കൂടത്തായി കൂട്ടക്കൊലപാതക കേസിൽ ജോളിക്കെതിരായ തെളിവുകൾ ശേഖരിക്കുക എന്നത് പോലീസിന് മുന്നിൽ ഇപ്പോൾ കീറാമുട്ടിയായി നിൽക്കുന്ന പ്രശ്നമാണ്. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹറയും പറയുന്നുണ്ട്. വളരെ കുറച്ച് തെളിവുകള്‍ മാത്രമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
ഫോറന്‍സിക് പരിശോധനയില്‍ എത്ര മാത്രം വിഷാംശമുണ്ടെന്ന് കണ്ടെത്തുക പ്രയാസമാണെന്നും അദ്ദേഹം ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകങ്ങള്‍ നടന്ന പൊന്നാമറ്റം വീട് സന്ദര്‍ശിച്ച ശേഷമാണ് പോലീസിന് മുന്നിലെ വെല്ലുവിളികൾ ഡിജിപി തന്നെ തുറന്ന് പറഞ്ഞത്. സയനൈഡുകള്‍ മൃത ശരീരത്തില്‍ നിന്നും കണ്ടെത്താന്‍ സാധിക്കുമോ എന്നുള്ള ചോദ്യത്തിന് താന്‍ ഒരു വിദഗ്ദ്ധന്‍ അല്ലെന്നും അത് അവരോട് ചോദിക്കണമെന്നും ഡിജിപി പറഞ്ഞു. ആവശ്യമെങ്കില്‍ ഫോറന്‍സിക് ഫലങ്ങള്‍ക്കായി സാമ്പിളുകൾ വിദേശത്ത് അയക്കുമെന്നും ഡിജിപി അറിയിച്ചു.
പ്രാഥമിക അന്വേഷണം മാത്രമാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു കേസ് അന്വേഷിച്ച് കണ്ടെത്തിയ അന്വേഷണ സംഘത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇതുവരെയുള്ള അന്വേഷണത്തില്‍ തങ്ങള്‍ സംതൃപ്തരാണെന്നും ഡിജിപി പറയുന്നു. ആറ് അന്വേഷണസംഘമാണ് ഇപ്പോള്‍ കൂടത്തായി കേസ് അന്വേഷിക്കുന്നത്. ആവശ്യമാണെങ്കില്‍ സംഘത്തെ വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസന്വേഷണം ഒരു നദി പോലെയാണെന്നും അതിന് പല ശാഖകള്‍ ഉണ്ടാകുമെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ കൂട്ടക്കൊലകേസിൽ ജോളിയ്ക്ക് മതിയായ ശിക്ഷവാങ്ങി നൽകാൻ അന്വേഷണ സംഘത്തിനാവില്ലെന്നാണ് പുറത്തുവരുന്ന വിവരം. എല്ലാ കൊലപാതകങ്ങളും താനാണ് ചെയ്തതെന്ന് ജോളി സമ്മതിച്ചെങ്കിലും അതൊന്നും കോടതിയിൽ തെളിവാകില്ല. എല്ലാ കുറ്റങ്ങളും ഏറ്റെടുത്തതും സംശയിക്കാവുന്ന കാര്യമാണ്. ജോളിക്കായി ഹാജരാകുന്ന അഡ്വക്കേറ്റ് ആളൂരിൻ്റെ നിർദ്ദേശപ്രകാരമാണ് ജോളി കുറ്റങ്ങൾ ഏറ്റെടുത്തതെന്നും സൂചനകളുണ്ട്. കസ്റ്റഡിയിൽ പറയുന്നതൊക്കെയും കോടതിയിൽ നിഷേധിക്കാനാവും. ഇത്തരത്തിൽ ഏല്ലാം ഏറ്റെടുത്ത് ചെയ്ത കുറ്റങ്ങൾ കൂടി മറയ്ക്കാനാണ് ജോളിയുടെ ശ്രമെന്നും കരുതുന്നവരുണ്ട്. ഇതിന് പിന്നിൽ ആളൂരിൻ്റെ ബുദ്ധിയാണ് പ്രവർത്തിച്ചതെന്നാണ് സൂചന. ഇത്രയും നീണ്ട കാലയളവിൽ നടന്ന കൊലപാതകങ്ങൾ തെളിയിക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്.
കൂടത്തായി കൂട്ടക്കൊലയില്‍ ആറുപേരുടെ മരണത്തെക്കുറിച്ചാണ് ഇപ്പോൾ പ്രധാനമായും അന്വേഷണം നടക്കുന്നത്. അന്വേഷണത്തിനിടെ ഉയര്‍ന്നു വന്ന അനുബന്ധ മരണങ്ങളും അവയ്ക്ക് പിന്നിലെ ദുരൂഹതയും പുറത്തുകൊണ്ടുവരിക അന്വേഷണ ഉദ്യോഗസ്ഥരുടെ ബാധ്യതയാണെങ്കിലും ഈ ഘട്ടത്തില്‍ ഇക്കാര്യത്തില്‍ വേണ്ടത്ര പ്രധാന്യം അന്വേഷണസംഘം നല്‍കാന്‍ ഇടയില്ല. കേസന്വേഷണത്തെക്കുറിച്ചും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പറയണമെങ്കില്‍ ആമുഖമായി ആറുപേരുടെയും മരണത്തെക്കുറിച്ചും പ്രതിയുടെ വെളിപ്പെടുത്തലിനെക്കുറിച്ചും അറിയേണ്ടതുണ്ട്.
2002 ഓഗസ്‌റ്റ് 22 നാണ് ജോളി ആദ്യ കൊലപാതകം നടത്തിയത്. ആദ്യഭര്‍ത്താവ് റോയി തോമസിന്റെ മാതാവ് പൊന്നാമറ്റത്തെ അന്നമ്മയാണ് കൊല്ലപ്പെട്ടത്. ആട്ടിന്‍സൂപ്പില്‍ കീടനാശിനി കലര്‍ത്തി നല്‍കി എന്ന് പ്രതി തന്നെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. 2008 ഓഗസ്‌റ്റ് 26 നായിരുന്നു രണ്ടാമത്തെ കൊലപാതകം. റോയിയുടെ പിതാവ് പൊന്നാമറ്റം ടോം തോമസാണ് കൊല്ലപ്പെട്ടത്. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയാണ് ടോം തോമസിനെ കൊലപ്പെടുത്തിയതെന്ന് ജോളി അന്വേഷണ സംഘത്തോട് സമ്മതിച്ചു.
2011 സെപ്‌റ്റംബര്‍ 30 നാണ് മൂന്നാമത്തെ കൊലപാതകം അരങ്ങേറിയത്. മുഖ്യ പ്രതി ജോളിയുടെ ഭര്‍ത്താവ് റോയി തോമസായിരുന്നു ഇര. ഇത്തവണയും ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തിക്കൊടുത്താണ് പ്രതി കൃത്യം നിര്‍വഹിച്ചത്, ഈ സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിച്ചിട്ടുണ്ട്. റോയിയുടെ ശരീരത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്തിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
2014 ഫെബ്രുവരി 24 നായിരുന്നു നാലാമത്തെ കൊലപാതകം അരങ്ങേറിയത്. ആദ്യം കൊല്ലപ്പെട്ട അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയിലായിരുന്നു ജോളിയുടെ ഇത്തവണത്തെ ഇര. റോയിയുടെ മരണത്തില്‍ സംശയം ഉന്നയിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്ത വ്യക്തിയായിരുന്നു മാത്യു മഞ്ചാടിയില്‍. അത് തന്നെയായിരുന്നു കൊലപാതകത്തിലേക്ക് പ്രതിയെ നയിച്ച പ്രേരണ. ഇരയെ വേട്ടയാടുന്നതിന് മുമ്പ് ഒരു സംശയവും വരാതിരിക്കാന്‍ പ്രതി ഇരയ്ക്കൊപ്പം മദ്യപിക്കുക പതിവായിരുന്നെന്നും പോലീസ് പറയുന്നു. കൃത്യം നടപ്പിലാക്കുന്നതിന് രണ്ട് ദിവസം മുമ്പും ഇരുവരും ഒരുമിച്ച് മദ്യപിച്ചിരുന്നു. മദ്യത്തില്‍ സയനൈഡ് കലര്‍ത്തിയാണ് മാത്യു മഞ്ചാടിയിലിനെ വകവരുത്തിയതെന്ന് ജോളി പോലീസിനോട് പറഞ്ഞിട്ടുണ്ട്.
2014 മേയ് 3 നാണ് അഞ്ചാമത്തെ കൊലപാതകം. രണ്ടാമത് കൊല്ലപ്പെട്ട ടോം തോമസിന്റെ സഹോദരന്‍ സക്കറിയുടെ വീട്ടിലാണ് ഈ കൊലപാതകം നടന്നത്, സക്കറിയയുടെ മകന്‍ ഷാജുവിന്റെ ഇളയ മകള്‍ വെറും പത്ത് മാസം മാത്രം പ്രായമുള്ള ആല്‍ഫൈന്‍ ഷാജുവായിരുന്നു ഇത്തവണ ജോളിയുടെ ഇര. കുട്ടിക്ക് ഇറച്ചിക്കറിയില്‍ മുക്കിയ ബ്രഡ് ജോളി കൊടുക്കുന്നത് കണ്ടുവെന്ന് ദൃക്സാക്ഷി മൊഴിയുണ്ട്. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ജോളി പറഞ്ഞെങ്കിലും ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തില്‍ സയനൈഡ് നല്‍കിയതായി ഓര്‍മയില്ലെന്നും പ്രതി പറഞ്ഞിരുന്നു.
2016 ജനുവരി 11 നാണ് കൊലപാതക പരമ്പരയിലെ ആറാമത്തെയും അവസാനത്തെയും കൊലപാതകം നടന്നത്. ഷാജുവിന്റെ ഭാര്യ സിലിയാണ് കൊല്ലപ്പെട്ടത്. ദന്താശുപത്രിയില്‍ വച്ച് ഗുളികയില്‍ സയനൈഡ് പുരട്ടി സിലിക്ക് നല്‍കിയെന്നാണ് പ്രതിയുടെ കുറ്റമ്മതം. സിലിയുടെ മരണശേഷം കൃത്യം ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ പ്രതി ജോളി ഷാജുവിനെ വിവാഹം കഴിക്കുകയും ചെയ്തു.
ഈ സംഭവങ്ങളില്‍ റോയി തോമസിന്റെ കൊലപാതകം ഒഴികെ മറ്റ് സംഭവങ്ങള്‍ എങ്ങനെ തെളിയിക്കും, തെളിവുകള്‍ എങ്ങനെ ശേഖരിക്കും, ഇതൊക്കെയാണ് അന്വേഷണ സംഘത്തിനുമുന്നിലുള്ള പ്രധാന വെല്ലുവളി.