന്ദുവുമായി പോലീസും തര്‍ക്കിക്കുന്ന ശബ്ദരേഖ സ്വകാര്യ ചാനല്‍ പുറത്ത് വിട്ടു. ആശുപത്രിയിലും പ്രതിഷേധക്കാര്‍ ശരണം വിളിയുമായി ഇരച്ചുകയറി. ഇവരെ കൊണ്ടു വന്ന ആംബുലന്‍സിന് നേരെ പ്രതിഷേധക്കാര്‍ ചീമുട്ടയെറിഞ്ഞു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു.

ഇസിജി അടക്കമുള്ള പരിശോധനകള്‍ നടത്തി ഇരുവര്‍ക്കും ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇരുവരേയും ഡോക്ടര്‍മാര്‍ ഡിസ്ചാര്‍ജ് ചെയ്തിട്ടും പോലീസ് ഇരുവരേയും കാഷ്വാലിറ്റിയില്‍ തടഞ്ഞുവെക്കുകയാണ്.

തങ്ങള്‍ക്കെന്താണ് സമഭവിച്ചതെന്ന് കാഷ്വാലിറ്റിയില്‍ നിന്നും പുറത്തുവന്ന് മാധ്യമങ്ങളോട് പറയണമെന്നാണ് ഇരുവരുടേയും ആവശ്യം. ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇരുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം, തങ്ങളുടെ സമ്മതത്തോടെയല്ല ഇവരെ ആശുപത്രിയില്‍ എത്തിച്ചതെന്ന് ബിന്ദുവും കനകദുര്‍ഗയും പറയുന്നു.

Top