തിരുവനന്തപുരം:ചീഫ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും എതിര്‍പ്പ് അവഗണിച്ച് വിജിലന്‍സ് ഡയറക്‌ടറായി എ.ഡി.ജി.പിക്കു നിയമനം നല്‍കിയത് വിവാദമാകുന്നു. മുന്‍മന്ത്രി കെ.എം. മാണി, മന്ത്രി കെ. ബാബു എന്നിവരുള്‍പ്പെട്ട ബാര്‍ കോഴക്കേസ് അട്ടിമറിക്കുന്നെന്ന ആരോപണം ശക്‌തിപ്പെടുന്നതിനിടെ വിജിലന്‍സ് ഡി.ജി.പി. തസ്‌തികയില്‍ ഒരു എ.ഡി.ജി.പിയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവു പുറത്തിറങ്ങിയത് . ഉത്തരമേഖലാ എ.ഡി.ജി.പിയായിരുന്ന എന്‍. ശങ്കര്‍ റെഡ്‌ഡിയെയാണ് വിജിലന്‍സ് ഡയറക്‌ടറുടെ പൂര്‍ണചുമതല നല്‍കി നിയമിച്ചത്. ചീഫ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും എതിര്‍പ്പ് അവഗണിച്ചാണു നിയമനം.
ഡി.ജി.പി. റാങ്കിലുള്ള ആളെ മാത്രമേ വിജിലന്‍സ് ഡയറക്‌ടറായി നിയമിക്കാനാകൂ എന്നാണു ചട്ടം. ലോക്‌നാഥ് ബെഹ്‌റ, ജേക്കബ് തോമസ്, ഋഷിരാജ് സിങ് എന്നിവരില്‍ ഒരാളെയാണു വിജിലന്‍സ് ഡയറക്‌ടറായി പരിഗണിക്കേണ്ടിയിരുന്നത്. വിജിലന്‍സ് മേധാവിയുടേത് ഡി.ജി.പിയുടെ കേഡര്‍ തസ്‌തികയുമാണ്. ഇതൊന്നും ശങ്കര്‍ റെഡ്‌ഡിയെ നിയമിക്കുന്ന കാര്യത്തില്‍ ബാധകമായില്ല.ബാര്‍ കോഴക്കേസില്‍ കോടതിയുടെ നിശിത വിമര്‍ശനത്തെത്തുടര്‍ന്നു വിജിലന്‍സ് ഡയറക്‌ടര്‍ വിന്‍സന്‍ എം. പോള്‍ സ്‌ഥാനമൊഴിഞ്ഞതിനു പകരമാണ് നിയമനം.
മന്ത്രി കെ. ബാബുവിനെതിരേ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് ഹൈക്കോടതിയുടെ നിര്‍ദേശമുണ്ടായാല്‍ വിശദാന്വേഷണം നടത്തേണ്ടിവരും. ഇത് മുന്നില്‍ക്കണ്ടാണ് വിജിലന്‍സ് തലപ്പത്ത് സര്‍ക്കാര്‍ നടത്തിയിരിക്കുന്ന അഴിച്ചുപണി. ശങ്കര്‍ റെഡ്‌ഡിയുടെ നിയമനത്തെ ചീഫ് സെക്രട്ടറി ജിജി തോംസണും ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയും ശക്‌തിയായി എതിര്‍ത്തു. ജയില്‍ മേധാവിയും ഡി.ജി.പിയുമായ ലോക്‌നാഥ് ബഹ്‌റയെ വിജിലന്‍സ് മേധാവിയായി നിയമിക്കണമെന്നായിരുന്നു പോലീസ് തലപ്പത്തുനിന്ന് ഉണ്ടായ ആവശ്യം.
സര്‍ക്കാര്‍ അത് തള്ളിക്കളഞ്ഞു. അതേസമയം, ദീര്‍ഘകാലം വിജിലന്‍സ് എ.ഡി.ജി.പിയായിരുന്ന ശങ്കര്‍ റെഡ്‌ഡിയെ നിയമിക്കുന്നതില്‍ അപാകതയില്ലെന്ന നിലപാടാണ് ആഭ്യന്തരവകുപ്പിനുള്ളത്. ശങ്കര്‍ റെഡ്‌ഡിക്കു പകരം ഉത്തരമേഖലാ എ.ഡി.ജി.പിയായി നിഥിന്‍ അഗര്‍വാളിനെ നിയമിച്ചു. എസ്.സി.ആര്‍.ബിയുടെ ചുമതല വഹിക്കുകയായിരുന്നു നിഥിന്‍. ഇന്റലിജന്‍സ് ഇന്റേണല്‍ സെക്യൂരിറ്റി ഐ.ജി: മഹിപാല്‍ യാദവാണ് എറണാകുളം ഐ.ജി: എം.ആര്‍. അജിത്‌കുമാറിനെ തൃശൂരിലും നിയമിച്ചു. തിരുവനന്തപുരം കമ്മിഷണര്‍ എച്ച്. വെങ്കിടേഷിനെ ഐ.ജിയായി സ്‌ഥാനക്കയറ്റം നല്‍കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ വകുപ്പുതല പ്രമോഷന്‍ കമ്മിറ്റി ശിപാര്‍ശ ചെയ്‌തു. വെങ്കിടേഷിനെ കണ്ണൂര്‍ ഐ.ജിയായി നിയമിക്കും.