തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദ്ദിച്ച കേസില്‍ വഴിത്തിരിവ്. ഐജിയുടെ മകള്‍ സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറെ കണ്ടെത്തിയിരിക്കുകയാണ് പൊലീസ്. പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച ശേഷം എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ദ്ധ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറെയാണ് പൊലീസ് കണ്ടെത്തിയത്.
ഡ്രൈവറെ കണ്ടത്തിയതിന് പുറമേ ഓട്ടോയും എ.ഡി.ജി.പിയുടെ വാഹനം കടന്നുപോയ പേരൂര്‍ക്കടയിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. പെണ്‍കുട്ടി മൊബൈലുമായി എത്തിയെന്ന് ഓട്ടോ ഡ്രൈവര്‍ പൊലീസീന് മൊഴി നല്‍കി. സംഭവത്തിന് ഓട്ടോ ഡ്രൈവര്‍ ദൃക്‌സാക്ഷിയാണെന്ന് മര്‍ദ്ദനമേറ്റ ഗവാസ്‌കറും മൊഴി നല്‍കിയിരുന്നു.
എ.ഡി.ജി.പിയുടെ ഭാര്യയേയും മകള്‍ സ്‌നിഗ്ദ്ധയേയും കനകക്കുന്നില്‍ നടക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. തലേദിവസം സ്‌നിഗ്ദ്ധയുടെ കായിക ക്ഷമതാ വിദഗ്ദ്ധയുമായി ഗവാസ്‌കര്‍ സൗഹൃദ സംഭാഷണം നടത്തിയതില്‍ അനിഷ്ടം പ്രകടിപ്പിച്ച സ്‌നിഗ്ദ്ധ അപ്പോള്‍ മുതല്‍ ഗവാസ്‌കറിനെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തിരുന്നു.
സംഭവദിവസം രാവിലെ കനകക്കുന്നില്‍വച്ചും സ്‌നിഗ്ദ്ധ അസഭ്യം പറയല്‍ തുടര്‍ന്നു. ഇതിനെ ഗവാസ്‌കര്‍ എതിര്‍ക്കുകയും ഇനിയും അസഭ്യം പറയല്‍ തുടര്‍ന്നാല്‍ വാഹനം ഓടിക്കില്ലെന്നും പറഞ്ഞു. ഇതില്‍ പ്രകോപിതയായ സ്‌നിഗ്ദ്ധ വണ്ടിയില്‍ നിന്ന് ഇറങ്ങി ഗവാസ്‌കറിനോട് വാഹനത്തിന്റെ താക്കോല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഔദ്യോഗിക വാഹനം വിട്ടുനല്‍കാന്‍ ഗവാസ്‌കര്‍ തയ്യാറായില്ല. ഇതോടെ സ്‌നിഗ്ദ്ധ ഓട്ടോയില്‍ കയറിപ്പോയി. എന്നാല്‍ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ മറന്ന സ്‌നിഗ്ദ്ധ വീണ്ടും വാഹനത്തിനടുത്തേക്ക് തിരിച്ചെത്തി. വാഹനത്തില്‍ നിന്ന് മൊബൈല്‍ എടുത്ത ശേഷം ഒരു പ്രകോപനവും ഇല്ലാതെ ഗവാസ്‌കറിന്റെ കഴുത്തില്‍ മൊബൈല്‍ വച്ച് ഇടിക്കുകയുമായിരുന്നു. ഇതിന് ഓട്ടോ ഡ്രൈവര്‍ സാക്ഷിയായിരുന്നു. എ.ഡി.ജി.പിയുടെ മകളുടെ അറസ്റ്റ് ഒഴിവാക്കാന്‍ ക്രൈംബ്രാഞ്ച് തീവ്രശ്രമം നടത്തുന്നതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കേസിലെ മുഖ്യസാക്ഷികളിലൊരാളായ ഓട്ടോ ഡ്രൈവറെ കാണാതായത്.